Monday 24 December 2018

ചിന്തകള് ചിന്തുകള്..

നായകന്റെ വീരം പ്രതിനായകന്റെ ത്യാഗം നായികയുടെ കണ്ണീർ.. ഈയടുത്തിറങ്ങിയ ചലച്ചിത്രത്തിൽ ശ്രദ്ദിക്കപ്പെട്ടതും ന്യായീകരിക്കപ്പെട്ടതുമായ പല ഘടകങ്ങൾ.. പല വായനകളും കൊണ്ടെത്തിച്ചത് ചലച്ചിത്രത്തിലുടനീളം സൂചനകളിലൂടെയും അവതരണത്തിലൂടെയും നിറഞ്ഞുനിന്ന വ്യക്തിത്വങ്ങൾക്കരികിലൂടെ ആൾനോട്ടങ്ങളിൽനിന്നൊഴിഞ്ഞു തന്റെ ഭൂമിക തീർത്തു കടന്നു പോയ ചില കഥാപാത്രങ്ങളിൽ ഒന്നിലാണ്.. തങ്കമണി വാരസ്യാര്..

മദ്യലഹരിയിൽ ബോധം നശിച്ച ഒരുവന് വര്ഷങ്ങളോളം അവൻ ആഗ്രഹിക്കുന്ന മറ്റേതോ പെണ്ണായി അറിഞ്ഞുകൊണ്ടുതന്നെ വഴങ്ങിക്കൊടുത്ത, അവന്റെ വരവിലും സാമീപ്യത്തിലും അർത്ഥമറിയാത്ത നിർവൃതി കൊണ്ട, അവനെ സ്വന്തമാക്കാനാഗ്രഹിച്ചുകൊണ്ടുള്ള നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു പലായനത്തിൽ ജീവരക്ഷ തേടിയ ആ പെൺജീവിതവും മനസും ചിന്തകളും കടന്നുപോയ വിചാര-വിവേകവഴികൾ കാഴ്ചക്കാരെ ജിജ്ഞാസുവാക്കുന്നില്ലേ!! ചിത്രത്തിലെങ്ങും പ്രത്യക്ഷത്തിൽ കാണാത്ത സ്വാർത്ഥലാഭത്തെ മേൽപ്പറഞ്ഞ ചോദ്യത്തിനുത്തരമായി സങ്കല്പിച്ചുണ്ടാക്കാൻ തോന്നിയില്ല.. സ്ത്രീ എന്ന ലിംഗഭേദത്തിനു ലോകം കല്പിച്ചു നൽകിയ അഴുകിയ വിശേഷണങ്ങളൊന്നും സ്വീകാര്യവുമല്ല.. പ്രണയത്തിന്റെ വിവരണാത്മകമായതിനപ്പുറമുള്ള ഒരു തലം അല്ലെ അവരിലുണ്ടായിരുന്നത്!! 

ചില മനോഭാവനകൾ അങ്ങനെയാണ്!! അത് വിവരിക്കാനുള്ള ശ്രമം വാക്കുകളുടെ പരിമിതി കാണിച്ചുതരും.. ഏതൊരു കഥയിലും സദൃശമായ കഥാപാത്രങ്ങൾ കാണാമെന്നു തോന്നുന്നു.. രാമായണത്തിലെ മാണ്ഡവിയും ഊര്മിളയും, മഹാഭാരതത്തിലെ മാദ്രി, രാധ (കർണ്ണന്റെ വളർത്തമ്മ), ഭാഗവതത്തിലെ രോഹിണി. അങ്ങനെ അങ്ങനെ.. ഇവരുടെയൊക്കെ വിചാരങ്ങളും വികാരങ്ങളും പലപ്പോഴായി മാറ്റിയെഴുതപ്പെട്ട ഇതിഹാസങ്ങളുടെ ഏതെങ്കിലും ഏടുകളിൽ ഇടംപിടിച്ചിട്ടുണ്ടോ!!! മുഖ്യകഥാപാത്രങ്ങളിൽ മാത്രമായി പ്രാധാന്യം കേന്ദ്രീകരിച്ചെഴുതുന്ന വരികൾക്ക്/ചിത്രങ്ങൾക്ക് മറ്റു ഉപ കഥാപാത്രങ്ങളുടെ പകിട്ട് കുറയ്ക്കാനാകും.. എന്നാലും കുറച്ചു കണ്ണുകളെങ്കിലും പകിട്ടുകൾക്കുപിന്നിലെ ആഴവ്യതാസങ്ങൾ അറിയുമായിരിക്കും..അത്തരം വ്യത്യസ്ത ചിന്തകളെങ്കിലും അവരുടെ അവസ്ഥാന്തരങ്ങളെ അറിയുമായിരിക്കും!!! അല്ലെ???🤔🤔🤔🤔

1 comment:

  1. ചില മനോഭാവനകൾ അങ്ങനെയാണ്!! അത് വിവരിക്കാനുള്ള ശ്രമം വാക്കുകളുടെ പരിമിതി കാണിച്ചുതരും...

    ReplyDelete