Casement to thoughts
ചിന്തകള്ക്ക് പിന്നാലെ..
Sunday, 19 January 2020
Sunday, 24 March 2019
Thursday, 21 February 2019
ഒന്ന് ശ്റദ്ദിക്കൂ
ബാഹുമാന്യ ഗതാഗത വകുപ്പ് അധികൃതരുടെ ശ്രദ്ധയ്ക്ക്,
ഇന്ന് കാലത്ത് ആലുവ ട്രാൻസ്‌പോർട് സ്റ്റാന്റിൽ നിന്നു കുണ്ടന്നൂർക്കുള്ള യാത്രക്ക് ആലപ്പുഴ ഫാസ്റ്റിൽ സഞ്ചരിക്കവേ ഒരു 1/2 ടിക്കറ്റ് യാത്രക്കാരിയുടെ ഇരുന്നുള്ള യാത്രാസൗകര്യാർത്ഥം ആലുവ തൊട്ട് വൈറ്റില വരെയുള്ള ദൂരം അനവധി "മുഴുവൻ" ടിക്കറ്റ് യാത്രക്കാർ (ഉപയോഗമില്ലാത്ത കിടക്കുന്ന അര സീറ്റ് ഉറ്റുനോക്കിക്കൊണ്ടു) നിന്ന് യാത്രചെയ്യുന്നത് കാണാനിടയായി.. വിവിധ പ്രായ-ശാരീരിക അവസ്ഥയിലുള്ള അവരിൽ പലർക്കും നാൽപതു മിനിട്ടോളം നിന്ന് യാത്ര ചെയ്യുന്നതുകൊണ്ട് അനുഭവപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകളും തുടർന്ന് വേണ്ടിവരുന്ന വൈദ്യചിലവും പരിഗണനാർഹമല്ലേ എന്ന് ചിന്തിപ്പിച്ചത് 1/ 2 ടിക്കറ്റ് കാരിയുടെ സഹയാത്രികരാണ്.. കുഞ്ഞിനെ മടിയിൽ ഇരുത്താൻ അപേക്ഷിച്ച ഇതര യാത്രക്കാരോട് ആലുവയിൽ നിന്ന് ആലപ്പുഴവരെയുള്ള യാത്രയ്ക്ക് കുഞ്ഞിന് അര ടിക്കറ്റ് എടുത്തത് അങ്ങോളം അലോസരമില്ലാതെ ഇരുന്നു യാത്രചെയ്യാനാണെന്ന (ഇതിനിടയിൽ വളരെ ചുരുങ്ങിയ സമയം മാത്രമേ ആ കുഞ്ഞു സീറ്റിൽ ശരിക്ക് ഇരുന്നു കണ്ടുള്ളൂ എന്നത് വസ്തുത) അവരുടെ മറുപടി മേല്പറഞ്ഞവിധം ചിന്തിക്കാൻ പ്രേരകമായി..
ആടിയും ചാടിയും കുലുങ്ങിയും (ഇടക്കുള്ള ഗതാഗത കുരുക്കുകളിൽ കാത്തുകെട്ടിയും) ഓടിക്കൊണ്ടിരിക്കുന്ന യാനങ്ങളിൽ അധികം ദൂരം നിന്ന് യാത്ര ചെയ്യേണ്ടിവരുന്നത് അത്ര സുഖകരമല്ലാത്ത ഒന്നാണെന്ന് അതിശയോക്തി കൂടാതെ മനസ്സിലാക്കാവുന്ന കാര്യമാണ്. തുടക്കംതൊട്ടൊടുക്കം വരെ ഇരുന്നു തന്നെ യാത്ര ചെയ്യേണ്ടുന്നവർ മുഴുവൻ യാത്രാപ്പടിയും കൊടുത്തു ഇരിപ്പിടം ഉപയോഗിച്ചോട്ടെ.. നിന്ന് യാത്രചെയ്യാൻ തയ്യാറുള്ളവർക്ക് കുറഞ്ഞയാത്രപ്പടിയെന്ന ആനുകൂല്യം എങ്കിലും ആവാമല്ലോ! ആയതിനാൽ ഇരിപ്പിടം ഉപയോഗിക്കുന്നവരുടെ യാത്രാപ്പടിയും മുഴുവൻ ദൂരവും നിന്ന് യാത്രചെയ്യുന്നവരുടെ യാത്രാപ്പടിയും ഒരേപോലെ ചിട്ടപ്പെടുത്തിയ നിലവിലുള്ള രീതി മാറ്റി, നിന്ന് യാത്ര ചെയ്യുന്നവരുടെ യാത്രാപ്പടിയിൽ ഇളവ് നൽകുന്നതിനെ - ഇത്തരം മാറ്റത്തിന്റെ പ്രായോഗികവശത്തെ കുറിച്ച് ചിന്തിക്കുകയും ഉചിതമായ തീരുമാനം എടുത്തു നടപ്പാക്കുകയും ചെയ്യണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു..
താഴ്മയോടെ..
Monday, 24 December 2018
ചിന്തകള് ചിന്തുകള്..
മദ്യലഹരിയിൽ ബോധം നശിച്ച ഒരുവന് വര്ഷങ്ങളോളം അവൻ ആഗ്രഹിക്കുന്ന മറ്റേതോ പെണ്ണായി അറിഞ്ഞുകൊണ്ടുതന്നെ വഴങ്ങിക്കൊടുത്ത, അവന്റെ വരവിലും സാമീപ്യത്തിലും അർത്ഥമറിയാത്ത നിർവൃതി കൊണ്ട, അവനെ സ്വന്തമാക്കാനാഗ്രഹിച്ചുകൊണ്ടുള്ള നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു പലായനത്തിൽ ജീവരക്ഷ തേടിയ ആ പെൺജീവിതവും മനസും ചിന്തകളും കടന്നുപോയ വിചാര-വിവേകവഴികൾ കാഴ്ചക്കാരെ ജിജ്ഞാസുവാക്കുന്നില്ലേ!! ചിത്രത്തിലെങ്ങും പ്രത്യക്ഷത്തിൽ കാണാത്ത സ്വാർത്ഥലാഭത്തെ മേൽപ്പറഞ്ഞ ചോദ്യത്തിനുത്തരമായി സങ്കല്പിച്ചുണ്ടാക്കാൻ തോന്നിയില്ല.. സ്ത്രീ എന്ന ലിംഗഭേദത്തിനു ലോകം കല്പിച്ചു നൽകിയ അഴുകിയ വിശേഷണങ്ങളൊന്നും സ്വീകാര്യവുമല്ല.. പ്രണയത്തിന്റെ വിവരണാത്മകമായതിനപ്പുറമുള്ള ഒരു തലം അല്ലെ അവരിലുണ്ടായിരുന്നത്!!
ചില മനോഭാവനകൾ അങ്ങനെയാണ്!! അത് വിവരിക്കാനുള്ള ശ്രമം വാക്കുകളുടെ പരിമിതി കാണിച്ചുതരും.. ഏതൊരു കഥയിലും സദൃശമായ കഥാപാത്രങ്ങൾ കാണാമെന്നു തോന്നുന്നു.. രാമായണത്തിലെ മാണ്ഡവിയും ഊര്മിളയും, മഹാഭാരതത്തിലെ മാദ്രി, രാധ (കർണ്ണന്റെ വളർത്തമ്മ), ഭാഗവതത്തിലെ രോഹിണി. അങ്ങനെ അങ്ങനെ.. ഇവരുടെയൊക്കെ വിചാരങ്ങളും വികാരങ്ങളും പലപ്പോഴായി മാറ്റിയെഴുതപ്പെട്ട ഇതിഹാസങ്ങളുടെ ഏതെങ്കിലും ഏടുകളിൽ ഇടംപിടിച്ചിട്ടുണ്ടോ!!! മുഖ്യകഥാപാത്രങ്ങളിൽ മാത്രമായി പ്രാധാന്യം കേന്ദ്രീകരിച്ചെഴുതുന്ന വരികൾക്ക്/ചിത്രങ്ങൾക്ക് മറ്റു ഉപ കഥാപാത്രങ്ങളുടെ പകിട്ട് കുറയ്ക്കാനാകും.. എന്നാലും കുറച്ചു കണ്ണുകളെങ്കിലും പകിട്ടുകൾക്കുപിന്നിലെ ആഴവ്യതാസങ്ങൾ അറിയുമായിരിക്കും..അത്തരം വ്യത്യസ്ത ചിന്തകളെങ്കിലും അവരുടെ അവസ്ഥാന്തരങ്ങളെ അറിയുമായിരിക്കും!!! അല്ലെ???🤔🤔🤔🤔
Sunday, 13 August 2017
അജ്ഞാത പരിചിതൻ..
വടക്റ്റത്തന്നുള്ള മടക്കയാത്രയിൽ ആയിരുന്നു.. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള തീവണ്ടിയാത്ര.. കാലേക്കൂട്ടി സീറ്റുറപ്പിക്കൽ ഇത്തവണ ഒത്തില്ല.. ടിക്കറ്റെടുക്കാൻ വരിയിൽ നിൽക്കുമ്പോഴേക്കും തീവണ്ടി പ്ളാറ്ഫോമിൽ എത്തി. തിരക്കിട്ടു സ്ലീപ്പർ ടിക്കറ്റെടുത്തു കയറിയിരുന്നു..
യാത്രകൂലി കാലത്തെടുത്തതിനെക്കാൾ വളരെ കുറവാണെന്നു തോന്നിയെങ്കിലും സ്ലീപ്പർ എന്ന് ചോദിച്ചു വാങ്ങിയ ഉറപ്പിന്മേൽ യാത്ര തുടങ്ങി...
പകുതിയിലധികം ദൂരം താണ്ടിക്കഴിഞ്ഞാണ് പരിശോധകൻ എത്തിയതും കയ്യിലുള്ളത് ജനറൽ ടിക്കറ്റാണെന്നു മനസ്സിലായതും... അബദ്ധം/പരിചയക്കുറവ് മനസ്സിലാക്കിയാവണം അടുത്ത സ്റ്റേഷനിൽ ഇറങ്ങി ജനറലിൽ കയറാനുള്ള താക്കീതിൽ നടപടി ഒതുങ്ങി കിട്ടി..
അടുത്ത സ്റ്റേഷനിൽ വണ്ടി നിറുത്തിയതും അനുസരണയുള്ള ശമര്യാക്കാരനായി ജനറൽ ലാക്കാക്കി വച്ചുപിടിച്ചു.. സ്ലീപ്പറുകൾക്കും ജനറലിനും നടുക്കുള്ള ശീതീകരിച്ച കോച്ചുകൾക്ക് അടുത്തെത്തിയപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങി.. മറ്റുവഴികൾ കാണാഞ്ഞ് ഏറ്റവും അവസാനത്തെ എസി കോച്ചിന്റെ വാതുക്കൽ നിലയുറപ്പിച്ചു....
എന്നെപോലെ തന്നെ അവിടെഎത്തിപെട്ട ഒരു സഹയാത്രികനുണ്ടായ അനുഭാവം എന്നെ സഹായിക്കാനുള്ള സന്നദ്ധതയിൽ അദ്ദേഹത്തെ എത്തിച്ചു.. അതിനുമടുത്ത സ്റ്റേഷനിൽ ഇറങ്ങി ജനറൽ കൈയ്യടക്കുവാൻ കിട്ടിയ സമയം കൊണ്ട് അദ്ദേഹം എന്നെ വാക്കാൽ പരിശീലിപ്പിച്ച്... വണ്ടി നിന്നതും ഉഷചേച്ചിയും നമ്പ്യാർ സാറും പരിശീലനത്തിനിടെ എന്നപോലെ രണ്ടുപേരും ഇറങ്ങി മുന്നിലേക്കോടി..
കൃത്യം ജനറലിനോട് ചേർന്ന എ1 കൊച്ചിനടുത്തു ആ ഓട്ടം തീർന്നു.. നീങ്ങി തുടങ്ങിയ വണ്ടിയിൽ നിവൃത്തികെട്ട് എ1 കോച്ചിൽ ഏന്തിവലിഞ്ഞുകയറി നിവർന്നത് കറുത്ത കോട്ടും വെളുത്ത ചിരിയുമണിഞ്ഞ റ്റീ റ്റിഈയുടെ മുഖത്തേക്ക്... കുസൃതി ചിരിയോടെ കഥാവികാസം കേട്ട ആ മാന്യ ദേഹം കഥാന്ത്യത്തിൽ ക്ലാസ്സ് സമയത്ത് കാമ്പസ്സിൽ വച്ച് പിടിക്കപ്പെട്ട കൗമാരകമിതാക്കൾക്കെന്ന ഭാവേന കൂട്ടുപ്രതികൾക്കു ശിക്ഷ വിധിച്ചു.. "മം രണ്ടുപേരും തിരിഞ്ഞു നില്ക്കു.. എന്നിട്ടു നേരെ നടന്നോ... എങ്ങും നിന്നെക്കരുത്.."
അത്രയും നേരം സ്വസ്ഥമായി യാത്ര ചെയ്തുകൊണ്ടിരുന്നൊരാൾ എന്നെ സഹായിക്കാനുള്ള ഉദ്യമത്താൽ അപകടത്തിലായി എന്ന ചിന്ത എന്നെ അലട്ടി.. നിർദ്ദേശിക്കപ്പെട്ട വഴി നടക്കുമ്പോൾ ഒൻപതോ പത്തോ ബോഗികൾക്കപ്പുറത്തുള്ള പിന്നിലെ ജനറൽ കമ്പാർട്ട്മെന്റിലേക്കാണ് നാടുകടത്തപ്പെട്ടതെന്നും ട്രെയിൻ അടുത്ത് നില്ക്കാൻപോണത് അദ്ദേഹത്തിനിറങ്ങേണ്ടുന്ന സ്റ്റേഷനിൽ ആണെന്നും തുടർന്ന് വരുന്നത് എനിക്കിറങ്ങേണ്ടയിടം ആണെന്നും സഹയാത്രികൻ പറഞ്ഞറിഞ്ഞു.. എങ്കിൽ പിന്നെ പിറകിലേക്ക് നടക്കുന്നില്ലെന്ന് ഞാനും ഉറപ്പിച്ചു..
ഒളിംപിക്സ് പരിശീലനം കഴിഞ്ഞ ഉഷച്ചേച്ചിയുടെ വിജയത്വരയുമായി ഞാനും പരിശീലകന്റെ പ്രതീക്ഷയോടെ അപ്പോഴും അപരിചിതനായ ആ സഹയാത്രികനും സ്ലീപ്പറിന്റെ തുടക്കത്തിൽ നിലയുറപ്പിച്ചു..
തീവണ്ടിയുടെ വേഗം കുറഞ്ഞുതുടങ്ങിയപ്പോൾ തന്നെ അതുവരെ താങ്ങും തണലുമായതിനു സഹയാത്രികന് നന്ദിപറഞ്ഞു..
വണ്ടി സ്റ്റേഷനിൽ നിന്ന നിമിഷമാത്ര കൊണ്ട് ലക്ഷ്യപ്രാപ്തി കൈവരിച്ച എന്റെ കണ്ണുകൾ ആദ്യം തിരക്കിയത് എന്നെക്കാൾ എന്റെലക്ഷയപ്രാപ്തി ആഗ്രഹിച്ചു പ്രതീക്ഷയോടെ എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ആ മുഖമാണ്.. എന്റെ സുരക്ഷിത-യാത്ര ഉറപ്പാക്കിയ ആശ്വാസം നിറഞ്ഞ ചിരി ആൾക്കൂട്ടത്തിൽ കണ്ടെത്തിയപ്പോൾ എന്റെ മുഖത്തും ചിരി പൊടിഞ്ഞു.. കൃതജ്ഞതയോടെ കൈ വീശി യാത്ര പറയുമ്പോഴേക്കും തീവണ്ടി നീങ്ങിത്തുടങ്ങിയിരുന്നു..
കടപ്പാട് : നിമിഷമാത്രയുടെ സാന്നിദ്ധ്യത്താൽ അപരിചിതത്വം വിടാതെ തന്നെ ആത്മബന്ധം ബാക്കിനിർത്തി കടന്നുപോവുന്നവർക്കു
Saturday, 22 July 2017
വാവ് തർപ്പണം
ഉപയോഗശൂന്യമായ മറ്റു പല വസ്തുക്കളെയും പോലെ മാതാപിതാക്കളെയും ഉപേക്ഷിച്ചു കളഞ്ഞ മക്കളും ജീവനായോ ഒരു പക്ഷെ അതിലും വിലപ്പെട്ട മറ്റെന്തൊക്കെയോ പോലെയോ മാതാപിതാക്കളെ മരണം വരെ ശുശ്രൂഷിച്ചിരുന്ന മക്കളും ഒരേ നിരയിലിരുന്നു ശീലം പോലെ വര്ഷം തോറും ചെയ്തു തീർക്കുന്ന ചടങ്ങു.... വാവ് തർപ്പണം....
സമർപ്പണം മക്കൾ എന്ന പ്രത്യാശക്കുമേൽ സ്വന്തം ആയുസ്സ് അർപ്പിച്ച ഒരുപാട് മാതാപിതാക്കൾക്ക്..
Tuesday, 11 April 2017
പ്രസാദ ഊട്ട്...
ചമ്രപ്പടിയും തൂശനിലയും മേശയ്ക്കും കിണ്ണത്തിനും ഇടമൊഴിഞ്ഞു കൊടുത്തെങ്കിലും ഉത്സവസദ്യയിൽ ഇനിയും മാറാത്ത ഒന്നാണ് തള്ളിക്കയറ്റം... പൊരിവെയിലത്തും അത് പഴയ പ്രതാപത്തോടെ തുടരുന്നു...
"ഓംനമഹ് ശിവായ.. ഭക്ത ജനങ്ങൾ ദയവായി തിരക്ക് കൂട്ടാതെ വരിപാലിച്ചു നിൽക്കേണ്ടതാണ് .. മഴുവൻ ആളുകൾക്കും വേണ്ടുന്നത്ര ഭക്ഷണം സംഘാടകർ ഒരുക്കിയിട്ടുണ്ട്.." തുടരെ തുടരെ ഉച്ച്ചഭാഷിണി പറഞ്ഞുകൊണ്ടിരുന്നു..
പ്രസാദ ഊട്ട് കഴിഞ്ഞെത്തിയ പാടെ ഉണ്ണികൾ ഉറക്കമായി.. കുടിക്കാൻ കിട്ടിയ പായസം ഊട്ടു പുരയിലെ തിരക്ക് കാരണം അമ്മയും അമ്മമ്മയും വീട്ടിലേക്കു കൊണ്ടുവന്നു.. ഉറക്കമുണർന്ന ഉണ്ണി അമ്മമ്മയുടെ പായസപാത്രം കാലിയാക്കി.. പിന്നാലെ അമ്മയുടെ പായസപാത്രത്തിൽ നിന്നും പങ്കു പറ്റാനും മറന്നില്ല.. കുമ്പ നിറഞ്ഞെന്നു തോന്നിയപ്പോൾ ഉച്ചഭാഷിണിയുടെ സഹായമില്ലാതെ ഒരറിയിപ്പ്.. "ഓം നമഹിവായാ.. അംബ്ലിത്തിലെ പാപ്പം ത്തീന്നു.. മേണ്ട"
രണ്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കായി സാരാംശം : ഇനി പായസം വേണ്ട..
കുഞ്ഞുങ്ങളുടെ മനസ്സ് ബ്ലോട്ടിംഗ് പെയ്പ്പർ പോലെയാ.. കിട്ടുന്നതത്രയും ഒപ്പിയെടുക്കും..