About Me

My photo

A lover of nature and colors..

Sunday, 13 August 2017

അജ്ഞാത പരിചിതൻ..


വടക്റ്റത്തന്നുള്ള മടക്കയാത്രയിൽ ആയിരുന്നു.. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള തീവണ്ടിയാത്ര.. കാലേക്കൂട്ടി സീറ്റുറപ്പിക്കൽ ഇത്തവണ ഒത്തില്ല.. ടിക്കറ്റെടുക്കാൻ വരിയിൽ നിൽക്കുമ്പോഴേക്കും തീവണ്ടി പ്ളാറ്ഫോമിൽ എത്തി. തിരക്കിട്ടു സ്ലീപ്പർ ടിക്കറ്റെടുത്തു കയറിയിരുന്നു..


യാത്രകൂലി കാലത്തെടുത്തതിനെക്കാൾ വളരെ കുറവാണെന്നു തോന്നിയെങ്കിലും സ്ലീപ്പർ എന്ന് ചോദിച്ചു വാങ്ങിയ ഉറപ്പിന്മേൽ യാത്ര തുടങ്ങി...
പകുതിയിലധികം ദൂരം താണ്ടിക്കഴിഞ്ഞാണ് പരിശോധകൻ എത്തിയതും കയ്യിലുള്ളത് ജനറൽ ടിക്കറ്റാണെന്നു മനസ്സിലായതും... അബദ്ധം/പരിചയക്കുറവ്  മനസ്സിലാക്കിയാവണം അടുത്ത സ്റ്റേഷനിൽ ഇറങ്ങി ജനറലിൽ കയറാനുള്ള താക്കീതിൽ നടപടി ഒതുങ്ങി കിട്ടി..


അടുത്ത സ്റ്റേഷനിൽ വണ്ടി നിറുത്തിയതും അനുസരണയുള്ള ശമര്യാക്കാരനായി ജനറൽ ലാക്കാക്കി വച്ചുപിടിച്ചു.. സ്ലീപ്പറുകൾക്കും ജനറലിനും നടുക്കുള്ള ശീതീകരിച്ച കോച്ചുകൾക്ക് അടുത്തെത്തിയപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങി.. മറ്റുവഴികൾ കാണാഞ്ഞ് ഏറ്റവും അവസാനത്തെ എസി കോച്ചിന്റെ വാതുക്കൽ നിലയുറപ്പിച്ചു....


എന്നെപോലെ തന്നെ അവിടെഎത്തിപെട്ട ഒരു സഹയാത്രികനുണ്ടായ അനുഭാവം എന്നെ സഹായിക്കാനുള്ള സന്നദ്ധതയിൽ അദ്ദേഹത്തെ എത്തിച്ചു.. അതിനുമടുത്ത സ്റ്റേഷനിൽ ഇറങ്ങി ജനറൽ കൈയ്യടക്കുവാൻ കിട്ടിയ സമയം കൊണ്ട് അദ്ദേഹം എന്നെ വാക്കാൽ പരിശീലിപ്പിച്ച്... വണ്ടി നിന്നതും ഉഷചേച്ചിയും നമ്പ്യാർ സാറും പരിശീലനത്തിനിടെ എന്നപോലെ രണ്ടുപേരും ഇറങ്ങി മുന്നിലേക്കോടി.. 


കൃത്യം ജനറലിനോട് ചേർന്ന എ1 കൊച്ചിനടുത്തു ആ ഓട്ടം തീർന്നു..  നീങ്ങി തുടങ്ങിയ വണ്ടിയിൽ നിവൃത്തികെട്ട് എ1 കോച്ചിൽ ഏന്തിവലിഞ്ഞുകയറി നിവർന്നത് കറുത്ത കോട്ടും വെളുത്ത ചിരിയുമണിഞ്ഞ റ്റീ റ്റിഈയുടെ മുഖത്തേക്ക്...  കുസൃതി ചിരിയോടെ കഥാവികാസം കേട്ട ആ മാന്യ ദേഹം കഥാന്ത്യത്തിൽ ക്ലാസ്സ് സമയത്ത് കാമ്പസ്സിൽ വച്ച് പിടിക്കപ്പെട്ട കൗമാരകമിതാക്കൾക്കെന്ന ഭാവേന കൂട്ടുപ്രതികൾക്കു ശിക്ഷ വിധിച്ചു.. "മം രണ്ടുപേരും തിരിഞ്ഞു നില്ക്കു.. എന്നിട്ടു നേരെ നടന്നോ... എങ്ങും നിന്നെക്കരുത്.."


അത്രയും നേരം സ്വസ്ഥമായി യാത്ര ചെയ്തുകൊണ്ടിരുന്നൊരാൾ എന്നെ സഹായിക്കാനുള്ള ഉദ്യമത്താൽ അപകടത്തിലായി എന്ന ചിന്ത എന്നെ അലട്ടി.. നിർദ്ദേശിക്കപ്പെട്ട വഴി നടക്കുമ്പോൾ ഒൻപതോ പത്തോ ബോഗികൾക്കപ്പുറത്തുള്ള പിന്നിലെ ജനറൽ കമ്പാർട്ട്മെന്റിലേക്കാണ് നാടുകടത്തപ്പെട്ടതെന്നും ട്രെയിൻ അടുത്ത് നില്ക്കാൻപോണത് അദ്ദേഹത്തിനിറങ്ങേണ്ടുന്ന സ്റ്റേഷനിൽ ആണെന്നും തുടർന്ന് വരുന്നത് എനിക്കിറങ്ങേണ്ടയിടം ആണെന്നും സഹയാത്രികൻ പറഞ്ഞറിഞ്ഞു.. എങ്കിൽ പിന്നെ പിറകിലേക്ക് നടക്കുന്നില്ലെന്ന് ഞാനും ഉറപ്പിച്ചു..

ഒളിംപിക്സ് പരിശീലനം കഴിഞ്ഞ ഉഷച്ചേച്ചിയുടെ വിജയത്വരയുമായി ഞാനും പരിശീലകന്റെ പ്രതീക്ഷയോടെ അപ്പോഴും അപരിചിതനായ ആ സഹയാത്രികനും സ്ലീപ്പറിന്റെ തുടക്കത്തിൽ നിലയുറപ്പിച്ചു..
തീവണ്ടിയുടെ വേഗം കുറഞ്ഞുതുടങ്ങിയപ്പോൾ തന്നെ അതുവരെ താങ്ങും തണലുമായതിനു സഹയാത്രികന്‌ നന്ദിപറഞ്ഞു..  


വണ്ടി സ്റ്റേഷനിൽ നിന്ന നിമിഷമാത്ര കൊണ്ട് ലക്ഷ്യപ്രാപ്തി കൈവരിച്ച എന്റെ കണ്ണുകൾ ആദ്യം തിരക്കിയത് എന്നെക്കാൾ എന്റെലക്ഷയപ്രാപ്തി ആഗ്രഹിച്ചു പ്രതീക്ഷയോടെ എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ആ മുഖമാണ്.. എന്റെ സുരക്ഷിത-യാത്ര ഉറപ്പാക്കിയ ആശ്വാസം നിറഞ്ഞ  ചിരി ആൾക്കൂട്ടത്തിൽ കണ്ടെത്തിയപ്പോൾ എന്റെ മുഖത്തും ചിരി പൊടിഞ്ഞു.. കൃതജ്ഞതയോടെ കൈ  വീശി യാത്ര പറയുമ്പോഴേക്കും തീവണ്ടി നീങ്ങിത്തുടങ്ങിയിരുന്നു.. 


കടപ്പാട് : നിമിഷമാത്രയുടെ സാന്നിദ്ധ്യത്താൽ അപരിചിതത്വം വിടാതെ തന്നെ ആത്മബന്ധം ബാക്കിനിർത്തി കടന്നുപോവുന്നവർക്കു

Saturday, 22 July 2017

വാവ് തർപ്പണം


ഉപയോഗശൂന്യമായ മറ്റു പല വസ്തുക്കളെയും പോലെ മാതാപിതാക്കളെയും ഉപേക്ഷിച്ചു കളഞ്ഞ മക്കളും ജീവനായോ ഒരു പക്ഷെ അതിലും വിലപ്പെട്ട മറ്റെന്തൊക്കെയോ പോലെയോ മാതാപിതാക്കളെ മരണം വരെ ശുശ്രൂഷിച്ചിരുന്ന മക്കളും ഒരേ നിരയിലിരുന്നു ശീലം പോലെ വര്ഷം തോറും ചെയ്തു തീർക്കുന്ന ചടങ്ങു....    വാവ് തർപ്പണം....


സമർപ്പണം മക്കൾ എന്ന പ്രത്യാശക്കുമേൽ സ്വന്തം  ആയുസ്സ്‌ അർപ്പിച്ച ഒരുപാട് മാതാപിതാക്കൾക്ക്..

Tuesday, 11 April 2017

പ്രസാദ ഊട്ട്...


ചമ്രപ്പടിയും തൂശനിലയും മേശയ്ക്കും കിണ്ണത്തിനും ഇടമൊഴിഞ്ഞു കൊടുത്തെങ്കിലും ഉത്സവസദ്യയിൽ ഇനിയും മാറാത്ത ഒന്നാണ് തള്ളിക്കയറ്റം... പൊരിവെയിലത്തും അത് പഴയ പ്രതാപത്തോടെ തുടരുന്നു...


 "ഓംനമഹ്‌ ശിവായ.. ഭക്ത ജനങ്ങൾ ദയവായി തിരക്ക്  കൂട്ടാതെ വരിപാലിച്ചു നിൽക്കേണ്ടതാണ് ..  മഴുവൻ ആളുകൾക്കും വേണ്ടുന്നത്ര  ഭക്ഷണം സംഘാടകർ ഒരുക്കിയിട്ടുണ്ട്.." തുടരെ തുടരെ ഉച്ച്ചഭാഷിണി പറഞ്ഞുകൊണ്ടിരുന്നു..
  
പ്രസാദ  ഊട്ട് കഴിഞ്ഞെത്തിയ പാടെ ഉണ്ണികൾ ഉറക്കമായി..  കുടിക്കാൻ കിട്ടിയ പായസം ഊട്ടു പുരയിലെ തിരക്ക് കാരണം അമ്മയും അമ്മമ്മയും വീട്ടിലേക്കു കൊണ്ടുവന്നു..  ഉറക്കമുണർന്ന  ഉണ്ണി അമ്മമ്മയുടെ പായസപാത്രം കാലിയാക്കി.. പിന്നാലെ അമ്മയുടെ പായസപാത്രത്തിൽ നിന്നും പങ്കു പറ്റാനും മറന്നില്ല.. കുമ്പ നിറഞ്ഞെന്നു തോന്നിയപ്പോൾ ഉച്ചഭാഷിണിയുടെ സഹായമില്ലാതെ ഒരറിയിപ്പ്.. "ഓം നമഹിവായാ.. അംബ്ലിത്തിലെ പാപ്പം ത്തീന്നു.. മേണ്ട"


രണ്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കായി സാരാംശം : ഇനി പായസം വേണ്ട..
          
കുഞ്ഞുങ്ങളുടെ മനസ്സ് ബ്ലോട്ടിംഗ് പെയ്പ്പർ പോലെയാ.. കിട്ടുന്നതത്രയും ഒപ്പിയെടുക്കും..

Thursday, 20 November 2014

ഓർമ്മക്കൂട്ട്‌..

ഒരുപാടൊന്നും സംസാരിക്കാറില്ലായിരുന്നിട്ടു കൂടി തസ്നിയോട്‌ എനിക്കൊരു സ്നേഹക്കൂടുതൽ തോന്നിയിരുന്നു... തസ്നിയുടെ ശബ്ധമാധുര്യം അറിഞ്ഞതോടെ അത്‌ അളവറിയാത്തത്ര അധികരിച്ച്‌... ആരൊരാൾ പുലർമ്മഴയിൽ എന്ന പാട്ട്‌ തസ്നിയുടെ ശബ്ധത്തിൽ ഒറിജിനലിനേക്കാൾ എനിക്കിഷ്ടപ്പെട്ടു തൊഴിലിടം മാറിയതിനു ശേഷം ആശയവിനിമയം കുറഞ്ഞുപോയെങ്കിലും അപ്രതീക്ഷിതമായൊരു ദിവസം ഓർക്കൂട്ടിലൂടെ തസ്നിയെ എനിക്കു തിരികെ കിട്ടി.. സ്ഥിരമായിട്ടല്ലെങ്കിൽക്കൂടി വീണ്ടും സംസാരിച്ചുതുടങ്ങി....

അന്ന് ഓർക്കൂട്ടിൽ കണ്ടപ്പോൾ തസ്നി പതിവില്ലാതെ ഒരുപാടു നേരം സംസാരിച്ചു... ഓഫീസ്‌ സമയം കഴിഞ്ഞു യാത്രപറഞ്ഞിറങ്ങും വരെ... അതിനടുത്തൊരു ദിവസം കണ്ട ആദ്യ അപ്ഡേറ്റ്‌!!!!!!!!! തസ്നിയുടെ സ്കാപ്പ്‌ ബുക്കില"dear friends our dear thasni's soul rose to the heavenly adobe in an accident yesterday" എന്ന കമന്റ്‌... കുറച്ച്‌ നേരത്തേക്ക്‌ ശ്വാസം കിട്ടാതായി..ആകസ്മികമായ വിടവാങ്ങൽ...

രാവേറെയായിട്ടും തീരെയുറങ്ങാതെ.... പിന്നീടെപ്പോഴെങ്കിലും പാട്ട്‌ കേൾക്കുമ്പോഴോ ഓർക്കുമ്പോഴോ തസ്നിയുടെ ശബ്ധം എന്റെ കാതുകളെ തൊടും... എന്തെന്നറിയാത്തൊരു നീറ്റൽ നെഞ്ചിനെയും...

Saturday, 3 May 2014

വെള്ളത്തുണ്ട്‌.....

കുടുംബമൊന്നിച്ച്‌ ഉത്സവക്കാഴ്ച കണാൻ പോവുന്ന വഴിയിലായിരുന്നു ഞങ്ങൾ ആദ്യം കണ്ടത്‌.... ചുറ്റുപാടുമായി ബന്ധമറ്റപോലുള്ള അവളുടെ നടത്തമാവണം അവളിലെക്ക്‌ എന്റെ ശ്രദ്ധയെ ആകർഷിച്ചത്‌... അതോ വെളുത്ത തുണിത്തുണ്ടിൽ പൊതിഞ്ഞു അവൾ നെഞ്ചോടു ചേർത്ത്‌ പിടിച്ചിരുന്ന കൈക്കുഞ്ഞോ!!!!! നിറക്കാഴ്ച്ചകലുടെ കുത്തൊഴുക്കിൽ ഓർമ്മയുടെ ഇരുളടഞ്ഞ കോണിലെക്ക്‌ പിന്തള്ളപ്പെട്ട മറ്റൊരു കാഴ്ച്ച...

വീട്ടിലെക്കുള്ള വഴിയെ കലുങ്കിനടുത്ത്‌ കണ്ട ആൾക്കൂട്ടം അത്ര നേരവും ഉള്ളിൽ നിറഞ്ഞു നിന്നിരുന്ന രസ്ക്ക്കാഴ്ച്ചകളുടെ ചരടു മുറിച്ചു... പതിവു പ്രശ്നം തന്നെ.... കലുങ്കിനടിയിലൂടുള്ള നീരൊഴുക്കിനു തടസ്സം....മാളോർക്ക്‌ സ്വന്തം പുരയിടം വൃത്തിയാക്കുന്നത്‌ കലുങ്കിനു കീഴ്‌വശം നിറച്ചുകൊണ്ടു തന്നെ വേണമല്ലോ! ഇന്ന് പക്ഷെ പതിവിലും കൂടുതൽ തിരക്ക്‌ കാണുന്നല്ലോ!

എപ്പൊഴത്തേയും പോലെ ആൾക്കൂട്ടത്തെ മറികടന്നു മൂലകാരണം അന്വേഷിച്ചു മുൻ നിരയിലെത്തിയ എനിക്കു കാണാൻ പൊളിഞ്ഞ കലുങ്കിലെ വിടവിനുള്ളിൽ അങ്ങിങ്ങായി പിഞ്ചു തലയോടുകളും എല്ലിൻ കഷ്ണങ്ങളും ചിതറി കിടന്നിരുന്നു.... എറ്റവും മുകളിലായി ക്ഷണങ്ങൾക്കു മുൻപു എന്റെ മിഴികളുടക്കിയ ആ വെളുത്ത തുണ്ടിനുള്ളിലെ പിഞ്ചും....

ഒരു രാത്രി ഇരുട്ടി വെളുക്കുന്നത്‌ പൊലെ ചുരുങ്ങിയ സമയം കൊണ്ടു പരിസരവാസികൾ ആരും അറിയാതെ ഇത്രയധികം!!!!!! പക്ഷേ  എങ്ങനെ!!! എവിടുന്നു!!! ആരു!!!! ഇരുതലപ്പിനും മൂർച്ചയുള്ള വാൾ നെഞ്ചിലുടക്കി മുറിഞ്ഞത്‌ പോലുള്ള വേദന താങ്ങ്ങ്ങാനാവാതെ പിടഞ്ഞുണർന്ന എനിക്കു മുന്നിൽ വീണ്ടുമൊരു ചോദ്യം നിവർന്നു...
.
.
.
.
.
.
.
.
.
എന്തേ ഇങ്ങനൊരു സ്വപ്നം!!!!!!!

Sunday, 17 February 2013

പൊങ്കാല......


നാട്ടിലെ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം... എണ്ണമറ്റ അടുപ്പുകളില്‍ നിന്നുയരുന്ന പുകനിറഞ്ഞു ഇരുണ്ട ക്ഷേത്ര പരിസരം... അനവധി സ്‌ത്രീ മനസ്സുകള്‍ ഒരേ ചിന്തയോടെ ഒരു സംവൃത്തിയില്‍ പങ്കു കൊള്ളുന്ന പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷം.. പങ്കെടുക്കുന്നവര്‍ക്കായുള്ള സംഘാടക സമിതി വക ഉപദേശങ്ങളും നിര്‍ദേശങ്ങളും ഉച്ചഭാഷിണിയിലൂടെ തത്സമയം അനര്‍ഗ്ഗളം പ്രസരിച്ചോണ്ടിരിക്കുന്നു..

"മുതിര്‍ന്നവരെക്കൂടാതെ  ഒരുപാട് കുട്ടികളും ഇത്തവണ പൊങ്കാലയില്‍ പങ്കുകൊള്ളുന്നുണ്ട്..  പൊങ്കാല ചടങ്ങുകളെ കുറിച്ച് അറിവുള്ളവര്‍ അടുത്ത് നില്‍ക്കുന്ന പുതുതലമുറയെക്കൂടി സഹായിക്കേണ്ടുന്നതാണ്... മാത്സര്യമില്ലാതെ സഹവര്‍ത്തിത്വത്തോടെ നടത്തപ്പെടേണ്ടവയാണ് ദൈവീകമായ ഇത്തരം കര്‍മ്മങ്ങള്‍ ..."  മംമം.. ക്ഷേത്രക്കമ്മിറ്റിയിലെ സ്ഥിരം അറിയിപ്പുകാരന്റെ ഘനഗംഭീര സ്വരത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊങ്കാലപ്പറമ്പിനു പുറത്ത് നില്‍ക്കുന്നവരുടെ കര്‍ണ്ണങ്ങളെ പോലും രസിപ്പിച്ചു...

ഇടക്കെപ്പോഴോ കൈമാറിക്കിട്ടിയ മൈക്കിലൂടെ (ഇതുവരെ പറഞ്ഞതിനെക്കാള്‍ ഒട്ടും മോശമാകരുത്  താന്‍ പറയുന്നതെന്ന വാശിയോടെ) കമ്മറ്റിയിലെ അപരന്റെ അറിയിപ്പ്..... "തുടക്കക്കാര്‍ , കുട്ടികള്‍ തൊട്ടടുത്തുള്ള മുതിര്‍ന്നവരില്‍ നിന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്... കൂടാതെ പങ്കെടുക്കുന്ന എല്ലാപേരും പൊങ്കാല കഴിയും വരെ മനസ്സിലെ ലൈംഗീകചിന്തകള്‍ മാറ്റിവച്ച് പ്രാര്‍ത്ഥനയോടെ നില്‍ക്കേണ്ടതാണ്..."

പ്ലിം!! അപ്രതീക്ഷിത അറിയിപ്പിനെ തുടര്‍ന്ന് ഞെട്ടിത്തരിച്ച്  നിന്നുപോയ ശ്രോതാള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് ടിയാന്റെ വക വിശദീകരണം വൈകാതെ എത്തി.. "കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചുമൊക്കെയുള്ള ലൗകീകമായ ചിന്തകള്‍ ദയവായി പൊങ്കാല കഴിയുന്നത് വരെ മനസ്സില്‍ നിന്ന് അകറ്റി നിര്‍ത്തുക... പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ നിര്‍ത്താതെ ഉരുവിട്ടുകൊണ്ടിരിക്കുക..." ഹാവൂ!! കുത്തരിപ്പായസത്തില്‍ കല്ലുകടിച്ചതുപോലുള്ള ഭാവം വെടിഞ്ഞു അംഗനമാര്‍ ദീര്‍ഘനിശ്വാസത്തോടെ പൊങ്കാല ഇടല്‍ തുടര്‍ന്നു...

Thursday, 3 January 2013

സീ റ്റീ ഡി രാംദാസ്...

സീ റ്റീ ഡി രാംദാസ്... ആഢ്യരുടെ പേരിനു മുന്പിലായി തറവാട്ടു പേര് ചേര്‍ക്കുന്നത് പോലെ ആളറിഞ്ഞു തുടങ്ങിയ കാലത്തെന്നോ അവന്റെ പേരിനോട് ചേര്‍ന്ന വിലാസം.. അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അവന്‍ പേരും പെരുമയും ഇല്ലാത്ത സാധാരണ രാംദാസ് ആയിരുന്ന്... ലക്ഷണമൊത്ത കരി... കുഞ്ഞുങ്ങളുടെ കരച്ചില്‍ ഇഷ്ടപ്പെടാത്ത, അക്രമപ്രവണത കളങ്കപ്പെടുത്താത്തവന്‍ ... 

എന്നും പകല്‍ പതിനൊന്നു മണിയോടെ അവന്റെ ഒരു എഴുന്നള്ളത്തുണ്ട്.. സീ റ്റീ ഡീ അമ്പലക്കുളത്തിലേക്ക്.. പിന്നങ്ങോട്ട് മണിക്കൂര്‍ നീണ്ട നീരാട്ട്.. മുങ്ങി നിവര്‍ന്ന് കയറി അമ്പലത്തിലേക്ക് നടക്കും മുന്പു അവന്‍ കിഴക്കോട്ടു തിരിഞ്ഞു നിന്ന് കാതോര്‍ക്കും...   തൊട്ടയലത്തെ സ്കൂള്‍ ജനലഴികള്‍ക്കിടയിലൂടെ അവനെ സാകൂതം വീക്ഷിച്ചുകൊണ്ട് നില്പ്പുണ്ടാവുന്ന കുരുന്നുകളുടെ "രാംദാസ്..." എന്ന വിളിക്ക് വേണ്ടി..

ആ വിളിയിലൂടെ കിട്ടുന്ന സന്തോഷം ശബത്തിന്റെ ഉറവിടത്തിലേക്ക് നോക്കി തുമ്പിക്കൈ ചുരുട്ടി മസ്തകത്തില്‍ ചേര്‍ത്ത് വച്ച് തലയുംകുലുക്കി പ്രകടിപ്പിച്ചിട്ടേ അവന്‍ മടങ്ങുമായിരുന്നുള്ളൂ... കുളികഴിഞ്ഞിട്ടും കുളക്കരയില്‍ നില്‍ക്കുന്ന രാമദാസിനെ കണ്ടാല്‍ പരിസരവാസികളും വഴിപ്പോക്കരും കുരുന്നുകളെ തേടി സ്കൂള്‍ ജനലിലേക്ക് നോട്ടമയക്കുന്ന വണ്ണം പതിവായിരുന്നു ഇക്കാഴ്ച്ച...

വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുനാള്‍ സീ റ്റീ ഡീ അമ്പലത്തിലെത്തിയപ്പോള്‍ അവരുടെ ഓഫീസില്‍ കണ്ടു നീണ്ടു വളഞ്ഞ രണ്ടാനക്കൊമ്പ്കള്‍ ..... മുപ്പത്തിമൂന്ന് വര്‍ഷം നീണ്ട ഗജോത്തമ ചരിതത്തിന്റെ അവശേഷിക്കുന്ന അടയാളം..ശാന്തശീലനായി മാത്രം കണ്ടിട്ടുള്ള, കുട്ടികളെ അതിരറ്റു സ്നേഹിച്ചിരുന്ന പ്രിയ രാംദാസ്... ബന്ധുവിയോഗമറിഞ്ഞ് ഒരൊന്നാംക്ലാസ്സുകാരി പിടഞ്ഞു... നിശബ്ധം കരഞ്ഞു... അവളെ ഉള്ളില്‍ പേറുന്ന ഞാനും...


(മുള്ളൂക്കാരന്റെ ആനക്കുളി ചിത്രം കണ്ടങ്കുരിച്ച ബാല്യ-നോസ്റ്റി...)