Wednesday 5 September 2012

മഴ മുത്തുകള്‍ ....


മഴയുടെ മുത്തുകള്‍ ജനല്‍ച്ചില്ലില്‍ ചിത്രം രചിക്കുന്നത് കുറേ നേരം കണ്ടു നിന്നു..ആസ്വാദനം എപ്പോഴോ ആശങ്കയിലേക്ക് വഴിമാറി.. മഴ അന്തമില്ലാതെ നീളുകയാണ്..മൂന്നാം നിലയിലെ വരാന്തയില്‍ അന്തേവാസികളുടെ എണ്ണം കൂടിത്തുടങ്ങി.. ഇറ്റു വീഴുന്ന തുള്ളികളില്‍ നിന്നും നീണ്ട ഇഴകളായി മഴച്ചാറല്‍ ബലപ്പെട്ടു.. "മുറിയാതെ പെയ്യുന്ന മഴയ്ക്ക് തോരാനയെന്നാണ് പേര്‍" അയലത്തെ അമ്മമ്മയുടെ ഓര്‍മ്മപുതുക്കല്‍.. മുന്‍പൊരിക്കലും ഇത്രയും സമയം തുടര്ച്ചയായി മഴ പെയ്തിട്ടില്ലല്ലോ!! ചിന്തകളെ പാതിയില്‍ മുറിച്ചുകൊണ്ട് വിഡ്ഢിപ്പെട്ടിയിലെ തല്‍സമയ വിവരണങ്ങളും പടരുന്ന ഭീതിയും അന്തരീക്ഷം കൈയ്യടിക്കിതുടങ്ങി..

പ്രകൃതിയുടെ തോരാക്കണ്ണീരില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു നാടിനെയും പൌരന്മാരെയും ചാനലുകളിലൂടെ ആകാംഷയോടെ ഉറ്റു നോക്കുന്ന ലോകജനത ശബ്ദമായി അറിവിലേക്ക്  ചേക്കേറി..സ്ഥിതി അറിയാന്‍ താഴേക്ക്‌ നോക്കിയ ഞാന്‍ ഒരു ഞെട്ടലോടെ കണ്ടു, നില്‍ക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇരച്ചു തുടങ്ങിയ വെള്ളം.. കീഴടക്കിയ ഉയരം വിളിച്ചോതാന്‍ അത് അലതല്ലുന്നുണ്ടായിരുന്നു.. കടുത്തചാര നിറത്തില്‍ അന്നേരം ആ വെള്ളത്തില്‍ നിറഞ്ഞു നിന്നത് മനുഷ്യനെ നിസ്സഹായനാക്കിയതിന്റെ അഹങ്കാരമായിരുന്നോ!! അതോ പലപ്പോഴായി ഭൂമുഖത്ത് നിന്ന് തുടച്ച് മാറ്റപ്പെട്ട ജീവനുകള്‍ ഉണര്‍ത്തിയ നിര്‍വികാരതയോ?!!

ചുറ്റുമുണ്ടായിരുന്ന മുഖങ്ങളിലെ ഭയപ്പാടില്‍ നിന്നു സാഹചര്യത്തിന്റെ അധികരിച്ചുകൊണ്ടിരിക്കുന്ന തീവ്രത വായിച്ചെടുത്തെങ്കിലും മനസ്സില്‍ തെല്ലും ഭീതിതോന്നിയില്ലെന്നത് എന്നെ അതിശയിപ്പിച്ചു.. മുന്‍പ് കണ്ട അണക്കെട്ട് വീഴ്ച്ച സ്വപ്നത്തിന്റെ തുടര്‍പ്പതിപ്പായിരിക്കുമോ ഇതും എന്നു സംശയിച്ച് പലവട്ടം കണ്ണ് ചിമ്മി തുറന്നു.. തൃപ്തി വരാതെ കൈവെള്ളയില്‍ നുള്ളി നോക്കി.. അല്ല ഞാന്‍ ഉറക്കമല്ല.. കാണുന്നതത്രയും സത്യം തന്നെയെന്നു നടുക്കത്തോടെ മനസ്സിലാക്കുമ്പോഴും മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു..

രണ്ടാം നിലയില്‍ നിന്നും മൂന്നിലെക്കും നാലിലെക്കും ജലപ്രവാഹം തന്‍റെ ജൈത്രയാത്ര തുടര്‍ന്നപ്പോള്‍ കാണികളത്രയും അഞ്ചാം നിലയിലേക്ക് കുടിയേറി.. ഭാഗ്യം... മഴ തോര്‍ന്നു തുടങ്ങി.. ഇടമുറിയാത്ത ചരടില്‍ നിന്നും ചെറിയ ചാറ്റയിലേക്ക് ചുരുങ്ങിയ മഴയെ തൊട്ടു ഞാന്‍ താഴേക്കൊരുപാളി നോക്കി.. ആദ്യ തുള്ളി നെറുകില്‍ ഏറ്റുവാങ്ങാന്‍ എനിക്കിടം തന്ന വരാന്ത വെള്ളക്കയറ്റത്തിന്‍റെ ചാരപ്പരപ്പില്‍ മറഞ്ഞുകഴിഞ്ഞു.. ഒരുപാട് സന്തോഷങ്ങളും സങ്കടങ്ങള്‍ളും പങ്കുപറ്റിയ ആ വരാന്തയില്‍ വീണ്ടും ചെല്ലാന്‍ കുറച്ചുനാളുകളെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് തെല്ലു വിഷമത്തോടെ ഓര്‍ത്തു..

തിരിച്ചു മുറിയിലേക്ക് കയറുമ്പോള്‍ അതുവരെ ഭീതി അണിഞ്ഞിരുന്ന മുഖങ്ങളിലൊക്കെ ആശ്വാസം പരക്കുന്ന കാഴ്ച എന്നെ എതിരേറ്റു.. ഗോവണിയുടെ അടുത്ത് നിന്നിരുന്ന എനിക്ക് ജനലിലൂടെ പുറം കാഴ്ച്ചകള്‍ കാണാനായി.. ഉയരം കുറഞ്ഞ കെട്ടിടങ്ങളിലെ അന്തേവാസികളെ ഓര്‍ത്തു നെടുവീര്‍പ്പിടുമ്പോഴാണ് ജാലകക്കാഴ്ചയില്‍ അനുഭവപ്പെട്ട   അസാധാരണമായ ചരിവ് ഞാന്‍ ശ്രദ്ധിച്ചത്.. തുടര്‍ന്ന് കേട്ട നിലവിളികളില്‍ ഞങ്ങളെയും കൊണ്ട് കെട്ടിടം ഒരു വശത്തേക്ക് ചരിയുന്നതു ഇനിയും തിരിച്ചറിയാത്തവര്‍ക്കായുള്ള താക്കീത് ഉണ്ടായിരുന്നു.. പ്രാണഭയത്തോടെ കുറേ പേര്‍ കെട്ടിടത്തിന്റെ മറുവശത്തേക്കൊടിമാറിയത് പതനത്തിന്റെ ആക്കം കൂട്ടാനേ ഉപകരിച്ചുള്ളൂ..

വീണു തുടങ്ങിയ കെട്ടിടത്തിന്റെ മട്ടുപ്പാവിലായിരുന്നു ഞാനന്നേരം..  റ്റൈറ്റാനിക്കിന്റെ വീഴ്ച്ചയില്‍ ഡെക്കിന്റെ കൈവരിക്കുപിന്നില്‍ പിടിച്ചുനിന്നു വെള്ളത്തിലേക്കടുക്കുന്ന ജാക്കിനെയും റോസിനെയും ഓര്‍മിപ്പിച്ചു കൊണ്ട് കെട്ടിടം വെള്ളത്തോടുത്തു..

എന്നെപ്പോലെ വേറെയും കുറെയാളുകള്‍ ആദ്യം വെള്ളം തൊടാന്‍ മത്സരിച്ചുകൊണ്ട്  മട്ടുപാവില്‍ ഒരുങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.. . വെള്ളം തൊട്ടു തൊട്ടില്ലെന്നായപ്പോള്‍ ജാക്കിനെ മനസ്സില്‍ സ്മരിച്ചു ആവുന്നത്ര ശബ്ധമുയര്ത്തി  ഞാന്‍ അലറി ചാടിക്കോടാ.. ലോകത്തേറ്റവും വേഗമേറിയ നീന്തല്‍ താരത്തെയും തോല്‍പ്പിക്കുന്ന വേഗത്തില്‍ കെട്ടിടം വീഴുന്ന സ്ഥലത്ത് നിന്നു നീന്തി മാറി രക്ഷപ്പെടാന്‍ നീന്തലറിയാത്ത ഞങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്ക്  പിന്നാലെ ആ വലിയ കെട്ടിടം അതിലും വലുപ്പമുള്ള ഒച്ചയോടെ  ജലപ്പരപ്പിലമര്‍ന്നു..

ചതഞ്ഞരയാതെ കരയിലേക്ക് നീന്തിക്കയറിയ ഞാന്‍ അതൊരമ്പലമുറ്റമാണെന്നു ആദ്യ കാഴ്ചയില്‍ തന്നെ മനസ്സിലാക്കി.. വീണിടത്ത് കൈവിട്ടുപോന്ന പല മുഖങ്ങളെയും അവിടെ ജീവനോടെ കണ്ട എനിക്ക് കൂട്ടത്തില്‍ അല്പം ധൈര്യം കാണിച്ചതിനും, അഭയസ്ഥാനമായി മറ്റുള്ളവര്‍ക്ക്  മട്ടുപ്പാവ് കാണിച്ചു കൊടുത്ത്  അതുവഴി  കാര്യങ്ങള്‍ ഒരു പതനത്തില്‍ കൊണ്ടെത്തിക്കാന്‍ പ്രേരകമായതിനുമുള്ള പഴി കേള്‍ക്കേണ്ടി വന്നു.. കേട്ടതൊന്നും കാര്യമാക്കാതെ കെട്ടിടത്തില്‍ കണ്ട കുഞ്ഞുങ്ങളുടെ മുഖം ഓര്‍ത്തെടുത്ത് അവരേയും തേടി ഞാന്‍ പരക്കം പാഞ്ഞു.. അവിടെയൊരു കോണില്‍ കണ്ട വെളുത്ത കെട്ടിന് ഒരു കുഞ്ഞിന്‍റെ ചേതനയറ്റ ശരീരവുമായി സാമ്യം തോന്നിയ നിമിഷം അസ്വസ്ഥതയുടെ മൂര്‍ധന്യമറിഞ്ഞു ഞാന്‍ പിടഞ്ഞുണര്‍ന്നു.. വിറങ്ങലിച്ച കാരിരുള്‍ എന്നെ മൂടി.. കാഴ്ച്ചകളത്രയും മറഞ്ഞുവോ!! എഹ്!!

ഏഹ്!! ഇത്.. കട്ടില്‍.. മുറി.. ഹോ.. പിന്നെയും സ്വപ്നമോ!! വൃത്തികേടു..എന്നാല്‍ പിന്നെ ഞാന്‍ നേരത്തെ നുള്ളിയപ്പോ ഉണര്‍ന്നൂടായിരുന്നോ.. വെറുതെ മനുഷ്യനെ നീറ്റാനായിട്ടു.. നാശം.. പുലര്‍കാലവെളിച്ചത്തിന്റെ ചുവടു പിടിച്ച് തോര്‍ത്തുമെടുത്ത് നടന്നു.. മറ്റൊരു ദിവസം തുടങ്ങാന്‍..



No comments:

Post a Comment