Wednesday, 5 September 2012

ഉല്ലാസയാത്ര...

മുറിയാത്ത ചരടില്‍ ഉല്ലാസം കൊരുത്ത് നീളുന്ന യാത്ര.. പായുന്ന കാറിന്റെ പിന്‍ സീറ്റില്‍ ചില്ലിനരികിലിരുന്ന് കാറ്റില്‍ ഇടയ്ക്കിടെ കണ്ണ് പൊത്തുന്ന മുടിയൊതുക്കാന്‍ ഞാന്‍ പാടുപെട്ടു.. പരിചിതമല്ലാത്ത പേരുപോലുമാറിയാത്ത നാടിന്‍റെ മനം മയക്കുന്ന ഭംഗിയില്‍ ഞാനെന്നെത്തന്നെ മറന്നിരുന്നു.. പാതയോരത്തെ അലങ്കരിക്കുന്ന പച്ചപ്പ്‌...തെങ്ങും കമുകും മരങ്ങളും നെല്‍പ്പാടങ്ങളും... പ്രകൃതിയുടെ മണമേറ്റിയ കാറ്റും.. പരിഷ്കാരം അലങ്കൊലപ്പെടുത്താത്ത നാടും നാട്ടാരും.. എന്‍റെ സങ്കല്‍പ്പങ്ങളില്‍ എന്നും ഹരിതസമ്പുഷ്ട്ടമായ ഒരു നാടുണ്ടായിരുന്നു.. വിശ്രമജീവിതമെങ്കിലും ഇതുപോലോരു മണ്ണില്‍ ആസ്വദിക്കാനായാല്‍!!

വഴിയോരക്കാഴ്ചകള്‍ പിന്നിലേക്കോടുന്ന വേഗം കുറഞ്ഞു.. വണ്ടി വലത്തേക്ക് തിരിയുകയാണ്.. തറ നിരപ്പില്‍ നിന്നു വഴി ഉയര്‍ന്നിരിക്കുന്നതും മുന്നോട്ടു പോകുംതോറും കൂടുതല്‍ ഉയരുന്നതും അറിഞ്ഞു..ഞങ്ങള്‍ ഏതോ കയറ്റത്തിലാണ്.. നോക്കിയിരിക്കെ കനത്ത വെള്ളപ്പുക പരന്നു മുന്നിലുള്ള വഴിയാകെ മൂടി.. വീണ്ടും കാഴ്ച തെളിഞ്ഞപ്പോഴേക്കും ഞങ്ങള്‍ സഞ്ചരിക്കുന്നത് ഒരു പാലത്തില്‍ കൂടിയാണെന്നും കര ദൂരെയാണെന്നും മനസ്സിലായി..തണുപ്പിനു കട്ടി കൂടിയപ്പോള്‍ ഞാന്‍ ഷോള്‍ വലിച്ചു പുതച്ചു.. ഇടക്കിടെ വഴിഒളിപ്പിച്ചു കളിക്കുന്ന വെള്ളപ്പുക കോടതന്നെയായിരുന്നോ അതോ മേഘപാളികളോ എന്നൊരു നിമിഷം ശങ്കിച്ചു മുന്നിലേക്ക്‌ നോക്കുമ്പോള്‍ ബോണെറ്റിനു മുകലൂടെ ഞാന്‍ കണ്ടു.. മുന്നിലേക്കുള്ള പാതയില്‍ ഒരു കാറിനു കടന്നുപോവാന്‍ കഴിയുന്നതിലും വീതികൂടിയ വിടവ്..

അപകടം മണത്ത ഞാന്‍ ഡ്രൈവറുടെ മുഖത്തേക്ക് നോക്കി.. ഡ്രൈവിംഗ് ആസ്വദിച്ച് വാഹനം പായിക്കുന്ന ഡ്രൈവറുടെ മുഖത്ത് പക്ഷെ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.. അങ്ങനൊരു വിടവ് അയാളവിടെ കണ്ടില്ലെന്നുണ്ടോ!! ആര്‍മാദത്തില്‍ മുഴുകിയിരുന്ന എന്‍റെ സഹയാത്രികരോട് എനിക്കെന്തെകിലും സൂചിപ്പിക്കാനാവും മുന്പു ഒരു കുട്ക്കം പോലും തോന്നിക്കാതെ ഞങ്ങളുടെ വാഹനം വിടവും കടന്നു മുന്നേറിയത് തെല്ലൊന്നതിശയിപ്പിച്ച്ചു.. മുടിനാരിഴിരയുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടെന്ന് നിശ്വസിച്ച്, കണ്ടതൊന്നും ആരെയും അറിയിക്കാതെ ഞാന്‍ സീറ്റിലെക്ക് ചാരി പഴയത് പോലെ പുറംകാഴ്ച്ചകളില്‍ മുഴുകി..

യാത്ര അപ്പോഴും പാലത്തിലൂടെ തന്നെയായിരുന്നെന്നും കരയോടടുക്കുന്നേയുള്ളുവെന്നും ഞാനപ്പോഴാണ് ശ്രദ്ദിച്ച്ചത്.. ചുറ്റുപാടുകളില്‍ നിന്ന് അത് അണക്കെട്ടിനടുത്തുള്ള ഒരു പ്രദേശമായിരിക്കുമെന്നു ഊഹിച്ചു.. പേരറിയാത്ത, സൌന്ദര്യം ഏറെയുള്ള ആ സ്ഥലം വിശദമായി കാണാന്‍ ഒരിക്കല്‍ അങ്ങോട്ടേക്ക് മാത്രമായി വരണമെന്ന് മനസ്സിലുറപ്പിച്ചു.. അഗാധമായ താഴ്ചയിലേക്ക് പെട്ടെന്ന് പതിക്കുമ്പോള്‍ ഉണ്ടാവുന്നതുപോലെ ഒരാന്തല്‍ എന്‍റെയുള്ളില്‍ നിന്നും ഉയര്‍ന്നു.. ചിന്തവിട്ടുണര്‍ന്ന ഞാന്‍ കാറിന്റെ ബോണെട്റ്റ് പിന്‍ വശത്തെക്കാള്‍ താഴ്ന്നിരിക്കുന്നത് തിരിച്ചറിഞ്ഞു... തുടര്‍ന്നുള്ള നിമിഷങ്ങളില്‍ ഉള്ളിലെ ആന്തല്‍ ഒരു നിലവിളിയായി.. ഞങ്ങളെ വഹിച്ചുകൊണ്ട് കാര്‍ കുത്തനെ ആഴമറിയാത്ത കടുത്ത പച്ച നിറമുള്ള ജലത്തിലേക്ക്‌ പതിക്കുകയാണ്... ഓളങ്ങള്‍ പോലുമില്ലാതെ നിശ്ചലമായികിടക്കുന്ന വെള്ളത്തിന് അടുക്കുന്തോറും പച്ച്ചപ്പ് കൂടുന്നുണ്ടോ!!!   സഹയാത്രികരുടെ രോദനവും വിവരമറിയുമ്പോഴുണ്ടാവുന്ന ബന്ധുജനങ്ങളുടെ അലമുറയും എന്‍റെ കാതില്‍ മാറ്റൊലി കൊണ്ടു..

കുന്നിമണിപോലെ കൈക്കുമ്പിളില്‍ വച്ചു വളര്‍ത്തിയ അച്ഛന്‍.. മകളുടെ മുഖത്ത് ഒരു ചെറിയ വാട്ടം പോലും സഹിക്കാത്ത, സ്നേഹിച്ചു തലോചിച്ച അമ്മ.. മകള്‍ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ മുതല്‍ തിരിച്ചു കയറും വരെ വഴിക്കണ്ണുമായി കാത്തിരിക്കുന്ന നിങ്ങള്‍ ചേതനയറ്റ, വീര്‍ത്തു വികൃതമായ എന്‍റെ ശരീരം കാണുമ്പോള്‍! "എന്ത് തന്നെ സംഭവിച്ചാലും ഞാന്‍ വീഴുന്നുണ്ടെങ്കില്‍ എന്‍റെ അമ്മയുടെ മടിയില്‍ എത്തിയിട്ടാവും, അതുവരെ മരണത്തിനു പോലും എന്നെ വീഴ്ത്ത്താനാവില്ലമ്മേ" എന്ന് ഓരോ തവണയും വീട്ടില്‍ന്നിറങ്ങുമ്പോള്‍ അമ്മക്ക് തരുന്ന ഉറപ്പിന് ഇതായിരുന്നോ അര്‍ഥം എന്നു അമ്മ നിലവിളിച്ചു ചോദിക്കുമ്പോള്‍!! വേവോടെ കാത്തിരിക്കുന്ന മകള്‍ ജഡമായ് മുന്നില്‍ കിടക്കുന്നത് കണ്ടു തളര്‍ന്നു വീഴുന്ന അവര്‍ ആശ്വസിപ്പിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന ബന്ധുക്കളും സുഹൃത്തുക്കളും!!!!.. കാഴ്ചകള്‍ പലതും കണ്മുന്നില്‍ മിന്നി മറഞ്ഞു..

സമസ്യകള്‍ അത്രയും ബാക്കിയാക്കി കരാളഹസ്തം വിടര്‍ത്തി മുന്നില്‍ നില്‍ക്കുന്ന മരണത്തില്‍ അമരും മുന്‍പ് എന്നെ ധൈര്യപ്പെടുത്താന്‍ ഞാന്‍ വിഫലമായി ശ്രമിച്ചു.. സ്നേഹത്താല്‍ ബന്ധിതമായ ഹൃദയങ്ങള്‍ക്ക് വിനിമയിക്കാന്‍ മറ്റൊരു മാര്‍ഗം ആവശ്യമില്ലെന്നോര്‍ത്ത നിമിഷം മുഴുവന്‍ സ്നേഹവും ചേര്‍ത്ത് അച്ഛനോടും അമ്മയോടും ഞാന്‍ മനസ്സാലെ യാത്ര ചോദിച്ചു.. മക്കളെ നെഞ്ചിലേറ്റി നടക്കുന്ന അവര്‍ എന്‍റെ വിളി കേട്ടുകാണുമെന്നാശ്വസിച്ച് ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.. ഭാരം പേറിയ വാഹനം ഉയരം മുഴുവന്‍ താണ്ടി, അവിടം അടക്കിവാണ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് വലിയ ശബ്ദത്തോടെ വെള്ളപ്പരപ്പ് തൊട്ടു.. ബോധതലത്തില്‍ നിന്നും അബോധാവസ്തയിലെക്കുള്ള ചെറിയ ദൂരം.. അരിച്ചിറങ്ങുന്ന മരവിപ്പ്.. തനിക്കു കൈവിട്ടുപോയ സ്ഥാനം നിശബ്ധത പതിയെ പതിയെ വീണ്ടെടുത്തു.. ഓളവും ഒച്ചയും നിലച്ച് അന്തരീക്ഷം നിശ്ചലമായി.. മരിക്കുന്നവന്‍ മരണം അനുഭവിച്ചറിയുമെന്നു അമ്മമ്മ പറഞ്ഞത്!!..

മിന്നൂ.. മിന്നൂ.. അമ്മയുടെ ശബ്ദം ഞാന്‍ വ്യക്ത്തമായി കേള്‍ക്കുന്നു.. പക്ഷെ എന്‍റെ ശബ്ദം.. അതിനി ഒരിക്കലും അമ്മക്കരികിലെത്തില്ലല്ലോ!! ഒരിക്കല്‍ കൂടി മാത്രം ഒന്ന് സംസാരിക്കാനായെങ്കില്‍ പറയാമായിരുന്നു.. ഇണക്കത്തിലും പിണക്കത്തിലും കുസൃതിയിലും എല്ലാം എനിക്കമ്മയെ ഒര്പാടിഷ്ടമായിരുന്നെന്ന്.. എന്നെക്കാള്‍ മറ്റാരേക്കാള്‍ ഞാനമ്മയെ സ്നേഹിച്ചിരുന്നെന്ന്.. മിന്നൂ.. മിന്നൂ... അമ്മയുടെ ശബ്ദത്തില്‍ ദേഷ്യം കലരുന്നുണ്ടോ? ആവര്‍ത്തിച്ചു വിളിച്ചാലും ദേഷ്യപ്പെട്ടാലും മകള്‍ ഇനി ഉണരില്ലെന്നു ആരെങ്കിലും അമ്മയോടൊന്നു പറയൂ..

മിന്നൂ.. ഇത്തവണ കാര്യമായ ഗൌരവം തന്നെ.. നീയിന്നോഫീസില്‍ പോണില്ലേ!!! സൂര്യന്‍ തൊട്ടു വിളിച്ചാലും പ്രായമായ പെണ്പിള്ളേര്‍ക്കെണീക്കാറായില്ല!!!!.. ഒരു സ്വപ്നം കൂടി ബാക്കി വച്ചു പതിവ് പോലെ പാതി തുറന്ന കണ്ണുകളുമായി ഞാന്‍ തോര്ത്തുമെടുത്ത് നടന്നു..

No comments:

Post a Comment