മൂന്നാം ക്ലാസ്സിലെ മലയാളം ടെക്സ്റ്റ് പുസ്തകം.. കുഞ്ഞുങ്ങള്‍ക്ക് വായിക്കാന്‍ പാകത്തിന് വലിയ ഭംഗിയുള്ള അക്ഷരത്തില്‍ മനോഹരമായി അച്ചടിച്ച കഥകള്.. അതിലൊന്ന് അല്പം ഉച്ചത്തില്‍ വായിച്ചു തുടങ്ങിയപ്പോ എന്‍റെ കുസൃതിക്കുട്ടി അവധിക്കാലതിമിര്‍പ്പുപേക്ഷിച്ച് അടുത്ത് വന്നിരുന്നു.. ഉത്സാഹത്തോടെ ഞാന്‍ വായന തുടര്‍ന്നു.. വായനയ് ക്കൊടുവില്‍ കുഞ്ഞിനായി കഥയുടെ സാരാംശവും പറഞ്ഞു..
ഒരു കാട്ടില്‍ കുറേ മരങ്ങളുണ്ടായിരുന്നു.. അവക്കിടയില്‍ നിറയെ പഴങ്ങള്‍ നിറഞ്ഞ ഒലിവു മരവും സുഗന്ധം പരത്തുന്ന ചന്ദന മരവും കേമത്തം പറഞ്ഞു മത്സരിച്ചു പോന്നു.. ഇടയില്‍ നില്‍ക്കുന്ന ലൂവി മരമാകട്ടെ വിനയാന്വിതനായി ഇരുവര് ടേയും പൊങ്ങച്ചങ്ങള്‍ക്ക് ചെവി കൊടുത്തുമിരുന്നു.. കാലവും ഋതുക്കളും മാറി..വേനലും വസന്തവും പോയി.. നാടും കാടും വെള്ള പുതപ്പിച്ചു മഞ്ഞുകാലം വരവായി...
സ്നേഹത്തിന്റെ ഉണ്ണി പിറന്ന ആ നല്ല നാളുകള്‍ അടുത്ത്.. ലോകരത്രയും സമ്മാനപ്പൊതിയേന്തി വരുന്ന മഞ്ഞപ്പുപ്പനെ കാത്തിരിപ്പായി.. മരങ്ങളുടെ മത്സരം അവിടെയും തുടര്‍ന്നു.. ഒലിവു പഴങ്ങള്‍ ഒരുപാടിഷ്ടമുള്ള സന്താക്ലോസ് അപ്പുപ്പന്‍ തന്റടുത്താവും ആദ്യം എത്തുക എന്നു ഒലിവു മരവും, ഇലകളിലും പൂക്കളിലും സുഗന്ധം പേറുന്ന തന്റടുത്താവും അപ്പുപ്പന്‍ ആദ്യം വരികയെന്ന് ചന്ദന മരവും വാദിച്ചു.. അവകാശപ്പെടാന്‍ പ്രത്യേകതകള്‍ ഒന്നുമില്ലാതിരുന്ന ലൂവി മരം നിശബ്ധനായി... മഞ്ഞപ്പുപ്പനെ ദൂരെനിന്നെങ്കിലും കാണാനായിരുന്നെങ്കില്‍ എന്നു അവന്‍ ആശിച്ചു..
കാത്തുകാത്തിരുന്ന നേരമായി.. മഞ്ഞപ്പുപ്പന്റെ വണ്ടിയിലെ മണികളുടെ ശബ്ദം അടുത്തടുത്ത് വന്നു.. ആകാംഷയോടെ നിന്ന ഒലിവു മരത്തിനരികില്‍ ചിറകൊടിഞ്ഞു ചോരയില്‍ കുതിര്‍ന്ന ഒരു കുഞ്ഞിക്കിളി ഇഴഞ്ഞും പറന്നും വീണ്ടും ഇഴഞ്ഞും വന്നെത്തി.. തണുപ്പില്‍ വിറങ്ങലിച്ച് പോവുന്ന തനിക്കു അല്പം ചൂടും ഇരിക്കാന്‍ ഇടവും തരണമെന്ന് കുഞ്ഞിക്കിളി മരത്തോടു കേണു.. അപ്പുപ്പനെ എതിരേല്‍ക്കാന്‍ നില്‍ക്കുന്ന തന്നെ ശല്യം ചെയ്യരുതെന്ന് പറഞ്ഞു മരം കിളിയെ വിരട്ടിയോടിച്ചു..
ചന്ദന മരവും അഭയം നല്‍കാതെ തല്ലിയോടിച്ച കിളിക്ക് ലൂവി മരം തന്റെ ചില്ലകള്‍ താഴ്ത്തിക്കൊടുത്തു.. ഏറെ പ്രയാസപ്പെട്ടു ചില്ലയിലേറിയ കിളിയെ ലൂവി മരം തന്റെ നെഞ്ചോടു ചേര്‍ത്ത് ചൂട് നല്‍കി.. ആശ്വാസം തോന്നിയ കിളി മരത്തോടു ചേര്‍ന്നിരിക്കുമ്പോഴേക്കും സാന്റാക്ലോസ് അപ്പുപ്പന്‍ അവിടെ എത്തിക്കഴിഞ്ഞിരുന്നു.. പഴങ്ങള്‍ നിറഞ്ഞ ഒലിവുമരത്തെയും സുഗന്ധം പരത്തുന്ന ചന്ദന മരത്തെയും അവഗണിച്ച് അപ്പുപ്പന്‍ ലൂവി മരത്തിനടുത്തു ചെന്നു..
സ്നേഹത്തോടെ അതിന്‍റെ ചില്ലകളില്‍ തഴുകി അപ്പുപ്പന്‍ പറഞ്ഞു.. തളര്ന്നവശയായ കിളിക്കുഞ്ഞിന് ചൂടും അഭയവും നല്‍കിയ നിന്നെ എനിക്കിഷ്ടമായി.. ഇനി എല്ലാ ക്രിസ്മസ് കാലത്തും നീ തിളങ്ങുന്ന പൂക്കള്‍ അണിഞ്ഞു നില്‍ക്കുക.. ഇത് പറഞ്ഞു അപ്പുപ്പന്‍ തന്റെ സഞ്ചിയില്‍ നിന്നും മുത്തുകള്‍ വാരി ലൂവി മരത്തിനു നേരെ എറിഞ്ഞു.. മുത്തുക്കളെല്ലാം ലൂവി മരത്തില്‍ ഒട്ടിച്ചേര്‍ന്ന്‍ തിളങ്ങുന്ന പൂക്കളായി.. അങ്ങനെ ലൂവി മരം ക്രിസ്മസ് മരമായി..
സാകൂതം എന്നെ വീക്ഷിച്ചോണ്ടിരുന്ന വാവയുടെ വിടര്‍ന്ന കണ്ണുകളിലേക്കു നോക്കി എന്റെ ചോദ്യം.. ഇപ്പൊ കണ്ണന്‍ എന്ത് പഠിച്ചു? ഒരുവനെന്നും എളിമയും സ്നേഹവും ഹൃദയത്തില്‍ പേറണം.. അതേ ഈണത്തില്‍ താളത്തില്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ വാവ.. "ഹ്ഹ്മം.. ഇത്രേം ചെറിയ കാര്യമാ ഇവര് നീട്ടിപ്പിടിച്ച് നാല് പേജില്‍ എഴുതി വച്ചേക്കുന്നത്.."
അപ്പൊ ശശിയാര് സോമനാര്!?!!!
No comments:
Post a Comment