Wednesday 5 September 2012

ടീച്ചറമ്മ


അറിവിനൊപ്പം സ്നേഹവാത്സല്യങ്ങളും ശാസനകളും വാരി വിളമ്പിയ അധ്യാപകര്‍ക്കായൊരു ദിനം.. അന്നും മറ്റു പല സന്ദര്‍ഭങ്ങളിലും നുരച്ച് പൊന്തുന്ന അവരുടെ ഓര്‍മ്മകള്‍ക്കിടയില്‍ അനുനിമിഷം മങ്ങാതെ ഹൃദയത്തില്‍ വിളങ്ങുന്ന വിങ്ങുന്ന ചില മധുരസ്മരണകള്‍ ഏവര്ക്കുമുണ്ടാകും.. ഓര്‍മയുടെ ഒരേട്‌ ഇവിടെയും തുറക്കുന്നു..

ഉപ്പുറ്റിയിലെ ഒരു പോളയില്‍ നിന്നായിരുന്നു തുടക്കം.. പലയിടത്തായി പോളകള്‍ കണ്ടുതുടങ്ങിയതോടെ വൈദ്യരുടെ മരുന്ന് സഹചാരിയായി.. ഭയപ്പാടു വേണ്ടെന്നും കുട്ടികള്‍ക്ക് സാധാരണയായുണ്ടാവുന്ന കരപ്പന്‍ ആണെന്നുമുള്ള വൈദ്യോപദേശം കൂട്ടുകാരുടെ അകല്‍ച്ചയാല്‍ ഒന്നംക്ലാസ്സുകാരിക്ക് പാഴ്വാക്കായി..  കൈകാല്‍ മുട്ടുകള്‍ക്ക് ചുറ്റും എണ്ണമറ്റ പോളകള്‍ പോന്തിപ്പോട്ടിക്കൂടി ചലമൊലിക്കുന്ന വലിയ വ്രണങ്ങളായപ്പോള്‍ പഠിക്കാനും കളിക്കാനും അധ്യാപകര്‍ തന്നെ കൂട്ടുവന്നു..

അവരുടെ സാന്ത്വനത്തിന്റെ കൈപിടിച്ച് പഠിപ്പു മുടക്കാതെ ചലമൊലിക്കുന്ന വൃണങ്ങളുമേന്തി കഴിച്ചുകൂട്ടിയ അധ്യയനദിവസങ്ങളിലൊന്നിലായിരുന്നു അത്.. ഇടവേളയില്‍ ക്ലാസ്സിനു പുറത്തേക്കിറങ്ങാന്‍ നടന്ന എന്‍റെ കാല് മുട്ടിനു മേല്‍ഭാഗം ഒരു ഡസ്കിന്റെ മൂലയില്‍ ഇടിച്ചു.. ചലമൊലിക്കുന്ന വൃണക്കൂട്ടത്തില്‍ നിന്നും പഴുപ്പും ചോരയും ചാടി യൂണിഫോറം ഉടുപ്പ് പിഴിഞ്ഞെടുക്കാവുന്നത്ര കുതിര്‍ന്നു.. അറച്ചും പകച്ചും ദൂരത്തില്‍ വട്ടമിട്ടു കാഴ്ചക്കാരായി നിന്ന കുട്ടികള്‍ക്കിടയിലൂടെ ടീച്ചരമ്മ അടുത്തെത്തി.. രണ്ടു കൈകൊണ്ടും എന്നെ (കിടത്തി) പൊക്കിയെടുത്ത് ടീച്ചര്‍മാരുടെ മുറിയിലെത്തിച്ചു..

അന്ന് പ്രതാപത്തിന്റെ കാലം അനുഭവിച്ചിരുന്ന അമ്മാത്ത് വീട്ടില്‍ ഫോണ്‍ വഴി കിട്ടിയ അറിയിപ്പിനെ തുടര്‍ന്നു അമ്മാവന്‍ എനിക്ക് മാറിയുടുക്കാനുള്ള കുപ്പായവുമായി സ്കൂളിലെത്തി.. രംഗങ്ങളത്രയും കണ്ടു പകച്ചു നിന്ന എന്നെ സ്നേഹത്തോടെ ആശ്വസിപ്പിച്ച ടീച്ചറമ്മ, മുഷിഞ്ഞ ഉട്പ്പു ഊരിച്ച്, സ്കൂളിന്റെ അടുത്തുള്ള വീട്ടില്‍ നിന്നും ചോദിച്ചു വാങ്ങിയ ചൂടുവെള്ളം കൊണ്ട് എന്‍റെ മുറിവുകള്‍ കഴുകി വൃത്തിയാക്കി.. ചലമൊലിച്ചുകൊണ്ടിരിക്കുന്ന വൃണത്തില്‍ പഞ്ഞി ഒട്ടിപ്പിച്ചു വീണ്ടും ചോരപൊടിക്ക്മെന്നു മനസ്സിലാക്കി തൊടിയിലെ മുത്തുമല്ലിച്ചെടിയില്‍ നിന്നും വലിയ ഇല പറിച്ചെടുത്ത് ചൂടുവെള്ളത്തില്‍ കഴുകി അണുനാശിനി പുരട്ടി അതില്‍ മരുന്ന് വച്ചു അതുകൊണ്ട് എന്‍റെ മുറിവ് പൊതിഞ്ഞു പഞ്ഞിയും തുണിയും കൊണ്ട് മൂടിക്കെട്ടി, കൊണ്ടുവന്ന ഉടുപ്പുമിടീച്ച്.....


വയ്യാത്ത കുഞ്ഞിനെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ മുതിര്‍ന്ന അമ്മാവനെ വിലക്കി എന്നെ വീണ്ടും ക്ലാസ്സില്‍ തന്നെ പിടിച്ചിരുത്തിയ ടീച്ചറമ്മ അന്ന് തൊട്ടു സ്കൂള്‍ സമയത്തുള്ള എന്‍റെ മരുന്ന് മുടങ്ങാതെ ശ്രദ്ദിക്കാനും തുടങ്ങി...  വൈദ്യചികിത്സയ്ക്ക് മേലും മാസങ്ങളോളം എന്നെ വിഷമിപ്പിച്ചിരുന്ന കരപ്പന്‍ തുടര്‍ന്നുള്ള കുറച്ച് ദിവസങ്ങള്‍ കൊണ്ട് തീര്‍ത്തും ഭേദപ്പെട്ടത് വാത്സല്യത്തോടെ ശുശ്രൂഷിച്ച ടീച്ചറമ്മയുടെ സ്നേഹം, സന്മനസ്സ് ന്‍റെ സ്പര്‍ശനം കൊണ്ട് എന്നത് അന്നത്തെ ഒന്നാം ക്ലാസ്സുകാരിയുടെ ഇന്നും ചോരാത്ത വിശ്വാസം ..

ക്ലാസ്സിലെ കുഞ്ഞുങ്ങള്‍ ഒന്ന് ശര്‍ദ്ദിച്ചാലോ, വിസര്‍ജ്ജിച്ചാലോ വീട്ടില്‍ നിന്നു ആള് വരുന്നത് വരെ കുഞ്ഞുങ്ങളെ അഴുക്കു പറ്റിയ വസ്ത്രത്തില്‍ തന്നെ നിറുത്തി സ്വന്തം പെരുമാറ്റം കൊണ്ട് മറ്റു കുട്ടികളില്‍ പോലും അറപ്പ് ജനിപ്പിക്കുന്ന അത്യാധുനിക അദ്ധ്യാപകര്‍ക്ക് മുന്നില്‍ എന്‍റെ ടീച്ചരമ്മമാരിലോരാളുടെ ഈ സ്നേഹസ്മരണ ഇയുള്ളവള്‍ ആരാധനയോടെ സമര്‍പ്പിക്കുന്നു..

ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ മാമനോട്

3 comments:

  1. അങ്ങനെ ഉള്ള ടീച്ചര്‍മാര്‍ പഠിപ്പിച്ചിട്ടും കളിപ്പിച്ചിട്ടും ഒക്കെ ഉള്ള തലമുറയില്പ്പെട്ടവര്‍ ആണല്ലോ ഇപ്പോളത്തെ ടീച്ചര്‍മാര്‍.... എന്നിട്ടും എന്തെ ഇവര്‍ (നമ്മള്‍) ഒക്കെ ഇങ്ങനെ???

    ReplyDelete
    Replies
    1. ക്ഷമ എന്ന സാധനം നമുക്കൊന്നും ഇല്ല എന്നതുകൊണ്ടാവും ബിജോ! :-))

      Delete
  2. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും ഉയരുന്ന തൂലിക വായനക്കാരന് എപ്പോഴും അനുഭവേദ്യം...കാലം അത്തരം ഗുരുനാഥരെ തേടിക്കൊണ്ടേയിരിക്കുന്നു... നല്ല എഴുത്ത്..

    ReplyDelete