Sunday 13 August 2017

അജ്ഞാത പരിചിതൻ..


വടക്റ്റത്തന്നുള്ള മടക്കയാത്രയിൽ ആയിരുന്നു.. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള തീവണ്ടിയാത്ര.. കാലേക്കൂട്ടി സീറ്റുറപ്പിക്കൽ ഇത്തവണ ഒത്തില്ല.. ടിക്കറ്റെടുക്കാൻ വരിയിൽ നിൽക്കുമ്പോഴേക്കും തീവണ്ടി പ്ളാറ്ഫോമിൽ എത്തി. തിരക്കിട്ടു സ്ലീപ്പർ ടിക്കറ്റെടുത്തു കയറിയിരുന്നു..


യാത്രകൂലി കാലത്തെടുത്തതിനെക്കാൾ വളരെ കുറവാണെന്നു തോന്നിയെങ്കിലും സ്ലീപ്പർ എന്ന് ചോദിച്ചു വാങ്ങിയ ഉറപ്പിന്മേൽ യാത്ര തുടങ്ങി...
പകുതിയിലധികം ദൂരം താണ്ടിക്കഴിഞ്ഞാണ് പരിശോധകൻ എത്തിയതും കയ്യിലുള്ളത് ജനറൽ ടിക്കറ്റാണെന്നു മനസ്സിലായതും... അബദ്ധം/പരിചയക്കുറവ്  മനസ്സിലാക്കിയാവണം അടുത്ത സ്റ്റേഷനിൽ ഇറങ്ങി ജനറലിൽ കയറാനുള്ള താക്കീതിൽ നടപടി ഒതുങ്ങി കിട്ടി..


അടുത്ത സ്റ്റേഷനിൽ വണ്ടി നിറുത്തിയതും അനുസരണയുള്ള ശമര്യാക്കാരനായി ജനറൽ ലാക്കാക്കി വച്ചുപിടിച്ചു.. സ്ലീപ്പറുകൾക്കും ജനറലിനും നടുക്കുള്ള ശീതീകരിച്ച കോച്ചുകൾക്ക് അടുത്തെത്തിയപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങി.. മറ്റുവഴികൾ കാണാഞ്ഞ് ഏറ്റവും അവസാനത്തെ എസി കോച്ചിന്റെ വാതുക്കൽ നിലയുറപ്പിച്ചു....


എന്നെപോലെ തന്നെ അവിടെഎത്തിപെട്ട ഒരു സഹയാത്രികനുണ്ടായ അനുഭാവം എന്നെ സഹായിക്കാനുള്ള സന്നദ്ധതയിൽ അദ്ദേഹത്തെ എത്തിച്ചു.. അതിനുമടുത്ത സ്റ്റേഷനിൽ ഇറങ്ങി ജനറൽ കൈയ്യടക്കുവാൻ കിട്ടിയ സമയം കൊണ്ട് അദ്ദേഹം എന്നെ വാക്കാൽ പരിശീലിപ്പിച്ച്... വണ്ടി നിന്നതും ഉഷചേച്ചിയും നമ്പ്യാർ സാറും പരിശീലനത്തിനിടെ എന്നപോലെ രണ്ടുപേരും ഇറങ്ങി മുന്നിലേക്കോടി.. 


കൃത്യം ജനറലിനോട് ചേർന്ന എ1 കൊച്ചിനടുത്തു ആ ഓട്ടം തീർന്നു..  നീങ്ങി തുടങ്ങിയ വണ്ടിയിൽ നിവൃത്തികെട്ട് എ1 കോച്ചിൽ ഏന്തിവലിഞ്ഞുകയറി നിവർന്നത് കറുത്ത കോട്ടും വെളുത്ത ചിരിയുമണിഞ്ഞ റ്റീ റ്റിഈയുടെ മുഖത്തേക്ക്...  കുസൃതി ചിരിയോടെ കഥാവികാസം കേട്ട ആ മാന്യ ദേഹം കഥാന്ത്യത്തിൽ ക്ലാസ്സ് സമയത്ത് കാമ്പസ്സിൽ വച്ച് പിടിക്കപ്പെട്ട കൗമാരകമിതാക്കൾക്കെന്ന ഭാവേന കൂട്ടുപ്രതികൾക്കു ശിക്ഷ വിധിച്ചു.. "മം രണ്ടുപേരും തിരിഞ്ഞു നില്ക്കു.. എന്നിട്ടു നേരെ നടന്നോ... എങ്ങും നിന്നെക്കരുത്.."


അത്രയും നേരം സ്വസ്ഥമായി യാത്ര ചെയ്തുകൊണ്ടിരുന്നൊരാൾ എന്നെ സഹായിക്കാനുള്ള ഉദ്യമത്താൽ അപകടത്തിലായി എന്ന ചിന്ത എന്നെ അലട്ടി.. നിർദ്ദേശിക്കപ്പെട്ട വഴി നടക്കുമ്പോൾ ഒൻപതോ പത്തോ ബോഗികൾക്കപ്പുറത്തുള്ള പിന്നിലെ ജനറൽ കമ്പാർട്ട്മെന്റിലേക്കാണ് നാടുകടത്തപ്പെട്ടതെന്നും ട്രെയിൻ അടുത്ത് നില്ക്കാൻപോണത് അദ്ദേഹത്തിനിറങ്ങേണ്ടുന്ന സ്റ്റേഷനിൽ ആണെന്നും തുടർന്ന് വരുന്നത് എനിക്കിറങ്ങേണ്ടയിടം ആണെന്നും സഹയാത്രികൻ പറഞ്ഞറിഞ്ഞു.. എങ്കിൽ പിന്നെ പിറകിലേക്ക് നടക്കുന്നില്ലെന്ന് ഞാനും ഉറപ്പിച്ചു..

ഒളിംപിക്സ് പരിശീലനം കഴിഞ്ഞ ഉഷച്ചേച്ചിയുടെ വിജയത്വരയുമായി ഞാനും പരിശീലകന്റെ പ്രതീക്ഷയോടെ അപ്പോഴും അപരിചിതനായ ആ സഹയാത്രികനും സ്ലീപ്പറിന്റെ തുടക്കത്തിൽ നിലയുറപ്പിച്ചു..
തീവണ്ടിയുടെ വേഗം കുറഞ്ഞുതുടങ്ങിയപ്പോൾ തന്നെ അതുവരെ താങ്ങും തണലുമായതിനു സഹയാത്രികന്‌ നന്ദിപറഞ്ഞു..  


വണ്ടി സ്റ്റേഷനിൽ നിന്ന നിമിഷമാത്ര കൊണ്ട് ലക്ഷ്യപ്രാപ്തി കൈവരിച്ച എന്റെ കണ്ണുകൾ ആദ്യം തിരക്കിയത് എന്നെക്കാൾ എന്റെലക്ഷയപ്രാപ്തി ആഗ്രഹിച്ചു പ്രതീക്ഷയോടെ എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ആ മുഖമാണ്.. എന്റെ സുരക്ഷിത-യാത്ര ഉറപ്പാക്കിയ ആശ്വാസം നിറഞ്ഞ  ചിരി ആൾക്കൂട്ടത്തിൽ കണ്ടെത്തിയപ്പോൾ എന്റെ മുഖത്തും ചിരി പൊടിഞ്ഞു.. കൃതജ്ഞതയോടെ കൈ  വീശി യാത്ര പറയുമ്പോഴേക്കും തീവണ്ടി നീങ്ങിത്തുടങ്ങിയിരുന്നു.. 


കടപ്പാട് : നിമിഷമാത്രയുടെ സാന്നിദ്ധ്യത്താൽ അപരിചിതത്വം വിടാതെ തന്നെ ആത്മബന്ധം ബാക്കിനിർത്തി കടന്നുപോവുന്നവർക്കു

4 comments: