മുല്ലപ്പൂ ചൂടിയ തരുണീമണികളും മത്സരിച്ച് വാര്‍ത്തകള്‍ പങ്കു വയ്ക്കുന്ന വനിതകളും മുണ്ടുടുത്ത് മേല്‍കുപ്പായം അഴിച്ച് തോളത്തണിഞ്ഞ പുങ്കവന്മാരും പക്കമേളങ്ങളും..രംഗം വീണ്ടും വീണ്ടും കൊഴുത്തു.. അമ്പലത്തില്‍ ഉത്സവം... കാഴ്ചകള്‍ ഓരോന്നും കണ്ടു ആസ്വദിച്ചു നടക്കുകയായിരുന്നു ഞാന്‍.. ആര്മാദിച്ചോടുന്നതിനിടെ ഇടയ്ക്കിടെ മുട്ടിയും തട്ടിയും കടന്നുപോയ കുഞ്ഞുങ്ങള്‍ എന്നെ ബാല്യത്തിലേക്ക് നടത്തിച്ചു.. സ്മൃതി തന്‍ ചിറകിലേറി ബാല്യത്തിന്റെ നിറം കണ്ടു ഞാന്‍ പതിയെ പുറത്തേക്കുള്ള വാതില്‍ ലക്ഷമാക്കി നടന്നു.. എതിരെ വന്ന ഒരു ഇളംതെന്നല്‍ എന്നെ തലോടിക്കൊണ്ട് അകത്തേക്ക് പോയി..
വാതില്‍ കടന്നു വഴിയിലേക്ക് കാലെടുത്തുവച്ച എന്റെ മുന്നിലൂടെ കറുത്ത കരിമ്പടം പുതച്ചു താങ്ങാവുന്നതിലും കൂടുതല്‍ ഭാരം പേറുന്നപോലെ തോന്നിച്ച കാലുകള്‍ ഉയര്‍ത്തി വെച്ച് വലിച്ചു നടക്കുന്ന ഒരാള്‍ കടന്നു പോയി.. കാലറ്റം മൂടുന്ന കരിമ്പടം പുതച്ചിരുന്ന അയാളുടെ ചുവന്ന പട്ടുമുണ്ടിന്നറ്റം കരിമ്പടത്തിന്റെ തുമ്പുകള്‍ക്കിടയിലൂടെ പുറത്തേക്ക് ചാടി എന്റെ നോട്ടം പിടിച്ചു.. മൊത്തത്തില്‍ ഒരു അസ്വാഭാവികത അനുഭവപ്പെട്ടു ഞാന്‍ കുറച്ചു നേരം അയാളെ നോക്കി നിന്നു.. അമ്പല മതിലിന്നറ്റം കടന്നയാള്‍ വഴി തിരിയും വരെ നോക്കി നിന്നിട്ട് ഞാന്‍ നടന്നു തുടങ്ങി..
യാത്രയില്‍ തീര്‍ത്തും സാധാരണമായ ഒരു സംഭവം, മുന്നിലൂടെ വഴിമുറിച്ച് കടന്നുപോയ ഒരാള്‍, ഇതില്‍ ഇത്ര കണ്ടു ഉത്കണ്ടപ്പെടാനെന്തെന്ന കൌതുകം, താണ്ടുന്ന ദൂരത്തിനോപ്പം എന്നില്‍ ഏറിക്കൊണ്ടിരുന്നു.. ചുവന്ന പട്ടുമുണ്ടും, മുഷിഞ്ഞ കരിമ്പടവും തന്നെക്കാള്‍ ഭാരിച്ചതെന്നു തോന്നിക്കും വിധം കാലുകള്‍ ഉയര്‍ത്തി വലിച്ചുവച്ചുള്ള ആ നടപ്പും.. കാഴ്ച്ചകള്‍ കണ്ണിനു മുന്നില്‍ ആവര്‍ത്തിച്ചു തെളിയുമ്പോള്‍ അതിലെ അസ്വാഭാവിക വീണ്ടും എന്നെ കുഴക്കി..
ഒരടികൂടി വക്കും മുന്‍പ് എന്‍റെ മുന്നിലൂടെ രണ്ടുപേര്‍ ആര്‍ത്തലച്ച് ഓടി വന്നു.. മുന്നില്‍ ഓടുന്നയാളുടെ കയ്യിലെ ഇരട്ടത്തലയുള്ള വാള്‍ വെയിലില്‍ വെട്ടിത്തിളങ്ങി.. ചുവന്ന പട്ടുമുണ്ട് തെറ്റുടുത്ത, പ്രത്യേക ആകൃതിയുള്ള കറുത്ത മേല്‍ക്കുപ്പായവും വീതിയുള്ള കറുത്ത അരപ്പട്ടയും അണിഞ്ഞു മുന്നില്‍ ഓടുന്ന അയാളുടെ മുഖം എത്രതന്നെ ക്രൂരവും ഭീബത്സവുമായിരുന്നോ അത്ര തന്നെ സാത്വികമായിരുന്നു അയാളെ പിന്തുടര്‍ന്നെത്തിയ ആളുടെ മുഖം.. അനുനിമിഷം ഇരട്ടിക്കുന്ന കോപത്താല്‍ മധ്യാഹ്ന സൂര്യനെ പോലെ തീക്ഷ്ണതയുള്ള ആ കണ്ണുകളില്‍ അപ്പോഴും നന്മയുടെ ഒരു തിളക്കം മങ്ങാതെ തെളിഞ്ഞു നിന്നിരുന്നു..
വെളുത്ത കുപ്പായത്തിനും മുണ്ടിനും മേല്‍ മഞ്ഞ നിറമുള്ള കച്ച കെട്ടിയിരുന്ന ആ സാത്വിക രൂപം മുന്നിലോടുന്ന ഭീഭത്സ രൂപത്തോട് പട വെട്ടുകയായിരുന്നോ എന്നു സംശയിച്ച നിമിഷം നടത്തം നിര്‍ത്തി ഞാന്‍ അവരെ വീക്ഷിച്ചു.. ഞാനെന്നൊരു ജീവി ആ പരിസരത്തെങ്ങും ഇല്ലെന്നകണക്കെ ആ രണ്ടു രൂപങ്ങള്‍ എതിരെയുള്ള വഴിയുടെ അറ്റം താണ്ടി മറഞ്ഞു.. ഊഹം സത്യമെങ്കില്‍ ആ വെളുത്ത രൂപത്തിന് മുറിവേല്‍ക്കരുതെന്നും ജയം അതിനു സ്വന്തമാവണമെന്നും മനസ്സ്
വൃഥാ ആശിച്ചുവോ!! ചിന്തകളുടെ ചരട് മുറിച്ചു ഞാന്‍ മുന്നോട്ടു നടക്കുമ്പോള്‍ ലക്‌ഷ്യം അവ്യക്തമായിരുന്നു.. ഒരുപക്ഷെ ആ രൂപങ്ങള്‍ തമ്മില്‍ നടന്നിരിക്കാന്‍ സാധ്യതയുള്ള രണത്തെ കുറിച്ച് ചിന്തിച്ചു ഞാന്‍ സ്വന്തം ലക്‌ഷ്യം കൈമോശം വരുത്തിയതോ!
ഉത്സവത്തിമിര്‍പ്പിനിടയിലേക്ക് തിരിച്ചെത്തിയിട്ടും എന്‍റെ മനസ്സ് തെളിഞ്ഞിരുന്നില്ല.. ആള്‍ക്കൂട്ടത്തിന് നടുവിലും ഞാന്‍ ഒറ്റപ്പെട്ടു.. കാതുകളില്‍ അലയടിക്കുന്ന ആര്‍മാ ദങ്ങളും ആര്‍പ്പുവിളികളും അദൃശ്യമായ ഒരു യുദ്ദത്തിന്റെ കാഹളത്തില്‍ അലിഞ്ഞില്ലാതായി.. അശാന്തി നീറ്റിയ മനസ്സോടെ ഞാന്‍ വീണ്ടും വഴിയിലെക്കിറങ്ങി നടന്നു.. കടന്നുപോയ ദൂരമത്രയും എന്‍റെ മിഴികള്‍ മുഖമറിയാത്ത ആ രണ്ടു രൂപങ്ങളെ തേടി.. കണ്ണുകളിലൂടെ ഹൃദയത്തിലേക്ക് ചേക്കേറിയ ആ രൂപങ്ങള്‍ക്ക് അന്നേരം കൊണ്ട് ഉടുവസ്ത്രത്തിന്റെ നിറങ്ങളാല്‍ മാത്രം എന്‍റെ ഭാവന ധരമമെന്നും അധര്‍മമെന്നും നാമങ്ങളും സ്ഥാനങ്ങളും കല്പിച്ചു നല്‍കിക്കഴിഞ്ഞിരുന്നു...
ധര്മത്തിന്റെ പ്രതിരൂപമായി ശുഭ്രവസ്ത്രധാരിയും തിന്മക്കാള്‍രൂപമായി അരുണാച്ഛന്നനും സങ്കല്‍പ്പങ്ങള്‍ വര്‍ണ്ണം ചാലിച്ച പടനിലത്തില്‍ വീറോടെ പോരാടിക്കൊണ്ടിര്ന്നു.. പോര്‍ക്കളത്തിലെ അവസ്ഥാന്തരങ്ങള്‍ അന്നന്നേരം അറിയാനുള്ള ഔത്സുക്യം ധര്മാധര്‍മരണങ്ങള്‍ വിവരിക്കാനൊരു സഞ്ജയന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ എന്നു തോന്നിച്ചു.. ഭാവനകളുടെ തടവില്‍ നിന്നു മോചിതയാവാന്‍ ഒരു പാഴ്ശ്രമം നടത്തി പരാജയപ്പെട്ടു ഞാന്‍ അലക്ഷ്യമായ നടത്ത തുടര്‍ന്നു.. വഴിയില്‍ വട്ടം കൂടിനിന്നു പിറുപിറുക്കുന്ന ഒരാള്‍ക്കൂട്ടത്തിനു മുന്നിലാണ് എന്റെ ആ നടപ്പ് അവസാനിച്ചത്..
വഴിമധ്യത്തില്‍ സഞ്ചാരം തടസ്സപ്പെടുത്തും വിധം ആളെക്കൂട്ടിയ ആ കാഴ്ച കല്പിത അങ്കത്തട്ടില്‍ നടന്നുകൊ ണ്ടിരുന്ന പോരിന്റെ ബാക്കിപത്രമാകാമെന്ന സൂചന എവിടെനിന്നോ ഉള്ളില്‍ കടന്നു കൂടി.. വീറും വാശിയും നിറഞ്ഞ പോരാട്ടതിനൊടുക്കം കുറിക്കുന്ന രക്ത പങ്കിലമായ മുറിവുകളേയും ശരീരങ്ങ ളേയും കുറിച്ചുള്ള ചിന്ത ഹൃദയത്തെ അശാന്തിയുടെ മുള്‍ക്കൂടണിയിച്ചു.. അധര്‍മത്തിന്റെ ബലിഷ്ടമായ കരങ്ങളാല്‍ ധര്മത്തിനേറ്റിരിക്കാവുന്ന ക്ഷതങ്ങള്‍ എന്നെയും വേദനിപ്പിച്ചു.. ആകാംക്ഷയോടെ ഞാന്‍ ആള്‍ക്കൂട്ടം വകഞ്ഞു മാറ്റി മുന്നിലേക്ക് കയറി..വേവുന്ന മനസ്സോടെ അവിടെ പരതിയ എനിക്ക് അരക്കൊപ്പം വച്ച് രണ്ടായി മുറിക്കപ്പെട്ട ഒരു ശരീരമാണ് കാഴ്ച്ചയൊരുക്കിയത്.. ഒന്നില്‍നിന്നൊന്നു വേര്‍പ്പെട്ട് ഒരു ശരീരത്തിന്റെ രണ്ടു പാതികള്‍ മണ്ണില്‍ കുരുതിക്കളം തീരത്ത് അനക്കമറ്റു കിടക്കുന്നു ..
ചോരയില്‍ കുതിര്‍ന്ന ആ ശരീരം പൊതിഞ്ഞിരുന്നത് ചുവന്ന പട്ടുമുണ്ടും കറുത്ത മേല്ക്കുപ്പായവുമാണെന്ന തിരിച്ചറിവ് എന്റെയുള്ളില്‍ എന്തെന്നറിയാത്ത ആഹ്ലാദത്തിന്റെ തിരകള്‍ ഉയര്‍ത്തി.. അധര്‍മത്ത്തിനു മേല്‍ വിജയം നേടിയ ധര്മിഷ്ടനായ ധീരയോദ്ധാവിനെപോല്‍ ഞാന്‍ ആമോദം പൂണ്ടു.. പുളകം കൊണ്ടെഴുന്ന രോമങ്ങള്‍ക്കൊപ്പം ഞാനും ഉറക്കംവിട്ടുണര്‍ന്നു.. അര്‍ഥം അറിയാത്ത സ്വപ്നങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി എഴുതി ചേര്‍ത്തുകൊണ്ട്.. പേരോ നാടോ കാര്യകാരണങ്ങളോ മുഖമോ പോലും അറിയാത്ത രണ്ടു ശരീരങ്ങള്‍ക്ക് അവയെ പൊതിഞ്ഞ വസ്ത്രങ്ങളുടെ നിറത്താല്‍ മാത്രം വ്യക്തിത്വവും സ്വഭാവവും സ്ഥാനവും പ്രിയവും അവജ്ഞയും കല്പിച്ചു നല്‍കി അവരുടെ ജയത്തിലും തോല്‍വിയിലും സ്വന്തമായൊരാനന്ദം കണ്ടെത്തിയ എന്റെ ഭാവനയുടെ ന്യായാന്യായങ്ങളെ ചോദ്യം ചെയ്തു കൊണ്ട് ഞാന്‍ വീണ്ടുമൊരു ദിവസം തുടങ്ങി..
No comments:
Post a Comment