Wednesday 5 September 2012

പിന്‍വിളി....

കുഞ്ഞുടുപ്പിട്ടു നടക്കുന്ന പ്രായത്തില്‍ എന്നോ ആണു ഞാന്‍ മിനിയെ ആദ്യമായി കാണുന്നത്.  അന്ന് പാവാടയും ബ്ലൌസുമായിരുന്നു മിനിയുടെ വേഷം..എന്നേക്കാള്‍ മുതിര്‍ന്നൊരാളെ പേര് വിളിച്ചത് പ്രായഭേദമന്യേ എല്ലാവരും അങ്ങനെ ചെയ്യുന്നത് കണ്ടിട്ടാണ്. കൂടെകളിക്കാന്‍ ഒരാള്‍ എന്നു മിനിയുടെ അമ്മ എന്നെ ചൂണ്ടി കാണിച്ചപ്പോള്‍ "വ്വാ.. കയ്യ്ക്കാം.." എന്ന് പറഞ്ഞു എന്‍റെ കയ്യില്പിടിച്ച് വലിച്ചുകൊണ്ട് മിനി പറമ്പിലേക്ക് ഓടി.   ഉറച്ചശരീരത്തില്‍ നിന്നു കേട്ട വ്യക്തതയില്ലാത്ത വാക്കുകള്‍ എന്നെ തെല്ലമ്പരപ്പിച്ചെങ്കിലും ഒട്ടും തന്നെ ഭയപ്പെടുത്തിയിരുന്നില്ല.  അധികം കഴിയും മുന്‍പേ, ശരീരത്തിനൊപ്പം മിനിയുടെ ബുദ്ധി വളര്‍ന്നിട്ടില്ലെന്ന സത്യം ഞാന്‍ ഉള്‍ക്കൊണ്ടു.

പിന്നീടുള്ള കുറേ നാളുകള്‍, അല്ല കുറച്ച് വര്‍ഷങ്ങള്‍ മിനിയോടോപ്പമായിരുന്നു എന്‍റെ സായാഹ്നങ്ങള്‍ . മാനസിക വളര്‍ച്ചയില്‍ എന്നേക്കാള്‍ ഇളപ്പമായിരുന്ന, എന്നെ ചേച്ചി എന്നു വിളിച്ചിരുന്ന, മിനി പക്ഷെ ചിലപ്പോഴൊക്കെ വളരെ പക്വമതിയും ശ്രദ്ധാലുവുമായി തോന്നിച്ചു.  പറമ്പിലെ കളികള്‍ക്കിടെ കുളത്തിന്റെ അരികത്തു എത്തുന്ന എന്നെ സ്നേഹത്തോടെ വിലക്കാനും അപകടസാധ്യതയെ കുറിച്ച് ഓര്‍മിപ്പിക്കാനും മിനിക്ക് കഴിഞ്ഞിരുന്നു. നാളുകള്‍ കഴിയുന്തോറും ഞങ്ങളുടെ അടുപ്പം കൂടിക്കൂടി വൈകുന്നേരമായാല്‍ മിനി എന്നെയും പ്രതീക്ഷിച്ച് വാതിക്കല്‍ കാത്തിരിക്കുന്ന പതിവില്‍ വരെ എത്തി.  വളര്‍ച്ചയുടെ പടവുകള്‍ ചവുട്ടിക്കയറുന്തോറും വല്ലപ്പോഴും തിരിഞ്ഞു നോക്കാനുള്ള എന്‍റെ ഓര്‍മ്മച്ചെപ്പിലെ കുന്നിമണികളിലോരാളായി എപ്പോഴോ മിനിയും മാറി.

രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നലെ യാദൃശ്ചികമായി മിനിയെയും അമ്മയെയും വഴിയില്‍ കണ്ടുമുട്ടി.  കാലം മറ്റുള്ളവരില്‍ വരുത്തിയ മാറ്റം മിനിയെ തീണ്ടിയതെ ഇല്ലായിരുന്നു.   പാവാടയും ബ്ലൌസും അണിഞ്ഞു നിഷ്കളങ്കത നുരയുന്ന പതിവ് ചിരിയോടെ മിനി മുന്നില്‍ നിന്നു.  വാര്‍ധക്യത്തിന്‍റെ പാരവശ്യം മിനിയുടെ അമ്മയെ വല്ലാതെ ഉലച്ചിട്ടുണ്ട്.  നേര്‍ത്ത പരിചയം തോന്നിയിട്ടാവം അമ്മയോട് സംസാരിച്ചു നിന്ന എന്നെ മിനി കുറച്ച് നേരം സൂക്ഷിച്ചു നോക്കി.  മുഖത്തോ ശരീരത്തിലോ മനസ്സിലോ വേഷത്തിലോ മാറ്റം തൊടാത്ത മിനിക്ക് പക്ഷെ സ്ഥിരം കാണുന്ന മുഖങ്ങളുടെ തിരക്കില്‍ ഒര്‍മ്മയുടെ ഏതോ കോണിലേക്ക് ഒതുങ്ങിപ്പോയ എന്‍റെ മുഖം ഓര്‍ത്തെടുക്കാന്‍ എളുപ്പമായിരുന്നില്ല.

ബുദ്ധി വളരാത്ത മകളെ ആര്‍ക്കുമൊരു ബാധ്യതയാവാതെ, സമൂഹത്തിന്റെ ആക്ഷേപം അവഗണിച്ച് ഇത്രയും വര്‍ഷങ്ങള്‍ തന്റെ അധ്വാനത്താല്‍ ഊട്ടി ക്ഷമയോടെ വളര്‍ത്തിയ ഒരമ്മയോടു സുഖവിവരം തിരക്കുന്നത് ക്രൂരമാവുമെന്നു മനസ്സിന് തോന്നിയപ്പോ എന്‍റെ നാവു മൌനം എടുത്തണിഞ്ഞു.  അവരെ കൂടുതല്‍ പ്രയാസപ്പെടുത്താതെ ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് നടന്നു നീങ്ങിയപ്പോള്‍ "വ്വാ.. കയ്യ്ക്കാം.." എന്ന പിന്‍ വിളി എന്നെ ബാല്യത്തിലേക്ക്, മറന്നു വച്ച ആ സായാഹ്നങ്ങളിലേക്ക്, പറമ്പിലേക്ക്, ഇറയത്തെക്ക് തിരിക്കെ നടത്തിയോ!

1 comment: