Sunday, 19 January 2020
Sunday, 24 March 2019
Thursday, 21 February 2019
ഒന്ന് ശ്റദ്ദിക്കൂ
ബാഹുമാന്യ ഗതാഗത വകുപ്പ് അധികൃതരുടെ ശ്രദ്ധയ്ക്ക്,
ഇന്ന് കാലത്ത് ആലുവ ട്രാൻസ്‌പോർട് സ്റ്റാന്റിൽ നിന്നു കുണ്ടന്നൂർക്കുള്ള യാത്രക്ക് ആലപ്പുഴ ഫാസ്റ്റിൽ സഞ്ചരിക്കവേ ഒരു 1/2 ടിക്കറ്റ് യാത്രക്കാരിയുടെ ഇരുന്നുള്ള യാത്രാസൗകര്യാർത്ഥം ആലുവ തൊട്ട് വൈറ്റില വരെയുള്ള ദൂരം അനവധി "മുഴുവൻ" ടിക്കറ്റ് യാത്രക്കാർ (ഉപയോഗമില്ലാത്ത കിടക്കുന്ന അര സീറ്റ് ഉറ്റുനോക്കിക്കൊണ്ടു) നിന്ന് യാത്രചെയ്യുന്നത് കാണാനിടയായി.. വിവിധ പ്രായ-ശാരീരിക അവസ്ഥയിലുള്ള അവരിൽ പലർക്കും നാൽപതു മിനിട്ടോളം നിന്ന് യാത്ര ചെയ്യുന്നതുകൊണ്ട് അനുഭവപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകളും തുടർന്ന് വേണ്ടിവരുന്ന വൈദ്യചിലവും പരിഗണനാർഹമല്ലേ എന്ന് ചിന്തിപ്പിച്ചത് 1/ 2 ടിക്കറ്റ് കാരിയുടെ സഹയാത്രികരാണ്.. കുഞ്ഞിനെ മടിയിൽ ഇരുത്താൻ അപേക്ഷിച്ച ഇതര യാത്രക്കാരോട് ആലുവയിൽ നിന്ന് ആലപ്പുഴവരെയുള്ള യാത്രയ്ക്ക് കുഞ്ഞിന് അര ടിക്കറ്റ് എടുത്തത് അങ്ങോളം അലോസരമില്ലാതെ ഇരുന്നു യാത്രചെയ്യാനാണെന്ന (ഇതിനിടയിൽ വളരെ ചുരുങ്ങിയ സമയം മാത്രമേ ആ കുഞ്ഞു സീറ്റിൽ ശരിക്ക് ഇരുന്നു കണ്ടുള്ളൂ എന്നത് വസ്തുത) അവരുടെ മറുപടി മേല്പറഞ്ഞവിധം ചിന്തിക്കാൻ പ്രേരകമായി..
ആടിയും ചാടിയും കുലുങ്ങിയും (ഇടക്കുള്ള ഗതാഗത കുരുക്കുകളിൽ കാത്തുകെട്ടിയും) ഓടിക്കൊണ്ടിരിക്കുന്ന യാനങ്ങളിൽ അധികം ദൂരം നിന്ന് യാത്ര ചെയ്യേണ്ടിവരുന്നത് അത്ര സുഖകരമല്ലാത്ത ഒന്നാണെന്ന് അതിശയോക്തി കൂടാതെ മനസ്സിലാക്കാവുന്ന കാര്യമാണ്. തുടക്കംതൊട്ടൊടുക്കം വരെ ഇരുന്നു തന്നെ യാത്ര ചെയ്യേണ്ടുന്നവർ മുഴുവൻ യാത്രാപ്പടിയും കൊടുത്തു ഇരിപ്പിടം ഉപയോഗിച്ചോട്ടെ.. നിന്ന് യാത്രചെയ്യാൻ തയ്യാറുള്ളവർക്ക് കുറഞ്ഞയാത്രപ്പടിയെന്ന ആനുകൂല്യം എങ്കിലും ആവാമല്ലോ! ആയതിനാൽ ഇരിപ്പിടം ഉപയോഗിക്കുന്നവരുടെ യാത്രാപ്പടിയും മുഴുവൻ ദൂരവും നിന്ന് യാത്രചെയ്യുന്നവരുടെ യാത്രാപ്പടിയും ഒരേപോലെ ചിട്ടപ്പെടുത്തിയ നിലവിലുള്ള രീതി മാറ്റി, നിന്ന് യാത്ര ചെയ്യുന്നവരുടെ യാത്രാപ്പടിയിൽ ഇളവ് നൽകുന്നതിനെ - ഇത്തരം മാറ്റത്തിന്റെ പ്രായോഗികവശത്തെ കുറിച്ച് ചിന്തിക്കുകയും ഉചിതമായ തീരുമാനം എടുത്തു നടപ്പാക്കുകയും ചെയ്യണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു..
താഴ്മയോടെ..
Monday, 24 December 2018
ചിന്തകള് ചിന്തുകള്..
മദ്യലഹരിയിൽ ബോധം നശിച്ച ഒരുവന് വര്ഷങ്ങളോളം അവൻ ആഗ്രഹിക്കുന്ന മറ്റേതോ പെണ്ണായി അറിഞ്ഞുകൊണ്ടുതന്നെ വഴങ്ങിക്കൊടുത്ത, അവന്റെ വരവിലും സാമീപ്യത്തിലും അർത്ഥമറിയാത്ത നിർവൃതി കൊണ്ട, അവനെ സ്വന്തമാക്കാനാഗ്രഹിച്ചുകൊണ്ടുള്ള നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു പലായനത്തിൽ ജീവരക്ഷ തേടിയ ആ പെൺജീവിതവും മനസും ചിന്തകളും കടന്നുപോയ വിചാര-വിവേകവഴികൾ കാഴ്ചക്കാരെ ജിജ്ഞാസുവാക്കുന്നില്ലേ!! ചിത്രത്തിലെങ്ങും പ്രത്യക്ഷത്തിൽ കാണാത്ത സ്വാർത്ഥലാഭത്തെ മേൽപ്പറഞ്ഞ ചോദ്യത്തിനുത്തരമായി സങ്കല്പിച്ചുണ്ടാക്കാൻ തോന്നിയില്ല.. സ്ത്രീ എന്ന ലിംഗഭേദത്തിനു ലോകം കല്പിച്ചു നൽകിയ അഴുകിയ വിശേഷണങ്ങളൊന്നും സ്വീകാര്യവുമല്ല.. പ്രണയത്തിന്റെ വിവരണാത്മകമായതിനപ്പുറമുള്ള ഒരു തലം അല്ലെ അവരിലുണ്ടായിരുന്നത്!!
ചില മനോഭാവനകൾ അങ്ങനെയാണ്!! അത് വിവരിക്കാനുള്ള ശ്രമം വാക്കുകളുടെ പരിമിതി കാണിച്ചുതരും.. ഏതൊരു കഥയിലും സദൃശമായ കഥാപാത്രങ്ങൾ കാണാമെന്നു തോന്നുന്നു.. രാമായണത്തിലെ മാണ്ഡവിയും ഊര്മിളയും, മഹാഭാരതത്തിലെ മാദ്രി, രാധ (കർണ്ണന്റെ വളർത്തമ്മ), ഭാഗവതത്തിലെ രോഹിണി. അങ്ങനെ അങ്ങനെ.. ഇവരുടെയൊക്കെ വിചാരങ്ങളും വികാരങ്ങളും പലപ്പോഴായി മാറ്റിയെഴുതപ്പെട്ട ഇതിഹാസങ്ങളുടെ ഏതെങ്കിലും ഏടുകളിൽ ഇടംപിടിച്ചിട്ടുണ്ടോ!!! മുഖ്യകഥാപാത്രങ്ങളിൽ മാത്രമായി പ്രാധാന്യം കേന്ദ്രീകരിച്ചെഴുതുന്ന വരികൾക്ക്/ചിത്രങ്ങൾക്ക് മറ്റു ഉപ കഥാപാത്രങ്ങളുടെ പകിട്ട് കുറയ്ക്കാനാകും.. എന്നാലും കുറച്ചു കണ്ണുകളെങ്കിലും പകിട്ടുകൾക്കുപിന്നിലെ ആഴവ്യതാസങ്ങൾ അറിയുമായിരിക്കും..അത്തരം വ്യത്യസ്ത ചിന്തകളെങ്കിലും അവരുടെ അവസ്ഥാന്തരങ്ങളെ അറിയുമായിരിക്കും!!! അല്ലെ???🤔🤔🤔🤔
Sunday, 13 August 2017
അജ്ഞാത പരിചിതൻ..
വടക്റ്റത്തന്നുള്ള മടക്കയാത്രയിൽ ആയിരുന്നു.. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള തീവണ്ടിയാത്ര.. കാലേക്കൂട്ടി സീറ്റുറപ്പിക്കൽ ഇത്തവണ ഒത്തില്ല.. ടിക്കറ്റെടുക്കാൻ വരിയിൽ നിൽക്കുമ്പോഴേക്കും തീവണ്ടി പ്ളാറ്ഫോമിൽ എത്തി. തിരക്കിട്ടു സ്ലീപ്പർ ടിക്കറ്റെടുത്തു കയറിയിരുന്നു..
യാത്രകൂലി കാലത്തെടുത്തതിനെക്കാൾ വളരെ കുറവാണെന്നു തോന്നിയെങ്കിലും സ്ലീപ്പർ എന്ന് ചോദിച്ചു വാങ്ങിയ ഉറപ്പിന്മേൽ യാത്ര തുടങ്ങി...
പകുതിയിലധികം ദൂരം താണ്ടിക്കഴിഞ്ഞാണ് പരിശോധകൻ എത്തിയതും കയ്യിലുള്ളത് ജനറൽ ടിക്കറ്റാണെന്നു മനസ്സിലായതും... അബദ്ധം/പരിചയക്കുറവ് മനസ്സിലാക്കിയാവണം അടുത്ത സ്റ്റേഷനിൽ ഇറങ്ങി ജനറലിൽ കയറാനുള്ള താക്കീതിൽ നടപടി ഒതുങ്ങി കിട്ടി..
അടുത്ത സ്റ്റേഷനിൽ വണ്ടി നിറുത്തിയതും അനുസരണയുള്ള ശമര്യാക്കാരനായി ജനറൽ ലാക്കാക്കി വച്ചുപിടിച്ചു.. സ്ലീപ്പറുകൾക്കും ജനറലിനും നടുക്കുള്ള ശീതീകരിച്ച കോച്ചുകൾക്ക് അടുത്തെത്തിയപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങി.. മറ്റുവഴികൾ കാണാഞ്ഞ് ഏറ്റവും അവസാനത്തെ എസി കോച്ചിന്റെ വാതുക്കൽ നിലയുറപ്പിച്ചു....
എന്നെപോലെ തന്നെ അവിടെഎത്തിപെട്ട ഒരു സഹയാത്രികനുണ്ടായ അനുഭാവം എന്നെ സഹായിക്കാനുള്ള സന്നദ്ധതയിൽ അദ്ദേഹത്തെ എത്തിച്ചു.. അതിനുമടുത്ത സ്റ്റേഷനിൽ ഇറങ്ങി ജനറൽ കൈയ്യടക്കുവാൻ കിട്ടിയ സമയം കൊണ്ട് അദ്ദേഹം എന്നെ വാക്കാൽ പരിശീലിപ്പിച്ച്... വണ്ടി നിന്നതും ഉഷചേച്ചിയും നമ്പ്യാർ സാറും പരിശീലനത്തിനിടെ എന്നപോലെ രണ്ടുപേരും ഇറങ്ങി മുന്നിലേക്കോടി..
കൃത്യം ജനറലിനോട് ചേർന്ന എ1 കൊച്ചിനടുത്തു ആ ഓട്ടം തീർന്നു.. നീങ്ങി തുടങ്ങിയ വണ്ടിയിൽ നിവൃത്തികെട്ട് എ1 കോച്ചിൽ ഏന്തിവലിഞ്ഞുകയറി നിവർന്നത് കറുത്ത കോട്ടും വെളുത്ത ചിരിയുമണിഞ്ഞ റ്റീ റ്റിഈയുടെ മുഖത്തേക്ക്... കുസൃതി ചിരിയോടെ കഥാവികാസം കേട്ട ആ മാന്യ ദേഹം കഥാന്ത്യത്തിൽ ക്ലാസ്സ് സമയത്ത് കാമ്പസ്സിൽ വച്ച് പിടിക്കപ്പെട്ട കൗമാരകമിതാക്കൾക്കെന്ന ഭാവേന കൂട്ടുപ്രതികൾക്കു ശിക്ഷ വിധിച്ചു.. "മം രണ്ടുപേരും തിരിഞ്ഞു നില്ക്കു.. എന്നിട്ടു നേരെ നടന്നോ... എങ്ങും നിന്നെക്കരുത്.."
അത്രയും നേരം സ്വസ്ഥമായി യാത്ര ചെയ്തുകൊണ്ടിരുന്നൊരാൾ എന്നെ സഹായിക്കാനുള്ള ഉദ്യമത്താൽ അപകടത്തിലായി എന്ന ചിന്ത എന്നെ അലട്ടി.. നിർദ്ദേശിക്കപ്പെട്ട വഴി നടക്കുമ്പോൾ ഒൻപതോ പത്തോ ബോഗികൾക്കപ്പുറത്തുള്ള പിന്നിലെ ജനറൽ കമ്പാർട്ട്മെന്റിലേക്കാണ് നാടുകടത്തപ്പെട്ടതെന്നും ട്രെയിൻ അടുത്ത് നില്ക്കാൻപോണത് അദ്ദേഹത്തിനിറങ്ങേണ്ടുന്ന സ്റ്റേഷനിൽ ആണെന്നും തുടർന്ന് വരുന്നത് എനിക്കിറങ്ങേണ്ടയിടം ആണെന്നും സഹയാത്രികൻ പറഞ്ഞറിഞ്ഞു.. എങ്കിൽ പിന്നെ പിറകിലേക്ക് നടക്കുന്നില്ലെന്ന് ഞാനും ഉറപ്പിച്ചു..
ഒളിംപിക്സ് പരിശീലനം കഴിഞ്ഞ ഉഷച്ചേച്ചിയുടെ വിജയത്വരയുമായി ഞാനും പരിശീലകന്റെ പ്രതീക്ഷയോടെ അപ്പോഴും അപരിചിതനായ ആ സഹയാത്രികനും സ്ലീപ്പറിന്റെ തുടക്കത്തിൽ നിലയുറപ്പിച്ചു..
തീവണ്ടിയുടെ വേഗം കുറഞ്ഞുതുടങ്ങിയപ്പോൾ തന്നെ അതുവരെ താങ്ങും തണലുമായതിനു സഹയാത്രികന് നന്ദിപറഞ്ഞു..
വണ്ടി സ്റ്റേഷനിൽ നിന്ന നിമിഷമാത്ര കൊണ്ട് ലക്ഷ്യപ്രാപ്തി കൈവരിച്ച എന്റെ കണ്ണുകൾ ആദ്യം തിരക്കിയത് എന്നെക്കാൾ എന്റെലക്ഷയപ്രാപ്തി ആഗ്രഹിച്ചു പ്രതീക്ഷയോടെ എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ആ മുഖമാണ്.. എന്റെ സുരക്ഷിത-യാത്ര ഉറപ്പാക്കിയ ആശ്വാസം നിറഞ്ഞ ചിരി ആൾക്കൂട്ടത്തിൽ കണ്ടെത്തിയപ്പോൾ എന്റെ മുഖത്തും ചിരി പൊടിഞ്ഞു.. കൃതജ്ഞതയോടെ കൈ വീശി യാത്ര പറയുമ്പോഴേക്കും തീവണ്ടി നീങ്ങിത്തുടങ്ങിയിരുന്നു..
കടപ്പാട് : നിമിഷമാത്രയുടെ സാന്നിദ്ധ്യത്താൽ അപരിചിതത്വം വിടാതെ തന്നെ ആത്മബന്ധം ബാക്കിനിർത്തി കടന്നുപോവുന്നവർക്കു
Saturday, 22 July 2017
വാവ് തർപ്പണം
ഉപയോഗശൂന്യമായ മറ്റു പല വസ്തുക്കളെയും പോലെ മാതാപിതാക്കളെയും ഉപേക്ഷിച്ചു കളഞ്ഞ മക്കളും ജീവനായോ ഒരു പക്ഷെ അതിലും വിലപ്പെട്ട മറ്റെന്തൊക്കെയോ പോലെയോ മാതാപിതാക്കളെ മരണം വരെ ശുശ്രൂഷിച്ചിരുന്ന മക്കളും ഒരേ നിരയിലിരുന്നു ശീലം പോലെ വര്ഷം തോറും ചെയ്തു തീർക്കുന്ന ചടങ്ങു.... വാവ് തർപ്പണം....
സമർപ്പണം മക്കൾ എന്ന പ്രത്യാശക്കുമേൽ സ്വന്തം ആയുസ്സ് അർപ്പിച്ച ഒരുപാട് മാതാപിതാക്കൾക്ക്..
Tuesday, 11 April 2017
പ്രസാദ ഊട്ട്...
ചമ്രപ്പടിയും തൂശനിലയും മേശയ്ക്കും കിണ്ണത്തിനും ഇടമൊഴിഞ്ഞു കൊടുത്തെങ്കിലും ഉത്സവസദ്യയിൽ ഇനിയും മാറാത്ത ഒന്നാണ് തള്ളിക്കയറ്റം... പൊരിവെയിലത്തും അത് പഴയ പ്രതാപത്തോടെ തുടരുന്നു...
"ഓംനമഹ് ശിവായ.. ഭക്ത ജനങ്ങൾ ദയവായി തിരക്ക് കൂട്ടാതെ വരിപാലിച്ചു നിൽക്കേണ്ടതാണ് .. മഴുവൻ ആളുകൾക്കും വേണ്ടുന്നത്ര ഭക്ഷണം സംഘാടകർ ഒരുക്കിയിട്ടുണ്ട്.." തുടരെ തുടരെ ഉച്ച്ചഭാഷിണി പറഞ്ഞുകൊണ്ടിരുന്നു..
പ്രസാദ ഊട്ട് കഴിഞ്ഞെത്തിയ പാടെ ഉണ്ണികൾ ഉറക്കമായി.. കുടിക്കാൻ കിട്ടിയ പായസം ഊട്ടു പുരയിലെ തിരക്ക് കാരണം അമ്മയും അമ്മമ്മയും വീട്ടിലേക്കു കൊണ്ടുവന്നു.. ഉറക്കമുണർന്ന ഉണ്ണി അമ്മമ്മയുടെ പായസപാത്രം കാലിയാക്കി.. പിന്നാലെ അമ്മയുടെ പായസപാത്രത്തിൽ നിന്നും പങ്കു പറ്റാനും മറന്നില്ല.. കുമ്പ നിറഞ്ഞെന്നു തോന്നിയപ്പോൾ ഉച്ചഭാഷിണിയുടെ സഹായമില്ലാതെ ഒരറിയിപ്പ്.. "ഓം നമഹിവായാ.. അംബ്ലിത്തിലെ പാപ്പം ത്തീന്നു.. മേണ്ട"
രണ്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കായി സാരാംശം : ഇനി പായസം വേണ്ട..
കുഞ്ഞുങ്ങളുടെ മനസ്സ് ബ്ലോട്ടിംഗ് പെയ്പ്പർ പോലെയാ.. കിട്ടുന്നതത്രയും ഒപ്പിയെടുക്കും..
Thursday, 20 November 2014
ഓർമ്മക്കൂട്ട്..
ഒരുപാടൊന്നും സംസാരിക്കാറില്ലായിരുന്നിട്ടു കൂടി തസ്നിയോട് എനിക്കൊരു സ്നേഹക്കൂടുതൽ തോന്നിയിരുന്നു... തസ്നിയുടെ ശബ്ധമാധുര്യം അറിഞ്ഞതോടെ അത് അളവറിയാത്തത്ര അധികരിച്ച്... ആരൊരാൾ പുലർമ്മഴയിൽ എന്ന പാട്ട് തസ്നിയുടെ ശബ്ധത്തിൽ ഒറിജിനലിനേക്കാൾ എനിക്കിഷ്ടപ്പെട്ടു തൊഴിലിടം മാറിയതിനു ശേഷം ആശയവിനിമയം കുറഞ്ഞുപോയെങ്കിലും അപ്രതീക്ഷിതമായൊരു ദിവസം ഓർക്കൂട്ടിലൂടെ തസ്നിയെ എനിക്കു തിരികെ കിട്ടി.. സ്ഥിരമായിട്ടല്ലെങ്കിൽക്കൂടി വീണ്ടും സംസാരിച്ചുതുടങ്ങി....
അന്നത്തെ ദിവസം ഓർക്കൂട്ടിൽ കണ്ടപ്പോൾ തസ്നി പതിവില്ലാതെ ഒരുപാടു നേരം സംസാരിച്ചു... ഓഫീസ് സമയം കഴിഞ്ഞു യാത്രപറഞ്ഞിറങ്ങും വരെ... അതിനടുത്തൊരു ദിവസം കണ്ട ആദ്യ അപ്ഡേറ്റ്!!!!!!!!! തസ്നിയുടെ സ്കാപ്പ് ബുക്കില "dear friends our dear thasni's soul rose to the heavenly adobe in an accident yesterday" എന്ന കമന്റ്... കുറച്ച് നേരത്തേക്ക് ശ്വാസം കിട്ടാതായി..ആകസ്മികമായ വിടവാങ്ങൽ...
രാവേറെയായിട്ടും തീരെയുറങ്ങാതെ.... പിന്നീടെപ്പോഴെങ്കിലും ആ പാട്ട് കേൾക്കുമ്പോഴോ ഓർക്കുമ്പോഴോ തസ്നിയുടെ ശബ്ധം എന്റെ കാതുകളെ തൊടും... എന്തെന്നറിയാത്തൊരു നീറ്റൽ നെഞ്ചിനെയും...
Saturday, 3 May 2014
വെള്ളത്തുണ്ട്.....
കുടുംബമൊന്നിച്ച് ഉത്സവക്കാഴ്ച കണാൻ പോവുന്ന വഴിയിലായിരുന്നു ഞങ്ങൾ ആദ്യം കണ്ടത്.... ചുറ്റുപാടുമായി ബന്ധമറ്റപോലുള്ള അവളുടെ നടത്തമാവണം അവളിലെക്ക് എന്റെ ശ്രദ്ധയെ ആകർഷിച്ചത്... അതോ വെളുത്ത തുണിത്തുണ്ടിൽ പൊതിഞ്ഞു അവൾ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്ന കൈക്കുഞ്ഞോ!!!!! നിറക്കാഴ്ച്ചകലുടെ കുത്തൊഴുക്കിൽ ഓർമ്മയുടെ ഇരുളടഞ്ഞ കോണിലെക്ക് പിന്തള്ളപ്പെട്ട മറ്റൊരു കാഴ്ച്ച...
വീട്ടിലെക്കുള്ള വഴിയെ കലുങ്കിനടുത്ത് കണ്ട ആൾക്കൂട്ടം അത്ര നേരവും ഉള്ളിൽ നിറഞ്ഞു നിന്നിരുന്ന രസ്ക്ക്കാഴ്ച്ചകളുടെ ചരടു മുറിച്ചു... പതിവു പ്രശ്നം തന്നെ.... കലുങ്കിനടിയിലൂടുള്ള നീരൊഴുക്കിനു തടസ്സം....മാളോർക്ക് സ്വന്തം പുരയിടം വൃത്തിയാക്കുന്നത് കലുങ്കിനു കീഴ്‌വശം നിറച്ചുകൊണ്ടു തന്നെ വേണമല്ലോ! ഇന്ന് പക്ഷെ പതിവിലും കൂടുതൽ തിരക്ക് കാണുന്നല്ലോ!
എപ്പൊഴത്തേയും പോലെ ആൾക്കൂട്ടത്തെ മറികടന്നു മൂലകാരണം അന്വേഷിച്ചു മുൻ നിരയിലെത്തിയ എനിക്കു കാണാൻ പൊളിഞ്ഞ കലുങ്കിലെ വിടവിനുള്ളിൽ അങ്ങിങ്ങായി പിഞ്ചു തലയോടുകളും എല്ലിൻ കഷ്ണങ്ങളും ചിതറി കിടന്നിരുന്നു.... എറ്റവും മുകളിലായി ക്ഷണങ്ങൾക്കു മുൻപു എന്റെ മിഴികളുടക്കിയ ആ വെളുത്ത തുണ്ടിനുള്ളിലെ പിഞ്ചും....
ഒരു രാത്രി ഇരുട്ടി വെളുക്കുന്നത് പൊലെ ചുരുങ്ങിയ സമയം കൊണ്ടു പരിസരവാസികൾ ആരും അറിയാതെ ഇത്രയധികം!!!!!! പക്ഷേ എങ്ങനെ!!! എവിടുന്നു!!! ആരു!!!! ഇരുതലപ്പിനും മൂർച്ചയുള്ള വാൾ നെഞ്ചിലുടക്കി മുറിഞ്ഞത് പോലുള്ള വേദന താങ്ങ്ങ്ങാനാവാതെ പിടഞ്ഞുണർന്ന എനിക്കു മുന്നിൽ വീണ്ടുമൊരു ചോദ്യം നിവർന്നു...
.
.
.
.
.
.
.
.
.
എന്തേ ഇങ്ങനൊരു സ്വപ്നം!!!!!!!
Sunday, 17 February 2013
പൊങ്കാല......
നാട്ടിലെ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം... എണ്ണമറ്റ അടുപ്പുകളില്‍ നിന്നുയരുന്ന പുകനിറഞ്ഞു ഇരുണ്ട ക്ഷേത്ര പരിസരം... അനവധി സ്‌ത്രീ മനസ്സുകള്‍ ഒരേ ചിന്തയോടെ ഒരു സംവൃത്തിയില്‍ പങ്കു കൊള്ളുന്ന പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷം.. പങ്കെടുക്കുന്നവര്‍ക്കായുള്ള സംഘാടക സമിതി വക ഉപദേശങ്ങളും നിര്‍ദേശങ്ങളും ഉച്ചഭാഷിണിയിലൂടെ തത്സമയം അനര്‍ഗ്ഗളം പ്രസരിച്ചോണ്ടിരിക്കുന്നു..
"മുതിര്‍ന്നവരെക്കൂടാതെ ഒരുപാട് കുട്ടികളും ഇത്തവണ പൊങ്കാലയില്‍ പങ്കുകൊള്ളുന്നുണ്ട്.. പൊങ്കാല ചടങ്ങുകളെ കുറിച്ച് അറിവുള്ളവര്‍ അടുത്ത് നില്‍ക്കുന്ന പുതുതലമുറയെക്കൂടി സഹായിക്കേണ്ടുന്നതാണ്... മാത്സര്യമില്ലാതെ സഹവര്‍ത്തിത്വത്തോടെ നടത്തപ്പെടേണ്ടവയാണ് ദൈവീകമായ ഇത്തരം കര്‍മ്മങ്ങള്‍ ..." മംമം.. ക്ഷേത്രക്കമ്മിറ്റിയിലെ സ്ഥിരം അറിയിപ്പുകാരന്റെ ഘനഗംഭീര സ്വരത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊങ്കാലപ്പറമ്പിനു പുറത്ത് നില്‍ക്കുന്നവരുടെ കര്‍ണ്ണങ്ങളെ പോലും രസിപ്പിച്ചു...
ഇടക്കെപ്പോഴോ കൈമാറിക്കിട്ടിയ മൈക്കിലൂടെ (ഇതുവരെ പറഞ്ഞതിനെക്കാള്‍ ഒട്ടും മോശമാകരുത് താന്‍ പറയുന്നതെന്ന വാശിയോടെ) കമ്മറ്റിയിലെ അപരന്റെ അറിയിപ്പ്..... "തുടക്കക്കാര്‍ , കുട്ടികള്‍ തൊട്ടടുത്തുള്ള മുതിര്‍ന്നവരില്‍ നിന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്... കൂടാതെ പങ്കെടുക്കുന്ന എല്ലാപേരും പൊങ്കാല കഴിയും വരെ മനസ്സിലെ ലൈംഗീകചിന്തകള്‍ മാറ്റിവച്ച് പ്രാര്‍ത്ഥനയോടെ നില്‍ക്കേണ്ടതാണ്..."
പ്ലിം!! അപ്രതീക്ഷിത അറിയിപ്പിനെ തുടര്‍ന്ന് ഞെട്ടിത്തരിച്ച് നിന്നുപോയ ശ്രോതാള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് ടിയാന്റെ വക വിശദീകരണം വൈകാതെ എത്തി.. "കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചുമൊക്കെയുള്ള ലൗകീകമായ ചിന്തകള്‍ ദയവായി പൊങ്കാല കഴിയുന്നത് വരെ മനസ്സില്‍ നിന്ന് അകറ്റി നിര്‍ത്തുക... പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ നിര്‍ത്താതെ ഉരുവിട്ടുകൊണ്ടിരിക്കുക..." ഹാവൂ!! കുത്തരിപ്പായസത്തില്‍ കല്ലുകടിച്ചതുപോലുള്ള ഭാവം വെടിഞ്ഞു അംഗനമാര്‍ ദീര്‍ഘനിശ്വാസത്തോടെ പൊങ്കാല ഇടല്‍ തുടര്‍ന്നു...
Thursday, 3 January 2013
സീ റ്റീ ഡി രാംദാസ്...
Monday, 24 December 2012
തിരുത്തലുകള്‍ ...... പ്രതീക്ഷകള്‍ ...
നിയമ നിര്‍മിതിക്കും കര്‍ശന നിയമപാലനത്തിനും വേണ്ടി മുറവിളികൂട്ടുന്നതോടൊപ്പം നിങ്ങള്‍ക്ക് സ്വയം പ്രാവര്‍ത്തികമാക്കാവുന്ന ചിലതിനെ കുറിച്ചും ഓര്‍ക്കാം...
- മക്കളെ സമൂഹത്തോട് പ്രതിബദ്ധതയും എതിര്‍ലിംഗത്തോട് ബഹുമാനമുള്ളവരായും വളര്‍ത്താം.. സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണെന്നും ഒന്ന് മറ്റൊന്നില്‍ നിന്ന് വലുതോ മോശമോ അല്ലെന്നു സ്വയവും മക്കളെയും ബോധ്യപ്പെടുത്താം...
- തങ്ങളുടെ പ്രതീക്ഷകള്‍ ചാലിച്ച ചിത്രങ്ങള്‍ മാത്രമായി മക്കളെ കാണാതെ അവരും വ്യക്തികളാണെന്നു മനസ്സിലാക്കി അവരുടെ വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും വീഴ്ചകള്‍ക്കും ഇടം കൊടുത്തു കൊണ്ട് അവരോടു വൈകാരികമായി എന്നും അടുപ്പം+അവരില്‍ സ്വാധീനം ഉള്ളവരായി ജീവിക്കാന്‍ ശീലിക്കാം..
- മക്കളുടെ പ്രായാധിഷ്ടിത വളര്‍ച്ചയെ അറിഞ്ഞു അവരോടുള്ള സമീപനം സാഹചര്യത്തിന് ചേരുംവിധം പുതിക്കിക്കൊണ്ടിരിക്കാം... മാതാപിതാക്കളില്‍ മക്കള്‍ നല്ല സുഹൃത്തിനെ കാണുന്ന, മക്കള്‍ തന്റെ മാറുന്ന അഭിരുചികള്‍ സുഹൃത്തുക്കളോടെന്ന പോലെ മാതാപിതാക്കളോട് തുറന്ന പങ്കുവക്കാനുള്ള സ്വാതന്ത്യ്രം അനുഭവിക്കുന്ന അവസ്ഥ/സാഹചര്യം കുടുംബത്തിലുണ്ടാവാന്‍ ശ്രമിക്കാം..
- സഹ ജീവികളെ, പര-സ്ത്രീകളെ പ്രതി അവഹേളനം, അധിക്ഷേപം, അശ്ലീലം അടങ്ങിയ വാക്കുകള്‍ സ്വന്തം മക്കള്‍ തമാശയായി പോലും പറയാതിരിക്കാന്‍ ശ്രദ്ധിക്കാം.. അത്തരം പെരുമാറ്റം ശ്രദ്ധയില്‍പ്പെടുന്നയുടന്‍ നിസ്സാരമാക്കി തള്ളിക്കയാതെ അവരെ തിരുത്തി നിരുത്സാഹപ്പെടുത്താം.. മക്കള്‍ക്ക് പ്രഥമതര മാതൃക മാതാപിതാക്കളാണെന്നത് വിസ്മരിക്കാതിരിക്കാം...
- പ്രണയം / വിവാഹം ഇതര യുവ വിഷയങ്ങളില്‍ സ്വന്തം മക്കളെ നല്ല പിള്ളമാരാക്കിക്കൊണ്ട് അവരുടെ പങ്കാളിയെ/പങ്കാളിയുടെ കുടുംബത്തെ-ജീവിത സാഹചര്യത്തെ മോശപ്പെടുത്തി സംസാരിക്കാതെ/പെരുമാറാതിരിക്കാം.. ഇത്തരം സാഹചര്യത്തില്‍ പങ്കാളിക്കൊപ്പം തന്നെ സ്വന്തം മക്കളും തുല്യ ഉത്തരവാദികളെന്നു ബോധപൂര്‍വം ഓര്‍ക്കാം...
- സ്വന്തം മക്കളുടെ തെറ്റായ നടപടിയെക്കുറിച്ച് ആരെങ്കിലും സൂചന തരുന്നയുടന്‍ മക്കളിലുള്ള വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടാന്‍ ഇക്കാര്യം പറഞ്ഞവരെയോ, മക്കളുടെ കയ്യിലിരുപ്പിന് ഇരയായവരെയോ ശത്രുതയോടെ കണ്ടു കുറ്റപ്പെടുത്താതെ, സംഗതിയുടെ സത്യാവസ്ഥ അന്വേഷിച്ചറിഞ്ഞു മക്കളുടെ തെറ്റ് തിരുത്താന്‍ സന്നദ്ധരാവാം..
- മക്കള്‍ക്ക് പറ്റുന്ന ചെറിയ വീഴ്ചകള്‍ സമയത്ത് അറിഞ്ഞു തിരുത്താതെ നിസ്സാരമായി തള്ളിക്കഞ്ഞു പിന്നീട് ആളറിഞ്ഞു തലകുനിക്കുന്ന സാഹചര്യത്തിലെത്തുകയോ ആ അവസ്ഥയില്‍ മക്കളെ പ്രതിയായിക്കാണ്ട് ഒറ്റപ്പെടുകയോ ചെയ്യുന്ന അവസരം ഒരുക്കാതിരിക്കാം...
- മക്കള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ സമ്പാദിക്കാനെന്ന പേരില്‍ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് മുങ്ങുമ്പോഴും ഒരല്പം സമയവും സ്നേഹവും ശ്രദ്ധയും മക്കള്‍ക്ക് എല്ലാ പ്രായത്തിലും നല്‍കാന്‍ ഓര്‍ക്കാം... മക്കളെ മാതാപിതാക്കള്‍ക്കും മാതാപിതാക്കളെ മക്കള്‍ക്കും അന്യരാക്കാതിരിക്കാം...
- (ചെയ്ത് തീര്‍ക്കാന്‍ ഇനിയുമേറെ.. )
Tuesday, 16 October 2012
വഴിവ-ഴ-ക്ക്....
"ചെലവിനു കൊടുക്കുന്നുണ്ടെങ്കില്‍ ഭര്‍ത്താവിനു ഭാര്യയെ തല്ലുകയും ചെയ്യാം........." പോസ്റ്റ് വായിച്ചപ്പോ അറിയാതെ ഓര്ത്തുപോയ ഒരു ഗതകാല അനുഭവം നാളുകളൊരുപാട് കഴിഞ്ഞിട്ടാണെങ്കിലും പ്രിയ കൂട്ടുകാരുമായി പങ്കുവക്കാന്‍ ശ്രമിക്കുന്നു..
ചിട്ടയായ ചര്യയും കുടുംബാങ്ങളോടുള്ള ആഴമേറിയ സ്നേഹവും ശ്രദ്ധയും സഹായമാനസ്ഥിതിയും അവന്റെ അച്ഛനെ വീട്ടുകാര്‍ക്കെന്ന പോലെ മകന്റെ കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവനാക്കിയിരുന്നു.. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണമറിഞ്ഞപ്പോള്‍ ദിവസം അന്തിയോടടുത്തിരുന്നിട്ടും അവിടെ പോകാതിരിക്കാനായില്ല.. സംസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞിറങ്ങുമ്പോഴേക്കും നേരെം ഇരുട്ടിയിരുന്നു.. സ്ഥിരം ബസ് റൂട്ട് അല്ലാതിരുന്ന അവിടെ നിന്ന് കുറച്ച് ദൂരം നടന്നാല്‍ ഹൈവേയില്‍ എത്താമെന്നറിഞ്ഞു മരണവീട്ടില്‍ വന്നവര്‍ കാത്തുനിന്ന് പരീക്ഷണത്തിനു മുതിരാതെ കൂട്ടം കൂട്ടമായി നടന്നുതുടങ്ങി ..ഒരുപാടാളുകളെ ഒരുമിച്ച് കണ്ടതുകൊണ്ടാവാം ഭാഗ്യവശാല്‍ ഹൈവെയിലേക്ക് കയറിയ ഉടന്‍ ഞങ്ങള്‍ക്ക് ഒരു ലിമിറ്റഡ് സ്റ്റോപ്പ് നിറുത്തിക്കിട്ടി...
സാമാന്യം വേഗത്തില്‍ പൊയ്ക്കൊണ്ടിരുന്ന വണ്ടി സ്റ്റോപ്പിലെത്തും മുന്‍പ് വേഗം കുറച്ചപ്പോള്‍ മറ്റുള്ളവരെ പോലെ തന്നെ കാരണമറിയാന്‍ ആകാംഷ തോന്നി.. ജനലിലൂടെനോക്കിയപ്പോള്‍ വഴിയരികില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു സ്ത്രീയോട് കയര്‍ത്ത് കലഹിക്കുന്ന പുരുഷനെ കണ്ടു.... ബസ്സ് അടുത്ത് എത്തിയതോടെ സാന്ദര്‍ഭവശാല്‍ അവര്‍ ഭാര്യയും ഭര്ത്താവുമാണെന്നും കാന്തക്കുമേല്‍ അയാള്‍ അസഭ്യവര്‍ഷം ചൊരിയുകയാണെന്നും മനസ്സിലായി.. സ്ത്രീകളും കുഞ്ഞുങ്ങളും നിറഞ്ഞ വീഥിയില്‍ യാതൊരു കൂസലുമില്ലാതെ അയാള്‍ അശ്ലീലവാക്കുകള്‍ കൊണ്ട് പെരുമഴ സൃ ഷ്ടിച്ചത് അസഭ്യം പുലമ്പല്‍ ഒരു കലയായി കരുതിയാവുമോ!! അതോ ഇനി അതൊരു മത്സര ഇനമായി തദ്ദേശത്ത് പ്രഖ്യാപിക്കപ്പെട്ടിരുന്നുവോ ആവൊ!!
തുടര്‍ന്ന് വാഹന-വഴിയാത്രക്കാരുള്‍പ്പടെ അവിടെയുള്ള ആള്‍ക്കൂട്ടം നാടകീയമായ രംഗങ്ങള്‍ക്കായിരുന്നു സാക്ഷ്യം വഹിച്ചത്.. അശ്ലീലവര്‍ഷത്തിനൊപ്പം ആ മനുഷ്യന്‍ ഝടുതിയില്‍ സ്ത്രീയുടെ മുടിക്കുത്തില്‍ പിടിച്ച് അവരുടെ തല വഴിയരികിലെ മതിലില്‍ ശക്തിയായി ആഞ്ഞടിച്ചു!!!! ഒന്ന് പിടഞ്ഞ അവര്‍ തല്‍ക്ഷണം ബോധശൂന്യയായി നിലത്ത് വീണു.. (അതോ മരിച്ച് വീണതോ!!) കാഴ്ച കണ്ടു തരിച്ച് പോയിട്ടുണ്ടാവണം, എങ്കിലും ഡ്രൈവര്‍ നിയന്ത്രണം വിടാതെ വണ്ടി വഴിയരികില്‍ നീക്കി ഒതുക്കി... ആ സമയം കൊണ്ട് ഓടിച്ചെന്നു വിവരം തിരക്കി വന്ന കണ്ടക്റ്റര്‍ ഡ്രൈവര്‍ക്ക് യാത്രതുടരാനുള്ള ഡബിള്‍ ബെല്‍ കൊടുത്ത്... ഒപ്പം അവര്‍ ഭാര്യയും ഭര്‍ത്താവുമാണെന്നും ,ഭര്‍ത്താവിനെ പ്രസ്തുതവീരസ്യത്താല്‍ ആനന്ദതുന്ദിലരായ ആളുകള്‍ എടുത്തിട്ടു ബഹുമാനിച്ച് (പെരുമാറി) എന്നും വിവരിച്ച്..
ഒരു പുരുഷാരത്തെ സാക്ഷി നിര്‍ത്തി ഒരു ജീവനെ ദാക്ഷിണ്യലേശമില്ലാതെ കരുതിക്കൂട്ടി ഇങ്ങനെ പീഡിപ്പിക്കുന്നത് എക്കാരണം കൊണ്ടായാലും ഉള്‍ക്കൊള്ളാവതായിരുന്നില്ല.. മനസ്സുകൊണ്ട് പ്രതിഷേധിച്ചിട്ടും സ്ഥലമെത്തി ഇറങ്ങും വരെ സീറ്റില്‍ തളര്‍ന്നിരിക്കാനെ കഴിഞ്ഞുള്ളു.. കടന്നു പോയ നാളുകള്‍ മറ്റനവധി അനുഭവങ്ങളെ പോലെ ഇതിനെയും പിന്നിലുപേക്ഷിച്ച് എന്നെ കൂടെ കൂട്ടിയെങ്കിലും ആ സ്ത്രീ!!! അവരുടെ കാര്യം ഓര്‍ത്ത് ഇപ്പഴും നടുക്കം മാറുന്നില്ല!!! ഒരു പക്ഷെ സന്ദര്‍ഭോചിതമായി ഉപകരിക്കപ്പെടാനാവാതെ പോയ കുറ്റബോധം കൊണ്ടാവാം, ഊരോ പേരോ അറിയാത്ത അവരുടെ ആയുരാരോഗ്യത്തിനും മനശാന്തിക്കും വേണ്ടി ന്യായാന്യായങ്ങള്‍ വിശകലനം ചെയ്യാന്‍ നില്‍ക്കാതെ ഇപ്പോഴും പ്രാര്‍ഥിക്കുന്നു.. വീണ്ടുമൊരു സമാന അനുഭവം ഉണ്ടായാല്‍ അന്ന് പ്രതികരിക്കാനാവുമോ എന്ന് അറിയില്ല.. എങ്കിലും..
സ്ത്രീപ്രജകളെ കൈയ്യേറ്റം ചെയ്യുന്നത്, സ്ത്രീകളുടെ സാന്നിധ്യമുള്ളിടത്ത് അസഭ്യം പറയുന്നത് (പൊതു ഗതാഗത യാനങ്ങള്‍, താദൃശ മറ്റു പൊതു-ഇടങ്ങളില്‍ വച്ച് കാണാനിടയായ ചില സംഭവങ്ങളെ പരാമര്‍ശിച്ച് എഴുതുന്നത്..), വീരസ്യമായി കരുതുന്ന പുരുഷകേസരികള്‍ സമൂഹത്തിന്റെ കീഴ്ത്തട്ടിലെങ്കിലും അപൂര്‍വതയല്ലെന്നിരിക്കെ, സ്ത്രീകള്‍ നേരിടുന്ന ശാരീരിക പീഡനവും അത്പോലെ തന്നെ ക്രൂരമായ മാനസിക പീഡനങ്ങളും നിര്‍മാര്‍ജ്ജനം ചെയ്യാനുതകുന്ന കൂട്ടായ ശ്രമങ്ങള്‍ സമൂഹത്തില്‍ പ്രാവര്‍ത്തികമാവാന്‍ പ്രത്യാശിക്കുന്നു.. ഒപ്പം ഇത്തരം പിത്തലാട്ടങ്ങള്‍ക്കെതിരെ ഉടനടി ശബ്ധമുയര്ത്താനും ഒഴിവുകഴിവുകള്‍ ചമഞ്ഞൊഴിയാതെ ഒരുമിച്ച് നിന്ന് ശക്തമായി തന്നെ പ്രതികരിക്കാനുമുള്ള മനസ്സും തന്റേടവും പ്രസ്തുത സാഹചര്യത്തില്‍ /ചുറ്റുപാടില്‍ സന്നിഹിതരായവര്‍ ആര്‍ജ്ജിക്കാനും പ്രതീക്ഷിക്കുന്നു..
Monday, 8 October 2012
ജീവിതചക്രം..
ദിക്കും ദിശയും കണക്കാക്കാതെ തിലങ്ങും വിലങ്ങും പായുമ്പോള്‍ വിശന്നു കരയുന്ന കുഞ്ഞുമക്കളുടെ മുഖംമാത്രമായിരുന്നു കണ്ണില്‍ ... അവരുടെ വിശപ്പാറ്റുന്ന അപ്പക്കഷണങ്ങള്‍ സ്വരുക്കൂട്ടാന്‍ സ്വീകരിച്ച മാര്‍ഗത്തിലെ ന്യായാന്യായങ്ങള്‍ എനിക്കൊരു തടസ്സമായില്ല..പിടിയിലാവും വരെ..പിടിക്കപ്പെട്ടാല്‍ മരണമാവും വിധിക്കപ്പെടുന്നത് എന്നറിഞ്ഞുകൊണ്ടു തന്നെ ഇറങ്ങിപ്പുറപ്പെട്ടിട്ടും എന്നെ ബന്ധനത്തിലാക്കിയ അഴികള്‍ എന്നില്‍ അസ്വസ്ഥതയുളവാക്കി..
ഒരുച്ചാട്ടതിനു കീഴ്പ്പെടുത്താന്‍ ഒരുങ്ങിയിരിക്കുന്ന വിധിയെക്കാള്‍ എന്നെ വീര്‍പ്പുമുട്ടിച്ചത് എന്‍റെ മരണം അനാഥത്വം നല്‍കാന്‍ പോകുന്ന കുഞ്ഞുങ്ങളുടെ നിസ്സഹായതയായിരുന്നു.. കാഴ്ചവച്ച് തുടങ്ങിയതെ ഉള്ളൂ!! മരണത്തിന്റെ മുരള്‍ച്ച അടുത്തുവരുന്നില്ലേ!! ഉവ്വ്.. കണ്ണിനു നേരെ നില്‍ക്കുന്ന അവന്റെ മീശ വിറക്കുന്നത് കണ്ട് എന്‍റെ രോമകൂപങ്ങള്‍ എഴുന്നു നിന്നു..ഒരു വിറയല്‍ ശരീരമാസകലം പടര്‍ന്നു.. ദയവഴിയുന്ന ഒരു മുഖത്തിനു വേണ്ടി എന്‍റെ കണ്ണുകള്‍ ചുറ്റിലും ഉഴറി.. പുറത്താരുടെയൊക്കെയോ അനക്കം കേട്ടു പ്രതീക്ഷയുടെ നാമ്പ് എന്നില്‍ മൊട്ടിട്ടോ!! അഴിവാതില്‍ തുറക്കുന്ന നിമിഷം സര്‍വ്വശക്തിയുംചേര്ത്തോടി രക്ഷപ്പെടാന്‍ ഞാന്‍ തീരുമാനിച്ച്.. മരണം ഉറപ്പായവന്‍റെ, ജീവിതം കൈയ്യെത്തിപ്പിടിക്കുവാനുള്ള ഒരവസാന ശ്രമം..
മം.. ആരോ അടുത്തേക്ക് വരുന്നുണ്ട്..വാതില്‍ തുറന്നതും ഒടാനാഞ്ഞു ഞാന്‍ ഒരുങ്ങി നിന്നു.. മരണത്തിന്റെ മുരള്‍ച്ച വിട്ടുമാറാതെ എന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് അറിഞ്ഞുകൊണ്ടുതന്നെ തോല്‍ക്കില്ലെന്ന വാശി ഞാന്‍ എന്നില്‍ നിറച്ച്.. അതാ വാതില്‍ തുറയുന്നു.. ക്ഷീണം മറന്നു എന്നാലാവുന്നതിലും വര്‍ധിത വേഗത്തോടെ ഞാന്‍ ഓടി, കണ്ണില്‍ ഇരുട്ട് കയറുന്നത് വരെ!! ദൈവമേ!! എന്‍റെ കുഞ്ഞുങ്ങള്‍ക്കരികെത്താന്‍ ഓടിയ ഞാന്‍ കയറിയത് മരണത്തിന്റെ അന്നനാളത്തിലായിരുന്നോ!!! തിരിച്ചിറങ്ങാല്‍ വൃഥാ ശ്രമിക്കുമ്പോഴേക്കും മരണത്തിന്റെ കൂര്‍ത്തപല്ലുകള്‍ എന്‍റെ മൃദുമേനിയില്‍ അമര്‍ന്നു ചോരപൊടിഞ്ഞു തുടങ്ങിയിരുന്നു.. തോല്‍വിയുടെ അറ്റം കണ്ടുതുടങ്ങിയവന്റെ പ്രത്യാശ നശിച്ച കുതറല്‍ ......
കീ..കീ..കീ..കീ..കീ..കീ.. മരണത്തിന്റെ മരവിപ്പ് ശരീരത്തിലേക്ക് പടര്‍ന്നുകയറി.. ഓര്‍മ മറഞ്ഞു..എന്തെന്നറിയാത്ത ശാന്തത എന്നെ പൊതിഞ്ഞുവോ!! വേദനയില്ലാത്ത.. വേവലാതികളില്ലാത്ത.. ആരാലും ഭന്ജിക്കപ്പെടാത്ത നിത്യശാന്തി.. പുതിയൊരു ജീവിതചക്രത്തിനു നാന്ദി കുറിക്കുന്ന ഒടുക്കം..Tuesday, 25 September 2012
മെസ്സേജ് അലര്‍ട്ട്.......
"ദൈവമേ! ഒന്ന് കുളിച്ചിറങ്ങിയപ്പഴേക്കും സമയം ഏഴേ മുക്കാലായോ??? ഒന്‍പതിന് മുന്‍പ് ആപ്പീസുപിടിക്കെണ്ടതാ!!! ഇനി തുണി തേച്ചുടുക്കണം, മുടിയുണക്കിപ്പിന്നണം, ഒരുങ്ങിയിറങ്ങണം, എന്നാലും ആഞ്ഞുനടന്നാലേ ബസ്സെത്തും മുന്‍പ് സ്റ്റോപ്പിലെത്താനൊക്കൂ.. ഒക്കെ കഴിഞ്ഞു പോവും വഴിക്കെങ്ങാന്‍ ബ്ലോക്കോ ഗെയിറ്റടയോ ഉണ്ടായാല്‍ തീര്‍ന്ന്... ശാസിക്കാന്‍ ഒരു കാരണത്തിന് കാത്തിരിക്കുകയാ സാറമ്മാര് ... എന്നാണോ മോചനം "
കുളി കഴിഞ്ഞിറങ്ങി പതിവ് പരിഭവം പറഞ്ഞു തീര്‍ത്ത് ഉച്ചഭക്ഷണമെടുത്ത പാത്രവും കൊണ്ട് അമ്മു മുറിയിലേക്ക് നടക്കുമ്പോഴേക്കും മെസ്സെജിന്റെ വരവറിയിച്ച് സ്റ്റാന്റിലിരുന്ന മൊബൈല്‍ പാടിത്തുടങ്ങിയിരുന്നു.. പാത്രം മറുകയ്യിലേക്ക് മാറ്റിപ്പിടിച്ച് അമ്മു മൊബൈലെടുത്ത്.. ഒരു കയ്യില്‍ മൊബൈലും മറുകയ്യില്‍ പാത്രവുമേന്തി മുറിയിലേക്ക് കയറി ചോറുപാത്രം ടേബിളിലിരിക്കുന്ന ബാഗിനടുത്ത് വച്ച് അമ്മു മൊബൈല്‍ ഓപ്പണ്‍ ചെയ്ത്.. എഹ്!! മെസ്സേജ് കാണുന്നില്ലല്ലോ!! ക്ലോസ് ചെയ്തിട്ട് വീണ്ടും ഓപ്പണ്‍ ചെയ്ത്.. ഇല്ല.. വെളുത്ത നിറം മാത്രം!!! .. അന്നനാളത്തില്‍ന്നൊരു നിലവിളി വായ തള്ളിത്തുറന്നു പുറത്ത് ചാടി.. അമ്മച്ചീ ീ ീ ീ ീ ...
രൂപാ പതിനാറായിരം എണ്ണിക്കൊടുത്തിട്ടു ആഴ്ച ഒന്ന് തികഞ്ഞില്ല! അതിനുമുന്‍പേ കേടായോ!!!!! അമ്മയെങ്ങാന്‍ അറിഞ്ഞാല്‍ !!!! ഭയത്താല്‍ അമ്മുവിന്‍റെ കാലുകള്‍ ഇടറി ശരീരം തളര്‍ന്നു!!! ഉണങ്ങിവരണ്ട തൊണ്ട നനക്കാന്‍ അല്പം വെള്ളം കൊതിച്ച് അമ്മു മേശയില്‍ പിടിയുറപ്പിച്ച്.. എരിതീയില്‍ എണ്ണ പോലെ തുടരെ തുടരെ മെസ്സേജ് അലര്‍ട്ട് ടോണ്‍ .. "ഓൊൊ.. മനുഷ്യന്‍ വെന്തൊടുങ്ങുന്നിടത്ത് ഇതാരെടാ!!" ഈര്‍ഷ്യയോടെ അലെർട് ടോണിനെ പിന്‍ തുടര്‍ന്ന അമ്മുവിന്‍റെ കണ്ണുകള്‍ ബാഗിനടുത്തിരുന്ന ഒന്നില്‍ ഉടക്കി വലിച്ച്... വിറയോടെ അതമ്മുവിനെ നോക്കി ചിരിച്ച്.. 16k-ക. മുതല്‍ "Samsung GT-S7530 Omnia M" ...
വാല്‍ക്കഷ്ണം - ""പാത്രത്തിലടുക്കിയ ഉച്ച്ചഭക്ഷണത്തിനു മേലേ മെസ്സേജ് കാണിക്കുന്ന വിദ്യ എയര്‍ടെല്‍-കാര് ഇനി എതുകാലത്താണാവോ പഠിക്കുന്നത്!!!"
Wednesday, 12 September 2012
എനിമ.......
മൂന്നു വര്‍ഷത്തെ തൊഴില്‍ പരിചയം നേടിയ വകുപ്പില്‍ തൊഴിലുടമ വക ഒരു വ്യക്തിത്വവികസനശിബിരം.. തീരെ ലോലമായ പ്രാതല്‍ കഴിഞ്ഞുള്ള തുടക്കം.. സാന്ത്വന പരിപാലകനായ പുരോഹിതന്റെ ക്ഷമാശീല പരിശീലനം അപ്പാടെ സ്വായത്തമാക്കാനൊരുങ്ങി അദ്ദേഹത്തിനു മുന്നില്‍ അനുസരണയോടെ നിരന്നിരിക്കുന്ന കുസൃതികള്‍ ....
അജണ്ടയിലെ ആദ്യ ഇനം പരിചയപ്പെടല്‍ ... ഓരോരുത്തരായി പേര് വെളിപ്പെടുത്തുന്നു... പത്താള് തികയും മുന്നേ ക്ഷമാശീലപുരോഹിതന്‍ പഠിതാക്കളുടെ നിഷ്കളങ്കതയുടെ ചൂടില്‍ ചുവന്നു തുടുത്ത് സാമാന്യം വിയര്‍പ്പില്‍ കുളിച്ച്..
കാത്ത്കാത്തിരുന്നൊടുവില്‍ ഈയുള്ളവളുടെ ഊഴം എത്തി.. മാതൃഭാഷയെ ഓരത്തൊതുക്കി സായിപ്പിന്റെ ഭാഷയില്‍ പുരോഹിതന്റെ ചോദ്യം : *വാട്ട് ഈസ് യുവര്‍ നെയിം??*
(അത്രയും നേരം ഇടതടവില്ലാതെ ചിലച്ച നാവിനു അന്നേരം പെട്ടെന്നൊരു ഹമ്പ് ചാട്ടം...) ഉത്തരം : .*എഹ്.. നി.. മ..*
കൂടിയിരിക്കുന്നവര്‍ക്കായി പുരോഹിതന്റെ വക ആവര്‍ത്തനം... : *യസ്.. ഹിയര്‍ ഈസ് മിസ്സ് എനിമ..*
പോരെ പൂരം.. ക്ഷമാശീല-പരിശീലകന്‍റെ ക്ഷമ പരിശീലനം തുടങ്ങുംമുന്നെ നശിപ്പിച്ച നിഷ്കളങ്കരുടെ തുടര്‍ന്നുള്ള പ്രതികരണം ഊഹിക്കാമല്ലോ..
Wednesday, 5 September 2012
കൊഞ്ച്മാങ്ങ് ഏകദിന കായിക മാമാങ്കം
വേദി : പാചകപ്പുര മണ്ച്ചട്ടി സ്റ്റേഡിയം
സമയം : രണ്ടായിരത്തി പന്ത്രണ്ട് മെയ് പതിനഞ്ചാം തീയതി വൈകുന്നേരം എഴുമണി
ശ്രദ്ദിക്കുക ഒരറിയിപ്പുണ്ട്.. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിവിധ നാടുകളില്‍നിന്നെത്തിയ സംഘങ്ങള്‍ സ്റ്റീല്‍ പ്ലേറ്റ് റൌണ്ടില്‍ അവരവര്‍ക്കായി അടയാളപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ നിലകൊള്ളേണ്ടതാണ്.. തിക്കും തിരക്കുമില്ലാതിരിക്കാന്‍ വളണ്ടിയര്‍മാര്‍ പ്രത്യേക ശ്രദ്ദ വക്കുക.. താളിപ്പ് ഇനത്തിലേക്ക് മാത്രമായി മത്സരിക്കുന്ന ഉലുവചാലഞ്ചെഴ്സ് പ്ലേറ്റ് റൌണ്ടിന്റെ മധ്യഭാഗത്തായി നില്‍ക്കാന്‍ നിര്‍ദ്ദേശമുണ്ട്..
സമ്മേളനം ആരംഭിക്കാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നു.. മഞ്ഞയും പച്ചയും ജെഴ്സിയണിഞ്ഞ മങ്ങാവാറിയെഴ്സ് റൌണ്ടിന്റെ വലതു ഭാഗത്ത് നിലയുറപ്പിച്ച് കഴിഞ്ഞു.. തൊട്ടടുത്ത് തന്നെ വയലട്റ്റ് ജെഴ്സി അണിഞ്ഞു കുഞ്ഞുള്ളി ഡേയര്‍ ടെവിള്‍സും.. ഇടതു ഭാഗത്തായി പച്ചയും വെള്ളയും വരകളടുക്കിയ കുപ്പായത്തില്‍ മുരിങ്ങാക്കോല്‍ ചാര്‍ജെര്സും അവര്‍ക്കരികിലായി ക്രീം യൂണിഫോര്മില്‍ ചക്കക്കുരു നൈറ്റ് റയ്ഡേഴ്സ് തയ്യാറായി നില്‍ക്കുന്നു.. ഉണക്കച്ചെമ്മീന്‍ റോയല്‍സ് നേരത്തെ തന്നെ തങ്ങളുടെ സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്..
അതാ മിക്സികിങ്ങിന്‍റെ നേതൃത്വത്തില്‍ ബാന്‍ഡ്മേളം തുടങ്ങിക്കഴിഞ്ഞു.. കുഴലൂതിക്കൊണ്ട് തേങ്ങപ്പീരകളും അവര്‍ക്ക് പിന്നലായി ഡ്രംസേന്തിയ ചെറിയുള്ളികളും ചേര്‍ന്ന് വൃത്തത്തില്‍ നീങ്ങി കണ്ണിനു മനോഹരമായ സദ്യ ഒരുക്കുന്നുണ്ട്.. സിമ്പലുകലുമായി ഒട്ടും മോശമല്ലാതെ മഞ്ഞപ്പൊടിയും മുളക് പൊടിയും അവര്‍ക്കൊപ്പം മുന്നേറുന്നുണ്ട്.. തുടരെയുള്ള പ്രകടനത്തില്‍ പരവശംപൂണ്ട് കുറേശെയായി വെള്ളം കുടിക്കുന്നുണ്ടെങ്കിലും തീര്‍ത്തും ക്ഷീണിതരല്ല തങ്ങളെന്നറിയിച്ചു കൊണ്ട് മേളം കൊഴുക്കുകയായി.. മേളത്തിന് ശേഷം പുതിയവേഷത്തോടെ പുതിയ ഭാവത്തോടെ ഇതാ അവരൊന്നായി ഒരുങ്ങി ഇറങ്ങിക്കഴിഞ്ഞു..
മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയമാണ് നമ്മളിപ്പോള്‍ കാണുന്നത്.. കറുപ്പിനോടടുത്ത തവിട്ടു നിറം പൂശിയ ചുവരുകള്‍ക്ക് ചുവടെ പുറമേ നിന്നും നീല വെളിച്ചം പ്രതിഫലിപ്പിച്ച് മോടിയേകിയിരിക്കുന്നു.. മത്സരയിനങ്ങളിലെ റഫറി ശ്രീമാന്‍ തവി കളത്തിക്കിറങ്ങി നിരീക്ഷിച്ച് സൌകര്യങ്ങളുടെ ക്ഷമത ഉറപ്പു വരുത്തുന്നുണ്ട്.. മത്സരത്തിന്റെ ആദ്യാവസാനം ഏറ്റവും അധികം ഉത്തരവാദിത്തം കാണിക്കേണ്ടുന്നവരാണ് റഫറികള്‍.. ശ്രീമാന്‍ തവിയാകട്ടെ ഇക്കാര്യത്തിലുള്ള തന്റെ വൈദഗ്ധ്യം പല തവണ തെളിയിച്ചതുമാണ്.. ഓക്കേ.. നമുക്ക് തിരിച്ചു വരാം..
ആദ്യ ഇനമായ വാട്ടര്‍ പോളോ വൈകാതെ ആരംഭിക്കുന്നതാണ്.. തങ്ങളുടെ സ്ഥാനങ്ങളില്‍ നിന്നു ചക്കക്കുരു നൈറ്റ് റയ്ഡേഴ്സ് മത്സര മനോഭാവത്തോടെ കാണികളെ ആവേശഭരിതരാക്കി ഗോദയിലേക്കിറങ്ങി ക്കഴിഞ്ഞു.. വാട്ടര്‍ പോളോ മത്സരം ഗംഭീരമായി നടന്നുകൊണ്ടിരിക്കുന്നു.. ഇടക്കിടക്കുള്ള തട്ടലുകളും വെള്ളം തെറിപ്പിക്കലുകളും താളാത്മകമായ സംഗീതത്തെ അനുസ്മരിപ്പിക്കുന്നു.. മാത്സര്യത്തിന്റെ ചൂട് ഇപ്പോള്‍ ടീമില്‍ പ്രകടമാണ്.. സെമിയില്‍ നിന്നു ഫൈനല്സേക്ക് കടന്ന ചക്കക്കുരു നൈറ്റ് റയ്ഡേഴ്സ്നെ വെല്ലു വിളിച്ച് കൊണ്ട് മുരിങ്ങക്കോല്‍ ചാര്‍ജെര്സ്ഴ്സ് കളത്തിലിറങ്ങുകയായി.. വിജയത്തിനു വേണി ഓരോരുത്തരും മേയ്മറന്നു പോരാടുന്നുണ്ട്.. ഓ.. മത്സരം ടൈയില്‍ അവസാനിച്ചിരിക്കുകയാണ്..
അടുത്ത ഇനമായ ബ്രെസ്റ്റ് സ്ട്രോക്ക് നീന്തല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു കഴിഞ്ഞു.. പൂളിലെ വെളിച്ചെണ്ണ റിഫൈനിംഗ് നടത്തിയതാണെന്ന ഉറപ്പിനെ തുടര്‍ന്നു ആദ്യ റൌണ്ടില്‍ മത്സരിച്ച ഉലുവ ചാലഞ്ചെഴ്സ്നു പിന്നാലെ കുഞ്ഞുള്ളി ഡേയര്‍ ടെവിള്‍സ് തങ്ങളുടെ കഴിവ് മാറ്റുരക്കുകയാണ്.. റഫറി തവിയും മറ്റൊരു മത്സരാര്‍ത്ഥിയെപ്പോലെ അവര്‍ക്കിടയില്‍ കര്‍മനിരതനാണ്.. ഏവര്‍ക്കും ആവേശം പകര്‍ന്നുകൊണ്ട് പച്ചമുളക്-കറിവേപ്പില ചീയര്‍ ഗേള്‍സ് കളത്തില്‍ ചുവടുവക്കുന്നത് കാണാം.. ഇലത്താളങ്ങളുമായി ഒപ്പം തന്നെയുണ്ട് ഇഞ്ചിക്കൂട്ടവും വെളുത്തുള്ളികളും.. കാണികളുടെ ആമോദം ഇരട്ടിപ്പിക്കാന്‍ വെമ്പലോടെ ഇതാ മങ്ങവാറിയെഴ്സിന്റെ കൈ പിടിച്ചു കൊണ്ട് ബാന്‍ഡ് സംഘവും അവര്‍ക്കൊപ്പം ചേര്‍ന്നു.. ആര്‍പ്പും ആരവവും കൊണ്ട് മൈതാനമാകെ നിറയുകയാണ്...
ഓഓഓഒ...അതാ അപ്രതീക്ഷിത മഴ.. പരിപാടിയുടെ തുടര്‍ന്നുള്ള ഭാഗത്തിനു മഴ ആക്കം കൂട്ടുമോ തടസ്സമാവുമോ എന്നു കാണേണ്ടിയിരിക്കുന്നു.. കോരിച്ചോരിഞ്ഞ മഴയില്‍ മൈതാനത്തില്‍ വെള്ളം കയറിത്തുടങ്ങി.. കുത്തി മറയുന്ന വെള്ളക്കെട്ടിലേക്ക് മറ്റു മത്സരാര്‍ത്ഥകളായ ചക്കക്കുരു നൈറ്റ് റയ്ഡേഴ്സും മുരിങ്ങാക്കാ ചാര്‍ജെഴ്സും ഒരോരുത്തരായി ഇറങ്ങുകയാണ്.. തങ്ങളിലെ ബാല്യത്തെ ഉണര്ത്തിക്കൊണ്ട് അവര്‍ അവിടെ തിമിര്‍ക്കുന്നത് കാഴ്ചക്കാരുടെ കണ്ണുകളില്‍ ഈറന്‍ പൊടിക്കുന്നു.. ഇത് വരെ ഒരിനങ്ങളിലും പങ്കെടുക്കാതെ മാറി നിന്നിരുന്ന ചെമ്മീന്‍ റോയല്‍സ് അല്പം വൈകിയാണെങ്കിലും മറ്റുള്ളവരില്‍ നിന്നു ഉത്സാഹം പൂണ്ടു ആര്മാദത്തില്‍ ഒപ്പം ചേര്‍ന്നു..
മഴയെ തുടര്‍ന്നു മഞ്ഞുവീഴ്ചയും കാഴ്ച്ചക്ക് നിറമേകുന്നു.. രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് നിന്ന എല്ലാപേരും കാലാവസ്ഥ പ്രതികൂലമായതിനാല്‍ തുടര്‍ന്നുള്ള മത്സരങ്ങള്‍ ഒഴിവക്കാനുള്ള സംഘാടകരുടെ തീരുമാനത്തെ സന്തോഷ പൂര്‍ണ്ണം സ്വാഗതം ചെയ്തു കഴിഞ്ഞു.. തളം കെട്ടിയ വെള്ളത്തിലും സഹര്‍ഷം അങ്ങോട്ടും ഇങ്ങോട്ടും ചെന്നു പരസ്പരം കൈകൊടുത്ത് യാത്ര ചോദിക്കുകയാണ് എല്ലാവരും.. വീണ്ടും കാണാമെന്ന പ്രത്യാശയോടെ.. ഈ പരിപാടിയുടെ സംപ്രേക്ഷണ സമയവും അവസാനിക്കുകയാണ്.. ശുഭരാത്രി..
ഉപ്പുനെല്ലിക്ക...
മഴക്കാറ് നിറഞ്ഞു അരണ്ട വെളിച്ചത്തില്‍ അടുക്കളയുടെ നിലത്തിരുന്നു പുറത്തെ മഴക്കൊപ്പം അകത്തെ റേഡിയോയും ചെര്‍ന്നോരുക്കുന്ന പശ്ച്ച്ചാത്തലത്തല സംഗീതവും കൂട്ടി കുശാലുണ്ട് മഴയുടെ കൈയും പിടിച്ച് നേരെ വച്ച് പിടിക്കും സ്കൂളില്‍ കാത്തിരിക്കുന്ന കൂട്ടുകാരുടെ അടുത്തേക്ക്.. അവിടെ മുറ്റത്തൂറി വരുന്ന ഉറവയില്‍ കാലിന്റെ തള്ളവിരല്‍ അമര്‍ത്തിപിടിച്ച് കളിക്കാന്‍ തോന്നിയിരുന്ന ഉത്സാഹം ഇപ്പോഴും കുറയാതെ ബാക്കിയുണ്ട്.. പിന്നീടെപ്പോഴോ ഊണ് പൊതിഞ്ഞു കൊണ്ടുപോകാന്‍ തുടങ്ങി..

പാളികള്‍ ഇല്ലാതെ നീളത്തില്‍ അഴികള്‍ മാത്രം പിടിപ്പിച്ച വലിയ ജനലയുള്ള ഹാളിലായിരുന്നു വിദ്യാര്‍ഥികളും അദ്ദ്യാപകരും ഉള്‍പ്പെടുന്ന സാര്‍വജന ഭോജനം.. കൂട്ടുകാരുമൊത്ത് പങ്കു വച്ച് ഭക്ഷിക്കുന്നതിന്റെ രസം പിടിച്ചത് അവിടെനിന്നായിരുന്നു.. തൂക്കുപാത്രത്തിലെ കഞ്ഞിക്കൊപ്പം ഉണക്ക കപ്പക്കഷ്ണങ്ങള്‍ വറുത്തു കൊണ്ട് വന്നിരുന്ന കൂട്ടുകാരനെയും കറിപാത്രത്തില്‍ കൂട്ടുകാരുടെ എണ്ണത്തിന് തക്ക ഉപ്പുനെല്ലിക്ക കൊണ്ടുവന്നിരുന്ന കൂട്ടുകാരിയെയും ഇന്നും ഓര്‍ക്കുന്നു.. അറിയാതെ കൈ തട്ടി താഴെ വീണു പോയ ചോറുപാത്രം കഴുകി സഞ്ചിയില്‍ ഇട്ടു തന്നു, എന്നെ ഒപ്പം ഇരുത്തി (സ്വന്തം ഉച്ചഭക്ഷണം കുപ്പിയില്‍ കൊണ്ട് വന്ന വെള്ളത്തില്‍ മാത്രമായി ഒതുക്കി) തന്റെ പാത്രത്തിലെ ചോറ് സ്നേഹത്തോടെ ഊട്ടിയ ടീച്ചറമ്മയെയും..
അരണ്ട വെളിച്ചത്തില്‍ ഇന്ന് വീണ്ടും ഒരുച്ചയൂണിനിരുന്നപ്പോള്‍ അടുത്ത് അവരില്ലേ എന്നു ഒരു നിമിഷം വെറുതെ ആശിച്ചു..
അയല്‍വീട്ടിലെ സുന്ദരി..
കട : ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ മാമനോട്









Good one! :)
,,, ആ വേഡ് വരിഫിക്കേഷൻ ഔട്ടാക്ക്,,, കമന്റിടാൻ വരുന്നവർ റിവേഴ്സ് അടിക്കും