Wednesday 5 September 2012

അയല്‍വീട്ടിലെ സുന്ദരി..

രാവിലെ കണിയുമായ് മുറ്റത്ത് ക്ഷമയോടെ കാവല്‍നില്‍ക്കുന്ന അയല്‍വീട്ടിലെ സുന്ദരി.. ഉടമസ്ഥന്‍ എത്രയോ തവണ പരുക്കേല്‍പ്പിച്ചിട്ടും വകവയ്ക്കാതെ വര്‍ധിതവാശിയോടെ അവള്‍ മതിലിന്റെ ഉയരം താണ്ടി വന്നിരുന്നത് എന്നെക്കരുതി മാത്രമായിരുന്നില്ലേ!!  അല്ലാതിരിക്കാന്‍ അവളെ കാണാന്‍ അവിടെ മറ്റാരും വരുന്നത് കണ്ടിട്ടില്ലല്ലോ.. അവളുടെ മേനി വമിപ്പിക്കുന്ന നേര്‍ത്ത സുഗന്ധം ഒരു ലഹരിയായിരുന്നത് കൊണ്ടല്ലേ അതിനു വേണ്ടി രാത്രികളില്‍ ഞാന്‍ ഉറക്കം വെടിഞ്ഞു മുറ്റത്തിറങ്ങിയിരുന്നത്..  സുന്ദരമായ പൂക്കള്ചൂടിയവള്‍ നിന്നിരുന്നത് എന്‍റെ മുറ്റത്ത് മാത്രമായിരുന്നില്ല മനസ്സില്‍ കൂടിയായിരുന്നെന്നു ഒരിക്കല്‍ പോലും ഞാന്‍ പറയാതിരുന്നിട്ടും എന്‍റെ മനസ്സറിഞ്ഞ പവിഴം.. പവിഴമല്ലി..


ബാല്യത്തിന്റെ ഓര്‍മകള്‍ക്ക് പവിഴമല്ലിയുടെ മണമാണ്.. ഉറക്കമുന്നര്‍ന്നാലുടന്‍ മുറ്റത്തെക്കോടിയിരുന്നത് തലേ രാത്രി എനിക്കായി മുറ്റത്ത് ഉതിര്ത്തിയിട്ടു പോയ പവിഴമല്ലി പൂക്കള്‍ 
പെറുക്കാനായിരുന്നു.. കടുത്ത കാവിനിറ ത്തില്‍ തണ്ടും പട്ടുപോലെ മിനുത്ത വെള്ള ഇതളുകളും അരണ്ട തവിട്ടു നിറമുള്ള മണ്ണില്‍ സുന്ദര ചിത്രം മെനഞ്ഞിട്ടത് സുഖമുള്ള ഒരു കാഴ്ചയാണ്.. അവയൊന്നൊഴിയാതെ പെറുക്കിയെടുത്ത് വെള്ളത്തിലിട്ടു വച്ചിട്ടാവും പ്രഭാതകൃത്യങ്ങള്‍.. ദിനചര്യകളിലെ അടുത്ത് ഇനം പൂകൊരുക്കലാണ്.. മല്ലിയുടെ തണ്ടിലൂടെ നേരത്ത നൂല്കൊരുത്ത സൂചി കയറ്റി ഇതളറ്റത്ത്കൂടെയിറക്കി ഒന്നൊന്നായി ആ നൂലില്‍ കൊരുത്തെടുക്കും.. പൂക്കള്‍ മൊത്തം കൊരുത്ത് കഴിയുമ്പോള്‍ ഇടയ്ക്കിടെ പവിഴതുണ്ടുകള്‍ പിടിപ്പിച്ച അലങ്കാര മാലപോലെ തോന്നിക്കും..





ക്ലാസിലെത്തിയാല്‍ സുഹൃത്തുക്കളുടെ തലയിലെ മല്ലിമാലയുടെ നീട്ടമളക്കുകയാവും ആദ്യപടി.. പവിഴമല്ലി പൂക്കള്‍ തൊടികള്‍ക്കു അലങ്കാരമായിരുന്ന അക്കാലത്തതൊരു മത്സരമായിരുന്നു.. പതിയെ പതിയെ അവയൊക്കെയും ഭൂമിയോട് ബന്ധമറ്റ് പാത്രങ്ങളില്‍ മാത്രമായി ഒതുങ്ങിയ മറ്റു അലങ്കാര സസ്യങ്ങള്‍ക്ക് വഴിമാറിക്കൊടുത്തു.. പൂക്കളോടുള്ള സ്നേഹം എനിക്കൊപ്പം തന്നെ വളര്‍ന്നു അവയിറുക്കാതെ സൂക്ഷിക്കുന്ന ശീലത്തില്‍ എന്നെ എത്തിച്ച്.. പക്ഷെ അപ്പോഴേക്കും അയലത്തെ സുന്ദരി ഓര്‍മയില്‍ മാത്രമായി ഒതുങ്ങിയിരുന്നു.. എന്നോ ഒരുനാള്‍ ചോട്ടില്‍ ഒരു സര്‍പ്പസുന്ദരന്‍ വിശ്രമിക്കുന്നത്   കാണായകാരണം കാണിച്ച് സ്വന്തം രക്ഷകര്‍ത്താവ് തന്നെ അവളുടെ ജീവന്‍ ഹനിച്ചില്ലായിരുന്നെങ്കില്‍ ഉറപ്പായും എന്‍റെ പവിഴം.. നിന്‍റെ രക്ഷ്താവും, ഇടയ്ക്കിടെ നിന്‍റെ മൃദുമേനി കരണ്ട് തിന്നാന്‍ വന്നിരുന്ന കരിവണ്ടനും ഉള്‍പ്പെടുന്ന ശത്രു വലയത്തില്‍ നിന്നു നിനക്ക് ഞാന്‍ കാവല്‍ മാലാഖയായേനെ..

കട : ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ മാമനോട് 

No comments:

Post a Comment