Monday 8 October 2012

ജീവിതചക്രം..


ദിക്കും ദിശയും കണക്കാക്കാതെ തിലങ്ങും വിലങ്ങും പായുമ്പോള്‍ വിശന്നു കരയുന്ന കുഞ്ഞുമക്കളുടെ മുഖംമാത്രമായിരുന്നു കണ്ണില്‍ ... അവരുടെ വിശപ്പാറ്റുന്ന അപ്പക്കഷണങ്ങള്‍ സ്വരുക്കൂട്ടാന്‍ സ്വീകരിച്ച മാര്‍ഗത്തിലെ ന്യായാന്യായങ്ങള്‍ എനിക്കൊരു തടസ്സമായില്ല..പിടിയിലാവും വരെ..പിടിക്കപ്പെട്ടാല്‍ മരണമാവും വിധിക്കപ്പെടുന്നത് എന്നറിഞ്ഞുകൊണ്ടു തന്നെ ഇറങ്ങിപ്പുറപ്പെട്ടിട്ടും എന്നെ ബന്ധനത്തിലാക്കിയ അഴികള്‍ എന്നില്‍ അസ്വസ്ഥതയുളവാക്കി..

ഒരുച്ചാട്ടതിനു കീഴ്പ്പെടുത്താന്‍ ഒരുങ്ങിയിരിക്കുന്ന വിധിയെക്കാള്‍ എന്നെ വീര്‍പ്പുമുട്ടിച്ചത് എന്‍റെ മരണം അനാഥത്വം നല്‍കാന്‍ പോകുന്ന കുഞ്ഞുങ്ങളുടെ നിസ്സഹായതയായിരുന്നു.. കാഴ്ചവച്ച് തുടങ്ങിയതെ ഉള്ളൂ!!  മരണത്തിന്റെ മുരള്‍ച്ച അടുത്തുവരുന്നില്ലേ!! ഉവ്വ്.. കണ്ണിനു നേരെ നില്‍ക്കുന്ന അവന്റെ മീശ വിറക്കുന്നത് കണ്ട് എന്‍റെ രോമകൂപങ്ങള്‍ എഴുന്നു നിന്നു..ഒരു വിറയല്‍ ശരീരമാസകലം പടര്‍ന്നു.. ദയവഴിയുന്ന ഒരു മുഖത്തിനു വേണ്ടി എന്‍റെ കണ്ണുകള്‍ ചുറ്റിലും ഉഴറി.. പുറത്താരുടെയൊക്കെയോ അനക്കം കേട്ടു പ്രതീക്ഷയുടെ നാമ്പ് എന്നില്‍ മൊട്ടിട്ടോ!! അഴിവാതില്‍ തുറക്കുന്ന നിമിഷം സര്‍വ്വശക്തിയുംചേര്ത്തോടി രക്ഷപ്പെടാന്‍ ഞാന്‍ തീരുമാനിച്ച്.. മരണം ഉറപ്പായവന്‍റെ, ജീവിതം കൈയ്യെത്തിപ്പിടിക്കുവാനുള്ള ഒരവസാന ശ്രമം..

മം.. ആരോ അടുത്തേക്ക് വരുന്നുണ്ട്..വാതില്‍ തുറന്നതും ഒടാനാഞ്ഞു ഞാന്‍ ഒരുങ്ങി നിന്നു.. മരണത്തിന്റെ മുരള്‍ച്ച വിട്ടുമാറാതെ എന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് അറിഞ്ഞുകൊണ്ടുതന്നെ തോല്‍ക്കില്ലെന്ന വാശി ഞാന്‍ എന്നില്‍ നിറച്ച്.. അതാ വാതില്‍ തുറയുന്നു.. ക്ഷീണം മറന്നു എന്നാലാവുന്നതിലും വര്‍ധിത വേഗത്തോടെ ഞാന്‍ ഓടി, കണ്ണില്‍ ഇരുട്ട് കയറുന്നത് വരെ!! ദൈവമേ!! എന്‍റെ കുഞ്ഞുങ്ങള്‍ക്കരികെത്താന്‍ ഓടിയ ഞാന്‍ കയറിയത് മരണത്തിന്റെ അന്നനാളത്തിലായിരുന്നോ!!! തിരിച്ചിറങ്ങാല്‍ വൃഥാ ശ്രമിക്കുമ്പോഴേക്കും മരണത്തിന്റെ കൂര്‍ത്തപല്ലുകള്‍ എന്‍റെ മൃദുമേനിയില്‍ അമര്‍ന്നു ചോരപൊടിഞ്ഞു തുടങ്ങിയിരുന്നു.. തോല്‍വിയുടെ അറ്റം കണ്ടുതുടങ്ങിയവന്റെ പ്രത്യാശ നശിച്ച കുതറല്‍ ......

കീ..കീ..കീ..കീ..കീ..കീ..  മരണത്തിന്റെ മരവിപ്പ് ശരീരത്തിലേക്ക് പടര്‍ന്നുകയറി.. ഓര്‍മ മറഞ്ഞു..എന്തെന്നറിയാത്ത ശാന്തത എന്നെ പൊതിഞ്ഞുവോ!! വേദനയില്ലാത്ത.. വേവലാതികളില്ലാത്ത.. ആരാലും ഭന്ജിക്കപ്പെടാത്ത നിത്യശാന്തി.. പുതിയൊരു ജീവിതചക്രത്തിനു നാന്ദി കുറിക്കുന്ന ഒടുക്കം..

No comments:

Post a Comment