Sunday 17 February 2013

പൊങ്കാല......


നാട്ടിലെ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം... എണ്ണമറ്റ അടുപ്പുകളില്‍ നിന്നുയരുന്ന പുകനിറഞ്ഞു ഇരുണ്ട ക്ഷേത്ര പരിസരം... അനവധി സ്‌ത്രീ മനസ്സുകള്‍ ഒരേ ചിന്തയോടെ ഒരു സംവൃത്തിയില്‍ പങ്കു കൊള്ളുന്ന പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷം.. പങ്കെടുക്കുന്നവര്‍ക്കായുള്ള സംഘാടക സമിതി വക ഉപദേശങ്ങളും നിര്‍ദേശങ്ങളും ഉച്ചഭാഷിണിയിലൂടെ തത്സമയം അനര്‍ഗ്ഗളം പ്രസരിച്ചോണ്ടിരിക്കുന്നു..

"മുതിര്‍ന്നവരെക്കൂടാതെ  ഒരുപാട് കുട്ടികളും ഇത്തവണ പൊങ്കാലയില്‍ പങ്കുകൊള്ളുന്നുണ്ട്..  പൊങ്കാല ചടങ്ങുകളെ കുറിച്ച് അറിവുള്ളവര്‍ അടുത്ത് നില്‍ക്കുന്ന പുതുതലമുറയെക്കൂടി സഹായിക്കേണ്ടുന്നതാണ്... മാത്സര്യമില്ലാതെ സഹവര്‍ത്തിത്വത്തോടെ നടത്തപ്പെടേണ്ടവയാണ് ദൈവീകമായ ഇത്തരം കര്‍മ്മങ്ങള്‍ ..."  മംമം.. ക്ഷേത്രക്കമ്മിറ്റിയിലെ സ്ഥിരം അറിയിപ്പുകാരന്റെ ഘനഗംഭീര സ്വരത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊങ്കാലപ്പറമ്പിനു പുറത്ത് നില്‍ക്കുന്നവരുടെ കര്‍ണ്ണങ്ങളെ പോലും രസിപ്പിച്ചു...

ഇടക്കെപ്പോഴോ കൈമാറിക്കിട്ടിയ മൈക്കിലൂടെ (ഇതുവരെ പറഞ്ഞതിനെക്കാള്‍ ഒട്ടും മോശമാകരുത്  താന്‍ പറയുന്നതെന്ന വാശിയോടെ) കമ്മറ്റിയിലെ അപരന്റെ അറിയിപ്പ്..... "തുടക്കക്കാര്‍ , കുട്ടികള്‍ തൊട്ടടുത്തുള്ള മുതിര്‍ന്നവരില്‍ നിന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്... കൂടാതെ പങ്കെടുക്കുന്ന എല്ലാപേരും പൊങ്കാല കഴിയും വരെ മനസ്സിലെ ലൈംഗീകചിന്തകള്‍ മാറ്റിവച്ച് പ്രാര്‍ത്ഥനയോടെ നില്‍ക്കേണ്ടതാണ്..."

പ്ലിം!! അപ്രതീക്ഷിത അറിയിപ്പിനെ തുടര്‍ന്ന് ഞെട്ടിത്തരിച്ച്  നിന്നുപോയ ശ്രോതാള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് ടിയാന്റെ വക വിശദീകരണം വൈകാതെ എത്തി.. "കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചുമൊക്കെയുള്ള ലൗകീകമായ ചിന്തകള്‍ ദയവായി പൊങ്കാല കഴിയുന്നത് വരെ മനസ്സില്‍ നിന്ന് അകറ്റി നിര്‍ത്തുക... പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ നിര്‍ത്താതെ ഉരുവിട്ടുകൊണ്ടിരിക്കുക..." ഹാവൂ!! കുത്തരിപ്പായസത്തില്‍ കല്ലുകടിച്ചതുപോലുള്ള ഭാവം വെടിഞ്ഞു അംഗനമാര്‍ ദീര്‍ഘനിശ്വാസത്തോടെ പൊങ്കാല ഇടല്‍ തുടര്‍ന്നു...

No comments:

Post a Comment