Wednesday 5 September 2012

അജ്ഞാതന്‍ ...

പുഴുങ്ങിയ കപ്പയും മുളകിടിച്ചതും.. മലയാളത്തിന്റെ  പ്രിയ ഭക്ഷണം.. എന്റെതും.. മാമനതറിയാം.. അതോണ്ട് എന്നേം കൂടെക്കൊണ്ടോയീ..

...എവിടിയാ മാമാ നമ്മള് പോണേ???
 ...കപ്പ പുഴുങ്ങീത് ഇഷ്ടമല്ലേ നിനക്ക്.. ന്നാ അത് തിന്നാനാ മ്മള് പോണേ..
... ദൂരെയാ??
...വേം നടക്ക്..
... മം...

ഓട്ടത്തിന്‍റെ  സമവേഗത്തിലുള്ള നടത്ത ഞങ്ങളെ  എത്തിച്ചത് ഒരു പഴയകാല വീടിന് മുന്നില്‍..വൃത്തിയുള്ള മുറ്റവും താഴ്ത്തി ഓടു പാകിയ കൂരയും ഇറയവും ഒക്കെ എനിക്ക് സന്തോഷം തന്നു.. മുന്നിലെ തിട്ടയില്‍ വച്ചിരിക്കുന്ന  വാഴയിലക്കീറിലെ  കൂനയില്‍നിന്നു കപ്പക്കഷ്ണങ്ങള്‍ അതിനരികിലെ ഇത്തിരി ചമ്മന്തിപ്പരപ്പില്‍ അമര്ത്തി പ്രത്യേക താളത്തില്‍ അകത്താക്കിക്കൊണ്ടിരുന്ന (വേഷഭൂഷാദികളാല്‍ തച്ചോളി ചന്തൂന്റെ വകേലെ അളിയനെ അനുസ്മരിപ്പിച്ച) അജാനബാഹു എന്റെ ശ്രദ്ധ പിടിച്ചത് അപ്പോഴാണ്... കുപ്പായമിടാതെ മുണ്ടുടുത്ത് ചുവന്ന കച്ച കൊണ്ട് മുണ്ടിനെ സ്ഥാനഭ്രംശത്തില്‍ നിന്ന് രക്ഷിച്ചുറപ്പിച്ച അദ്ദേഹം തന്റെ നീട്ടിവളര്‍ത്തിയ  മുടി വലതുകാതിനു മുകളിലായി ഒതുക്കി ഉരുട്ടിക്കെട്ടിവച്ചിരുന്നു..

കൂടെവന്ന കുരുന്നിനെ പാടെമറന്നു തനിക്കു കിട്ടിയ കപ്പക്കൂമ്പാരത്തില്‍ മുങ്ങിയ അമ്മാവനെ കണക്കാക്കാതെ ഞാന്‍ ആ വലിയ ദേഹത്തെ തെല്ലിട നോക്കി നിന്നു.. എനിക്കജ്ഞാതനെങ്കിലും വളരെ പരിചിതമായ മുഖമായിരുന്നു അദ്ദേഹത്തിനെന്നോര്‍ത്ത നിമിഷം വീടിനകത്ത് നിന്ന് പുടവധാരിയായ ഒരു മധ്യവയസ്ക ഇറങ്ങി വന്നു.. ഒരു ബി.പി.എല്‍  മലയാളി കുടംബത്തിലെ തീരെ മോടികുറഞ്ഞ ഗൃഹനാഥയെ ഞാനവരില്‍ കണ്ടു..  "മോനവിടെ നില്‍ക്കാതെ, ഇങ്ങു വാ.." അപരിചിതത്വം തോന്നിക്കാത്ത വാത്സല്യമൂറുന്ന ആ വിളിക്ക് മറുപടിയായി ഞാന്‍ അനുസരണയോടെ അവര്‍ക്കൊപ്പം കയറിപ്പോയി..


സ്നേഹത്തോടെയുള്ള അവരുടെ ചോദ്യങ്ങള്‍ക്ക് എന്നില്‍ നിന്ന് ഉത്തരം കണ്ടെത്തുന്ന തിനോടൊപ്പം വിശപ്പിന്റെ പിടിയിലാഴന്ന  എന്‍റെ വയറും ആര്ത്തിനിറഞ്ഞ എന്റെ മനസ്സും അവിടുത്തെ സല്ക്കാരസൌഖ്യം അനുഭവിക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പുവരുത്തിക്കൊണ്ടിരുന്നു.. വിളമ്പിക്കിട്ടിയ  വിഭവങ്ങളുടെ, സ്വയം മറപ്പിക്കുന്ന രുചിയെ പിന്തള്ളിക്കൊണ്ട് ഒരു ചിന്ത എന്നെ തട്ടി  ഉണര്‍ത്തിയത് അന്നേരമായിരുന്നു.. "യ്യോ.. ഈ  വിളമ്പിത്തരുന്നത്   നമ്മുടെ കല്പ്പനചേച്ചിയല്ലേ??!! വോഡഫോണ്‍ കോമഡി സ്റ്റാര്‍സിലെ ജഡ്ജ്.. ആഹ്!! അത് തന്നെ.."

അതിശയോക്തിയില്‍ പിടഞ്ഞുണര്‍ന്ന എന്നെ എണ്ണം തെറ്റാതെ മണിഅടിച്ചിരുന്ന ഘടികാരം പുതിയൊരു ദിവസം തുടങ്ങിയെന്നറിയിച്ച് ..  പതിവ് പോലെ കണ്ണും  തിരുമ്മിയെണീറ്റു  തോര്ത്തുമെടുത്തു കുളിമുറിയിലേക്ക് നടന്ന ഞാന്‍ സ്വീകരണ മുറിയിലെ വിഡ്ഢിപ്പെട്ടിയില്‍ സ്വപ്നത്തില്‍ കണ്ട  പരിചിത മുഖമുള്ള അജ്ഞാതനായ ആ കപ്പതീറ്റക്കാരനെ വീണ്ടും കണ്ടു.. പരിഷ്കൃത വേഷത്തില്‍ കയ്യിലൊരു ചായത്തളികയും ബ്രഷും പിടിച്ച് അദ്ദേഹം നായികയുടെ ചിത്രം വരയ്ക്കുന്നു, പാടുന്നു, നായികക്കൊപ്പം ബോട്ടില്‍ സവാരി ചെയ്യുന്നു, പൂന്തോട്ടത്തില്‍ നടക്കുന്നു... 

ആ പാട്ടിനൊപ്പം ഞാനും  മൂളി "പൂ മാനമേ ഒരു രാഗ മേഖം താ.."

No comments:

Post a Comment