Monday 24 December 2012

തിരുത്തലുകള്‍ ...... പ്രതീക്ഷകള്‍ ...

പെണ്മക്കളുടെ സുരക്ഷയെ കരുതി വ്യാകുലപ്പെടുന്ന  മാതാപിതാക്കളെ,

നിയമ നിര്‍മിതിക്കും കര്‍ശന നിയമപാലനത്തിനും വേണ്ടി മുറവിളികൂട്ടുന്നതോടൊപ്പം നിങ്ങള്‍ക്ക് സ്വയം പ്രാവര്‍ത്തികമാക്കാവുന്ന ചിലതിനെ കുറിച്ചും ഓര്‍ക്കാം...
  • മക്കളെ സമൂഹത്തോട് പ്രതിബദ്ധതയും എതിര്‍ലിംഗത്തോട് ബഹുമാനമുള്ളവരായും വളര്‍ത്താം.. സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണെന്നും ഒന്ന് മറ്റൊന്നില്‍ നിന്ന് വലുതോ മോശമോ അല്ലെന്നു സ്വയവും മക്കളെയും ബോധ്യപ്പെടുത്താം...
  • തങ്ങളുടെ പ്രതീക്ഷകള്‍ ചാലിച്ച ചിത്രങ്ങള്‍ മാത്രമായി മക്കളെ കാണാതെ അവരും വ്യക്തികളാണെന്നു മനസ്സിലാക്കി അവരുടെ വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും വീഴ്ചകള്‍ക്കും ഇടം കൊടുത്തു കൊണ്ട് അവരോടു വൈകാരികമായി എന്നും അടുപ്പം+അവരില്‍ സ്വാധീനം ഉള്ളവരായി ജീവിക്കാന്‍ ശീലിക്കാം..
  • മക്കളുടെ പ്രായാധിഷ്ടിത വളര്‍ച്ചയെ അറിഞ്ഞു അവരോടുള്ള സമീപനം സാഹചര്യത്തിന് ചേരുംവിധം പുതിക്കിക്കൊണ്ടിരിക്കാം... മാതാപിതാക്കളില്‍ മക്കള്‍ നല്ല സുഹൃത്തിനെ കാണുന്ന, മക്കള്‍ തന്റെ മാറുന്ന അഭിരുചികള്‍ സുഹൃത്തുക്കളോടെന്ന പോലെ മാതാപിതാക്കളോട് തുറന്ന പങ്കുവക്കാനുള്ള സ്വാതന്ത്യ്രം അനുഭവിക്കുന്ന അവസ്ഥ/സാഹചര്യം കുടുംബത്തിലുണ്ടാവാന്‍ ശ്രമിക്കാം..
  • സഹ ജീവികളെ, പര-സ്ത്രീകളെ പ്രതി അവഹേളനം, അധിക്ഷേപം, അശ്ലീലം അടങ്ങിയ വാക്കുകള്‍ സ്വന്തം മക്കള്‍ തമാശയായി പോലും പറയാതിരിക്കാന്‍ ശ്രദ്ധിക്കാം.. അത്തരം പെരുമാറ്റം ശ്രദ്ധയില്‍പ്പെടുന്നയുടന്‍ നിസ്സാരമാക്കി തള്ളിക്കയാതെ അവരെ തിരുത്തി നിരുത്സാഹപ്പെടുത്താം.. മക്കള്‍ക്ക്‌ പ്രഥമതര മാതൃക മാതാപിതാക്കളാണെന്നത് വിസ്മരിക്കാതിരിക്കാം... 
  • പ്രണയം / വിവാഹം ഇതര യുവ വിഷയങ്ങളില്‍ സ്വന്തം മക്കളെ നല്ല പിള്ളമാരാക്കിക്കൊണ്ട് അവരുടെ പങ്കാളിയെ/പങ്കാളിയുടെ കുടുംബത്തെ-ജീവിത സാഹചര്യത്തെ മോശപ്പെടുത്തി സംസാരിക്കാതെ/പെരുമാറാതിരിക്കാം.. ഇത്തരം സാഹചര്യത്തില്‍ പങ്കാളിക്കൊപ്പം തന്നെ സ്വന്തം മക്കളും തുല്യ ഉത്തരവാദികളെന്നു ബോധപൂര്‍വം ഓര്‍ക്കാം...
  • സ്വന്തം മക്കളുടെ തെറ്റായ നടപടിയെക്കുറിച്ച് ആരെങ്കിലും സൂചന തരുന്നയുടന്‍ മക്കളിലുള്ള വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടാന്‍ ഇക്കാര്യം പറഞ്ഞവരെയോ, മക്കളുടെ കയ്യിലിരുപ്പിന് ഇരയായവരെയോ ശത്രുതയോടെ കണ്ടു കുറ്റപ്പെടുത്താതെ, സംഗതിയുടെ സത്യാവസ്ഥ അന്വേഷിച്ചറിഞ്ഞു മക്കളുടെ തെറ്റ് തിരുത്താന്‍ സന്നദ്ധരാവാം..
  • മക്കള്‍ക്ക്‌ പറ്റുന്ന ചെറിയ വീഴ്ചകള്‍ സമയത്ത് അറിഞ്ഞു തിരുത്താതെ നിസ്സാരമായി തള്ളിക്കഞ്ഞു പിന്നീട് ആളറിഞ്ഞു തലകുനിക്കുന്ന സാഹചര്യത്തിലെത്തുകയോ ആ അവസ്ഥയില്‍ മക്കളെ പ്രതിയായിക്കാണ്ട് ഒറ്റപ്പെടുകയോ ചെയ്യുന്ന അവസരം ഒരുക്കാതിരിക്കാം...
  • മക്കള്‍ക്ക്‌ വേണ്ട സൌകര്യങ്ങള്‍ സമ്പാദിക്കാനെന്ന പേരില്‍ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് മുങ്ങുമ്പോഴും ഒരല്പം സമയവും സ്നേഹവും ശ്രദ്ധയും മക്കള്‍ക്ക്‌ എല്ലാ പ്രായത്തിലും നല്‍കാന്‍ ഓര്‍ക്കാം... മക്കളെ മാതാപിതാക്കള്‍ക്കും മാതാപിതാക്കളെ മക്കള്‍ക്കും അന്യരാക്കാതിരിക്കാം...
  • (ചെയ്ത് തീര്‍ക്കാന്‍ ഇനിയുമേറെ.. )
പഴിചാരല്‍ വെടിഞ്ഞു ഏവരും പ്രവര്‍ത്തിയുടെ മാര്‍ഗത്തിലേക്ക് നീങ്ങാം... വൈകിയെങ്കിലും തിരുത്തലുകള്‍ കുടുംബത്തില്‍ നിന്ന് തുടങ്ങി സമൂഹത്തിലേക്കു നീണ്ടു ലോകത്തേക്ക് വ്യാപിക്കട്ടെ.. കാമാന്ധതയുടെ കഴുകന്‍ പിടിത്തത്തില്‍ നിന്ന് സമൂഹത്തെ വിടുവിക്കാന്‍ ഒന്നായ് അണിചേരാം... 

1 comment: