Tuesday 16 October 2012

വഴിവ-ഴ-ക്ക്....


"ചെലവിനു കൊടുക്കുന്നുണ്ടെങ്കില്‍ ഭര്‍ത്താവിനു ഭാര്യയെ തല്ലുകയും ചെയ്യാം........." പോസ്റ്റ് വായിച്ചപ്പോ അറിയാതെ ഓര്ത്തുപോയ ഒരു ഗതകാല അനുഭവം നാളുകളൊരുപാട് കഴിഞ്ഞിട്ടാണെങ്കിലും പ്രിയ കൂട്ടുകാരുമായി പങ്കുവക്കാന്‍ ശ്രമിക്കുന്നു..

ചിട്ടയായ ചര്യയും കുടുംബാങ്ങളോടുള്ള  ആഴമേറിയ സ്നേഹവും ശ്രദ്ധയും സഹായമാനസ്ഥിതിയും  അവന്റെ അച്ഛനെ വീട്ടുകാര്‍ക്കെന്ന പോലെ മകന്റെ കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവനാക്കിയിരുന്നു.. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണമറിഞ്ഞപ്പോള്‍ ദിവസം അന്തിയോടടുത്തിരുന്നിട്ടും അവിടെ പോകാതിരിക്കാനായില്ല.. സംസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞിറങ്ങുമ്പോഴേക്കും നേരെം ഇരുട്ടിയിരുന്നു.. സ്ഥിരം ബസ് റൂട്ട് അല്ലാതിരുന്ന അവിടെ നിന്ന് കുറച്ച് ദൂരം നടന്നാല്‍ ഹൈവേയില്‍ എത്താമെന്നറിഞ്ഞു മരണവീട്ടില്‍ വന്നവര്‍ കാത്തുനിന്ന് പരീക്ഷണത്തിനു മുതിരാതെ കൂട്ടം കൂട്ടമായി നടന്നുതുടങ്ങി ..ഒരുപാടാളുകളെ ഒരുമിച്ച് കണ്ടതുകൊണ്ടാവാം ഭാഗ്യവശാല്‍ ഹൈവെയിലേക്ക്  കയറിയ ഉടന്‍  ഞങ്ങള്‍ക്ക് ഒരു ലിമിറ്റഡ് സ്റ്റോപ്പ്‌ നിറുത്തിക്കിട്ടി...

സാമാന്യം വേഗത്തില്‍ പൊയ്ക്കൊണ്ടിരുന്ന വണ്ടി  സ്റ്റോപ്പിലെത്തും മുന്‍പ്  വേഗം കുറച്ചപ്പോള്‍  മറ്റുള്ളവരെ പോലെ തന്നെ കാരണമറിയാന്‍ ആകാംഷ തോന്നി.. ജനലിലൂടെനോക്കിയപ്പോള്‍ വഴിയരികില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു സ്ത്രീയോട് കയര്‍ത്ത് കലഹിക്കുന്ന പുരുഷനെ  കണ്ടു.... ബസ്സ്‌ അടുത്ത് എത്തിയതോടെ സാന്ദര്‍ഭവശാല്‍ അവര്‍ ഭാര്യയും ഭര്ത്താവുമാണെന്നും കാന്തക്കുമേല്‍ അയാള്‍ അസഭ്യവര്‍ഷം ചൊരിയുകയാണെന്നും  മനസ്സിലായി.. സ്ത്രീകളും കുഞ്ഞുങ്ങളും നിറഞ്ഞ വീഥിയില്‍ യാതൊരു കൂസലുമില്ലാതെ അയാള്‍ അശ്ലീലവാക്കുകള്‍ കൊണ്ട് പെരുമഴ സൃ ഷ്ടിച്ചത് അസഭ്യം പുലമ്പല്‍ ഒരു കലയായി കരുതിയാവുമോ!! അതോ ഇനി അതൊരു മത്സര ഇനമായി തദ്ദേശത്ത് പ്രഖ്യാപിക്കപ്പെട്ടിരുന്നുവോ ആവൊ!!  

തുടര്‍ന്ന്  വാഹന-വഴിയാത്രക്കാരുള്‍പ്പടെ അവിടെയുള്ള ആള്‍ക്കൂട്ടം നാടകീയമായ  രംഗങ്ങള്‍ക്കായിരുന്നു സാക്ഷ്യം വഹിച്ചത്.. അശ്ലീലവര്‍ഷത്തിനൊപ്പം ആ മനുഷ്യന്‍ ഝടുതിയില്‍ സ്ത്രീയുടെ മുടിക്കുത്തില്‍ പിടിച്ച് അവരുടെ തല വഴിയരികിലെ മതിലില്‍ ശക്തിയായി ആഞ്ഞടിച്ചു!!!! ഒന്ന് പിടഞ്ഞ അവര്‍ തല്‍ക്ഷണം ബോധശൂന്യയായി നിലത്ത് വീണു.. (അതോ മരിച്ച് വീണതോ!!)  കാഴ്ച കണ്ടു തരിച്ച് പോയിട്ടുണ്ടാവണം, എങ്കിലും ഡ്രൈവര്‍ നിയന്ത്രണം വിടാതെ വണ്ടി വഴിയരികില്‍ നീക്കി ഒതുക്കി... ആ സമയം കൊണ്ട് ഓടിച്ചെന്നു വിവരം തിരക്കി വന്ന കണ്ടക്റ്റര്‍ ഡ്രൈവര്‍ക്ക് യാത്രതുടരാനുള്ള ഡബിള്‍ ബെല്‍ കൊടുത്ത്... ഒപ്പം അവര്‍ ഭാര്യയും ഭര്‍ത്താവുമാണെന്നും ,ഭര്‍ത്താവിനെ പ്രസ്തുതവീരസ്യത്താല്‍ ആനന്ദതുന്ദിലരായ ആളുകള്‍ എടുത്തിട്ടു ബഹുമാനിച്ച് (പെരുമാറി) എന്നും വിവരിച്ച്..

ഒരു പുരുഷാരത്തെ സാക്ഷി നിര്‍ത്തി  ഒരു ജീവനെ ദാക്ഷിണ്യലേശമില്ലാതെ കരുതിക്കൂട്ടി ഇങ്ങനെ പീഡിപ്പിക്കുന്നത് എക്കാരണം കൊണ്ടായാലും ഉള്‍ക്കൊള്ളാവതായിരുന്നില്ല.. മനസ്സുകൊണ്ട് പ്രതിഷേധിച്ചിട്ടും സ്ഥലമെത്തി ഇറങ്ങും വരെ സീറ്റില്‍ തളര്‍ന്നിരിക്കാനെ കഴിഞ്ഞുള്ളു.. കടന്നു പോയ നാളുകള്‍ മറ്റനവധി അനുഭവങ്ങളെ പോലെ ഇതിനെയും പിന്നിലുപേക്ഷിച്ച് എന്നെ കൂടെ കൂട്ടിയെങ്കിലും ആ സ്ത്രീ!!! അവരുടെ കാര്യം ഓര്‍ത്ത് ഇപ്പഴും നടുക്കം മാറുന്നില്ല!!! ഒരു പക്ഷെ സന്ദര്‍ഭോചിതമായി ഉപകരിക്കപ്പെടാനാവാതെ പോയ കുറ്റബോധം കൊണ്ടാവാം, ഊരോ പേരോ അറിയാത്ത അവരുടെ ആയുരാരോഗ്യത്തിനും മനശാന്തിക്കും വേണ്ടി ന്യായാന്യായങ്ങള്‍ വിശകലനം ചെയ്യാന്‍ നില്‍ക്കാതെ ഇപ്പോഴും പ്രാര്‍ഥിക്കുന്നു.. വീണ്ടുമൊരു  സമാന അനുഭവം ഉണ്ടായാല്‍ അന്ന് പ്രതികരിക്കാനാവുമോ എന്ന് അറിയില്ല.. എങ്കിലും..

സ്ത്രീപ്രജകളെ കൈയ്യേറ്റം ചെയ്യുന്നത്, സ്ത്രീകളുടെ സാന്നിധ്യമുള്ളിടത്ത് അസഭ്യം പറയുന്നത് (പൊതു ഗതാഗത യാനങ്ങള്‍, താദൃശ മറ്റു പൊതു-ഇടങ്ങളില്‍ വച്ച് കാണാനിടയായ ചില സംഭവങ്ങളെ പരാമര്‍ശിച്ച് എഴുതുന്നത്..),  വീരസ്യമായി കരുതുന്ന പുരുഷകേസരികള്‍   സമൂഹത്തിന്റെ കീഴ്ത്തട്ടിലെങ്കിലും അപൂര്‍വതയല്ലെന്നിരിക്കെ, സ്ത്രീകള്‍ നേരിടുന്ന ശാരീരിക പീഡനവും അത്പോലെ തന്നെ ക്രൂരമായ മാനസിക പീഡനങ്ങളും നിര്‍മാര്‍ജ്ജനം ചെയ്യാനുതകുന്ന കൂട്ടായ ശ്രമങ്ങള്‍ സമൂഹത്തില്‍ പ്രാവര്‍ത്തികമാവാന്‍ പ്രത്യാശിക്കുന്നു.. ഒപ്പം ഇത്തരം പിത്തലാട്ടങ്ങള്‍ക്കെതിരെ ഉടനടി ശബ്ധമുയര്ത്താനും  ഒഴിവുകഴിവുകള്‍ ചമഞ്ഞൊഴിയാതെ ഒരുമിച്ച് നിന്ന് ശക്തമായി തന്നെ പ്രതികരിക്കാനുമുള്ള മനസ്സും തന്റേടവും പ്രസ്തുത സാഹചര്യത്തില്‍ /ചുറ്റുപാടില്‍ സന്നിഹിതരായവര്‍ ആര്‍ജ്ജിക്കാനും പ്രതീക്ഷിക്കുന്നു..

No comments:

Post a Comment