Wednesday 5 September 2012

ഉപ്പുനെല്ലിക്ക...

വീട്ടില്‍ നിന്നു നടന്നു ചെല്ലാവുന്ന ദൂരത്തായിരുന്ന് സ്കൂള്‍ എന്നത്കൊണ്ട് എന്നും വീട്ടില്‍ വന്നു ഉച്ചയൂണ്  കഴിച്ചിട്ട് തിരിച്ച്പോവാന്‍ സൗകര്യം ഉണ്ടായിരുന്നു.. രാവിലെയെന്നോ ഉച്ചക്കെന്നോ തിരിവില്ലാതെ കുഞ്ഞിതലകള്‍ വെളിയില്‍  കാണുന്നയുടന്‍ കൂട്ടുകൂടാന്‍ കൊതിച്ച്  പെയ്തിറങ്ങിയിരുന്ന മഴയില്‍ നനഞ്ഞു തണുത്ത് കയറുന്നതിനു പിന്നാലെ ആവി പറക്കുന്ന ഊണ കത്താക്കാന്‍ പ്രത്യേക രസകരമായിരുന്നു..  കൈയും കാലും കഴുകി നിലത്ത് ചമ്രം പടിഞ്ഞിരുന്നു വിസ്തരിച്ച് കിണ്ണത്ത്തില്‍ ഉണ്ണ്ന്നതിനു, കൈയ്യിട്ടാല്‍ അനക്കാന്‍ സ്ഥലമെത്താത്ത  കുഞ്ഞ് ചോറുപാത്രത്തില്‍ ഉണ്ണ്ന്നതിനേക്കാള്‍ സുഖം ഉറപ്പു..

മഴക്കാറ്  നിറഞ്ഞു അരണ്ട വെളിച്ചത്തില്‍  അടുക്കളയുടെ നിലത്തിരുന്നു പുറത്തെ മഴക്കൊപ്പം അകത്തെ റേഡിയോയും ചെര്‍ന്നോരുക്കുന്ന പശ്ച്ച്ചാത്തലത്തല സംഗീതവും കൂട്ടി കുശാലുണ്ട് മഴയുടെ കൈയും പിടിച്ച് നേരെ വച്ച് പിടിക്കും സ്കൂളില്‍ കാത്തിരിക്കുന്ന കൂട്ടുകാരുടെ അടുത്തേക്ക്.. അവിടെ മുറ്റത്തൂറി വരുന്ന ഉറവയില്‍ കാലിന്റെ തള്ളവിരല്‍ അമര്‍ത്തിപിടിച്ച് കളിക്കാന്‍ തോന്നിയിരുന്ന ഉത്സാഹം ഇപ്പോഴും കുറയാതെ ബാക്കിയുണ്ട്.. പിന്നീടെപ്പോഴോ ഊണ് പൊതിഞ്ഞു കൊണ്ടുപോകാന്‍ തുടങ്ങി..


പാളികള്‍ ഇല്ലാതെ നീളത്തില്‍ അഴികള്‍ മാത്രം പിടിപ്പിച്ച വലിയ ജനലയുള്ള ഹാളിലായിരുന്നു വിദ്യാര്‍ഥികളും അദ്ദ്യാപകരും ഉള്‍പ്പെടുന്ന സാര്‍വജന ഭോജനം.. കൂട്ടുകാരുമൊത്ത് പങ്കു വച്ച് ഭക്ഷിക്കുന്നതിന്റെ രസം പിടിച്ചത് അവിടെനിന്നായിരുന്നു.. തൂക്കുപാത്രത്തിലെ കഞ്ഞിക്കൊപ്പം ഉണക്ക കപ്പക്കഷ്ണങ്ങള്‍ വറുത്തു കൊണ്ട് വന്നിരുന്ന കൂട്ടുകാരനെയും കറിപാത്രത്തില്‍ കൂട്ടുകാരുടെ എണ്ണത്തിന് തക്ക ഉപ്പുനെല്ലിക്ക കൊണ്ടുവന്നിരുന്ന കൂട്ടുകാരിയെയും ഇന്നും ഓര്‍ക്കുന്നു.. അറിയാതെ കൈ തട്ടി താഴെ വീണു പോയ ചോറുപാത്രം കഴുകി സഞ്ചിയില്‍ ഇട്ടു തന്നു, എന്നെ ഒപ്പം ഇരുത്തി (സ്വന്തം ഉച്ചഭക്ഷണം കുപ്പിയില്‍ കൊണ്ട് വന്ന വെള്ളത്തില്‍ മാത്രമായി ഒതുക്കി)  തന്റെ പാത്രത്തിലെ ചോറ് സ്നേഹത്തോടെ ഊട്ടിയ ടീച്ചറമ്മയെയും..




അരണ്ട വെളിച്ചത്തില്‍ ഇന്ന് വീണ്ടും ഒരുച്ചയൂണിനിരുന്നപ്പോള്‍ അടുത്ത് അവരില്ലേ എന്നു ഒരു നിമിഷം വെറുതെ ആശിച്ചു..

No comments:

Post a Comment