Wednesday 5 September 2012

ആള്‍ക്കൂട്ടം..

പതിവ് പോലെ ഇന്നും ഞങ്ങള്‍ ഒരുമിച്ചിറങ്ങി.. ഞാനും എന്‍റെ അനിയത്തിയും.. അല്ലേലും ഓര്‍മ വച്ചപ്പോള്‍ തുടങ്ങി എന്നും എവിടെയും ഞങ്ങള്‍ ഒരുമിച്ചായിരുന്നു.. ഇപ്പോഴും അത് തുടരുന്നു.. ഇടവഴി തിരിഞ്ഞു വല്യ വഴിയിലെക്കിറങ്ങിയപ്പോ അവിടവിടെയായി ആള്‍ക്കൂട്ടം.. അടക്കം പറച്ചിലുകളും അതിശയോക്തികളുമായി അവര്‍ പരിസരം മറന്നു നില്പാണ്.. കൊല്ല്‍,  കൊല അല്ലെങ്കില്‍ ഒരു  ആത്മഹത്യ..  കാര്യമായ എന്തോ ഒന്ന് പരിസരത്തെവിടെയോ അരങ്ങേറിയിരിക്കാവുന്നതിന്റെ എല്ലാ ലക്ഷണങ്ങളും തികഞ്ഞിട്ടുണ്ട്.. ഉദ്ഗ്വേദത്തോടെ ചെവിയോര്ത്തെങ്കിലും ഒന്നും കേള്‍ക്കാനോ അറിയാനോ കഴിഞ്ഞില്ല..

കുറച്ചൂടെ മുന്നിലേക്കെത്തിയപ്പോ വലതു വശത്തുള്ള ഇടവഴിയുടെ തുടക്കത്തിലെ  വീടിന്റെ വല്യ ഗേറ്റിനു മറവില് മൂന്നു പേര്‍ നിന്നു പതുങ്ങുന്നത് കണ്ടു.. അപൂര്‍ണ്ണമെങ്കിലും വാതില്‍ പാളികള്‍ക്കിടയിലൂടെ കണ്ട രൂപങ്ങള്‍ പ്രായംചെന്ന ഒരു അപ്പുപ്പനും അമ്മുമ്മയും കൂടെ വടിപിടിച്ച ഒരു ചെറുക്കനും ആണെന്ന് മനസ്സിലായി.. നീണ്ട താടിയുള്ള അപ്പുപ്പന്‍ കയ്യില്‍ ഒരു കുപ്പി പിടിച്ചിരുന്നു.. നടന്ന സംഭവവുമായി അവര്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കാം എന്നു അവരുടെ ചേഷ്ടകളില്‍ നിന്നു ഊഹിച്ചു ഞങ്ങള്‍ നടപ്പ് തുടര്‍ന്നു.. കവലയില്‍ എത്തിയപ്പോള്‍ ജനക്കൂട്ടവും പോലീസുകാരും സ്ഥലത്തെ പ്രധാന ബെയ്ക്കറിയെ പൊതിഞ്ഞുനില്‍ക്കുന്നത് കണ്ടു ഞങ്ങള്‍ നടപ്പ് നിര്‍ത്തി.. അവിടെ നിന്നും കിട്ടിയ പൊട്ടും പൊടിയും വച്ചു നടന്നത് ഒരു മോഷണശ്രമം ആണെന്നും പ്രതികള്‍ കൈയ്യോടെ അകപ്പെട്ടു എന്നും അറിഞ്ഞു..

ഒരു ശരാശരി മനുഷ്യന്റെ എല്ലാ ആകാംഷകളും ഉള്ള ഞങ്ങളും പ്രതികളെ കാണാന്‍ ജനക്കൂട്ടത്തില്‍ അംഗം ചേര്‍ന്ന്.. ആരവങ്ങളോടെ പ്രതികളെ ഏമാന്മാര്‍ കടയില്‍നിന്നിറക്കി ജീപ്പിലേക്കു കയറ്റി.. അവര്‍ രണ്ടുപേരുണ്ടായിരുന്നു.. ഒരു തടിയനും ഒരു എലുമ്പനും.. ചുരുണ്ട മുടിയും പാടുകളുള്ള ഭയപ്പെടുത്തുന്ന മുഖവുമുള്ള തടിയന്‍ വെള്ളയില്‍ ചുവപ്പ് വരകളുള്ളതും തടിയനെക്കാള്‍ വൈകൃത്യം കുറവുള്ള എലുമ്പന്‍ വെള്ളയില് പച്ച വരകളുള്ളതും ബനിയന്‍ ധരിച്ചിരുന്നു..  കുറച്ചു സമയമെടുത്തെങ്കിലും ഇരുപേരെയും ഞങ്ങള്‍ തിരിച്ചറിഞ്ഞു.. കൂട്ടത്തില്‍ ഇടവഴിയില്‍ പമ്മി നിന്നിരുന്ന മൂവര്‍ സംഘത്തെയും.. വിക്രമനും മുത്തുവും.. കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും..

ബസ് സ്റ്റോപ്പിലേക്കുള്ള നടത്തക്കിടെ എന്റെ അനിയത്തി എന്നോട് ചോദിച്ചു.. "എന്നാലും ഞാനെന്താവും അങ്ങനെ സ്വപ്നം കണ്ടത്"

No comments:

Post a Comment